കറുത്ത വര്‍ഗക്കാരനായ 46 കാരന്‍ ജോര്‍ജ് ഫ്‌ളോയിഡ് പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളുന്നു. ഫ്‌ളോയിഡിന്റെ നീതിക്കായി നൂറുകണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. പലയിടത്തും വന്‍ ജനക്കൂട്ടം നിരത്തുകളില്‍ നിറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡഡക്കം പ്രയോഗിക്കുന്ന സ്ഥിതിയുണ്ടായി. കസ്റ്റഡിയിലെടുക്കുന്നതിനിടെയിലെ പൊലീസ് അതിക്രമത്തിലാണ് ഫ്‌ളോയിഡിന് ജീവഹാനിയുണ്ടായത്. അമേരിക്കയിലെ മിനസോട്ടയിലെ മിനിയ പോളിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ സംഭവം. ഒരു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഫ്‌ളോയിഡിന്‌റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ സേനയില്‍ നിന്ന് നീക്കിയിട്ടുണ്ട്.
പൊലീസ് കാറിന് സമീപം റോഡില്‍ കിടത്തിയ ശേഷമായിരുന്നു കറുത്തവര്‍ഗക്കാരനോടുള്ള ക്രൂരത. ശ്വാസം കിട്ടുന്നില്ലെന്ന് അയാള്‍ കേണിട്ടും കാലെടുക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരായുധനായ വ്യക്തിക്കുനേരെ വെളുത്തവര്‍ഗക്കാരന്റെ അമിതാധികാര പ്രയോഗമാണ് നടന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു. ആഫ്രിക്കന്‍ വംശജനാണ് ജോര്‍ജ് ഫ്‌ളോയിഡ്. ഒരു വഴിപോക്കനാണ് പൊലീസിന്റെ ക്രൂരത മൊബൈലില്‍ പകര്‍ത്തിയത്. ഡെറെക് ഷോവിന്‍, തോമസ് ലെയ്ന്‍, ടൗ താഓ,ജെ അലക്‌സാണ്ടര്‍ ക്യോങ് എന്നിവരായിരുന്നു ഓഫീസര്‍മാര്‍. തിങ്കളാഴ്ച രാത്രി 9.25 ഓടെ ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ സെന്ററിലായിരുന്നു ഫ്‌ളോയ്ഡിന്റെ മരണം. എല്ലാവരോടും വളരെ മാന്യമായി ഇടപെടുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹമെന്ന് പരിചയക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു റസ്റ്റോറന്റില്‍ ബൗണ്‍സറായി ജോലി ചെയ്ത് വരികയായിരുന്നു. പ്രസ്തുത ഓഫീസര്‍മാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.