Around us

സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു, രേഖകള്‍ ചേര്‍ത്തത് ഹാക്കറെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ഭീമ കൊറേഗാവ് കേസില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിക്കെതിരെ തെളിവുകള്‍ ലാപ്ടോപ്പില്‍ ഹാക്കിങ്ങിലൂടെ സ്ഥാപിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജയിലില്‍ വെച്ച് മരണപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്തിരുന്നെന്നും നിയമവിരുദ്ധ രേഖകള്‍ ഹാക്കിംഗ് വഴി അപ്ലോഡ് ചെയ്യപ്പെട്ടതാണെന്നും ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഈ രേഖകളാണ് പിന്നീട് കുറ്റപത്രത്തില്‍ എന്‍ഐഎ എഴുതിച്ചേര്‍ത്തത്. സ്വാമിയുടെ അഭിഭാഷകന്റെ നിര്‍േദശത്തെ തുടര്‍ന്നാണ് കംപ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പി പരിശോധിച്ച് പുതിയ കണ്ടെത്തലുകള്‍ 'ആഴ്സണല്‍ കണ്‍സള്‍ട്ടിംഗ്' പുറത്തുവിട്ടത്.

'ഏകദേശം അഞ്ച് വര്‍ഷത്തോളം സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ കാലയളവില്‍ ഹാക്കറിന് കമ്പ്യൂട്ടറില്‍ പൂര്‍ണ്ണ ആക്സസും നിയന്ത്രണവും നേടാന്‍ കഴിഞ്ഞു. സ്വാമിയുടെ അറിവില്ലാതെ ഡസന്‍ കണക്കിന് ഫയലുകള്‍ ഹിഡണ്‍ ഫോള്‍ഡറിലേക്ക് മാറ്റാനും ഹാക്കറിന് സാധിച്ചിട്ടുണ്ട്.' സ്ഥാപനം പുറത്തു വിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മാവോയിസ്റ്റുകളുടെ കത്തുകള്‍ ഉള്‍പ്പെടെയുള്ള 44 ഓളം രേഖകള്‍ കണ്ടെടുത്തെന്ന് കാണിച്ച് 2020 ഒക്ടോബര്‍ 8 നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് 2018 ജൂണ്‍ മുതല്‍ അറസ്റ്റ് ചെയ്യപ്പെട്ട 16-ാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. പുതിയ കണ്ടെത്തലിന്റെ പശ്ചാതലത്തില്‍ എന്‍ഐഎയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. വിഷയം രാജ്യ സഭയിലും ചര്‍ച്ചയായി. ഇതു സംബന്ധിച്ച് ബിനോയ് വിശ്വം അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കി. സ്റ്റാന്‍ സ്വാമിയെ കുടുക്കിയതാണെന്ന ആരോപണം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു.

2014 ഒക്ടോബര്‍ മുതല്‍ സ്വാമിയുടെ ലാപ്ടോപ്പ് ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി സ്ഥാപനം പറയുന്നു. 'നെറ്റ്‌വയര്‍' എന്ന് മാള്‍വെയര്‍ ഉപയോഗിച്ചാണ് ഹാക്ക് ചെയ്തത്. പാസ്വേഡ് മോഷ്ടിക്കല്‍, കീലോഗിംഗ് എന്നിവ ചെയ്യുന്ന മാള്‍വെയറാണിത്. കൂടാതെ റിമോട്ട് കണ്‍ട്രോളും സാദ്ധ്യമാകും. ലാപ്ടോപില്‍ നിന്ന് 24,000-ലധികം ഫയലുകളും ഫോള്‍ഡറുകളും ഹാക്കര്‍ സ്വന്തം സെര്‍വറിലേക്ക് പകര്‍ത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. 2019 ജൂണ്‍ 11-ന് സ്വാമിയുടെ കമ്പ്യൂട്ടര്‍ പോലീസ് പിടിച്ചെടുത്തതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹാക്കര്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മാള്‍വെയര്‍ നീക്കം ചെയ്തു. ഹാക്കിംഗ് സമയത്ത് ഉപയോഗിച്ചിരുന്ന ഫോള്‍ഡറിലേക്ക് ആവശ്യമില്ലാത്ത ധാരാളം ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്ത് പോലീസിന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട്.

ഭീമ കൊറേഗാവ് കേസിലെ മറ്റു പ്രതികളായ ആക്ടിവിസ്റ്റ് റോണ വില്‍സണെയും അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗിനെയും ഇതേ ഹാക്കര്‍ ലക്ഷ്യമിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ഹാക്കര്‍ മൂന്ന് കമ്പ്യൂട്ടറുകളിലും ഒരേ കമാന്‍ഡ്, കണ്‍ട്രോള്‍ സെര്‍വറുകള്‍, നെറ്റ്വയര്‍ കോണ്‍ഫിഗറേഷനുകള്‍, പാസ്വേഡ് എന്നിവ ആയിരുന്നു ഉപയോഗിച്ചുിരുന്നത്. റോണ വില്‍സണ്‍ ഹാക്കിംഗിന് ഇരയായിരുന്നതായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആഴ്‌സനല്‍ കണ്‍സള്‍ട്ടിംഗ് സ്ഥിരീകരിച്ചിരുന്നു. ആക്ടിവിസ്റ്റുകളായ വില്‍സണ്‍, വരവര റാവു, ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ഹാനി ബാബു എന്നിവരുടെ ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിന് പൂനെ പോലീസിന് ബന്ധമുണ്ടെന്ന് അമേരിക്കന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ സെന്റിനല്‍ വണിലെ ഗവേഷകരെ ഉദ്ധരിച്ച് ടെക് മാഗസിന്‍ 'വയര്‍ഡ്' 2022 ജൂണില്‍ അവകാശപ്പെട്ടിരുന്നു.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായിനടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ റാഞ്ചിയില്‍നിന്ന് എന്‍.ഐ.എ. അറസ്റ്റു ചെയ്തത്. 2020 ഒക്ടോബറില്‍ ആയിരുന്നു അറസ്റ്റ്. റാഞ്ചിയില്‍ ആദിവാസികള്‍ക്കിടയില്‍ സ്വാമി പ്രവര്‍ത്തിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുനല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ വ്യക്തിയായിരുന്നുവെന്നും പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ മരണശേഷം ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT