മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നീക്കം ശക്തമായി. ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിട്ടുണ്ട്. റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ നാല്പത്തിയെട്ട്മണിക്കാറിനുള്ളില്‍ സസ്‌പെന്‍ഡ് ചെയ്യാം. ഉത്തരവ് ഇന്ന് തന്നെ പുറത്തറിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം കസ്റ്റഡിയിലാണെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കണം. ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശ ചീഫ് സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറണം. ഇത് വൈകിപ്പിക്കുന്നതായാണ് ആരോപണം.
ഇന്നലെ കിംസ് ആശുപത്രിയില്‍ നിന്നും കോടതി നിര്‍ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ശ്രീറാമിനെ സര്‍ജിക്കല്‍ ഐസിയുവിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ജയില്‍ വാര്‍ഡിലേക്ക് മാറ്റാത്തത് വിമര്‍ശനത്തിന് ഇടയാക്കുമ്പോഴും മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലെ പ്രവേശിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. കാര്യമായ പരിക്കുകളില്ലെന്നാണ് സര്‍ക്കാറിന് ലഭിച്ച റിപ്പോര്‍ട്ട്. ശ്രീറാമിന്റെ ശാരീരിക സ്ഥിതി പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. കൈയ്യിലും നട്ടെല്ലിനും പരിക്കുണ്ടെന്നായിരുന്നു കിംസ് ആശുപത്രിയിലെ റിപ്പോര്‍ട്ട്. പൂജപ്പുര ജയിലിലെത്തിച്ച് നടത്തിയ പരിശോധനയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആന്തരികക്ഷതം ഉള്ളതിനാലാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റിയിലേക്ക് മാറ്റിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന അനൗദ്യോഗിക വിവരം.
കേസ് അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. മ്യൂസിയം എസ് ഐ ജയപ്രകാശ് ഉള്‍പ്പെടെയുള്ളവരുടെ വീഴ്ചയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എഫ്‌ഐആര്‍ ഇടാന്‍ വൈകിയതും രക്തസാമ്പിളുകള്‍ ശേഖരിക്കാതിരുന്നതും എസ്‌ഐയുടെ വീഴ്ചയായി പറയുന്നു.