ശംഖുമുഖം ബീച്ചില്‍ സദാചാര ആക്രമണം നേരിട്ടെന്ന പരാതിയുമായി യുവതി. ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലിരിക്കവെ കുറച്ച് പേര്‍ വന്ന് ചോദ്യം ചെയ്യുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്ന് ശ്രീലക്ഷ്മി അറക്കല്‍ എന്ന യുവതി പറഞ്ഞു. പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ മോശമായി ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്തുവെന്നും ശ്രീലക്ഷ്മി ദ ക്യൂവിനോട് പറഞ്ഞു.
പരാതിയുമായെത്തിയപ്പോള്‍ അസമയത്തെന്തിനാണ് ബീച്ചില്‍ പോയതെന്നായിരുന്നു പോലീസ് ആദ്യം ചോദിച്ചത്. പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണ്, കൂടെ വന്നവരുമായുള്ള ബന്ധമെന്താണ്, ഇങ്ങനെ നിരവധി ചോദ്യങ്ങളായിരുന്നു പോലീസിനുണ്ടായിരുന്നത്. പരാതിയുമായെത്തുന്ന ഒരു സ്ത്രീയോട് പോലീസ് ഇങ്ങനെയാണോ പെരുമാറുന്നതെന്നും ശ്രീലക്ഷ്മി ചോദിച്ചു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തനിക്കും സുഹൃത്തുക്കള്‍ക്കുമുണ്ടായ ദുരനുഭവം ശ്രീലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സംഭവം വാര്‍ത്തയായത് കൊണ്ട് ഇന്ന് മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ മാന്യമായാണ് പൊലീസ് സംസാരിച്ചതെന്നും ശ്രീലക്ഷ്മി പറഞ്ഞു. തിങ്കളാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വലിയതുറ പോലീസ് അറിയിച്ചതെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ശനിയാഴ്ച രാത്രിയായിരുന്നു ശ്രീലക്ഷ്മിക്ക് ദുരനുഭവമുണ്ടായത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബിച്ചിലിരിക്കവെ ചിലര്‍ വന്ന് ഇവരെ ചോദ്യം ചെയ്തു. പിന്നീട് അവരുടെ കൂടെയുള്ളവര്‍ സംഘം ചേര്‍ന്നുവന്ന് അക്രമിച്ചുവെന്നും ശ്രീലക്ഷ്മി പറയുന്നു. സംഭവം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച സുഹൃത്തിനെ അവര്‍ കഴുത്തിന് കുത്തിപ്പിടിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു.