ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയിലേക്കുള്ള വഴിയില്‍ കാഴ്ച്ചക്കാരുണ്ടാക്കുന്ന ബ്ലോക്ക് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നു. രക്ഷാപ്രവര്‍ത്തനം നടത്താനുള്ള വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥന നടത്തുകയാണ് പ്രദേശവാസികള്‍. കാഴ്ച്ച കാണാനുള്ള സമയല്ല ഇതെന്നും സഹകരിക്കണമെന്നും പ്രദേശവാസികള്‍ അപേക്ഷിക്കുന്നു.
വീഡിയോയില്‍ പറയുന്നത്
ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലേക്കുള്ള വഴിയില്‍ ഞെട്ടിക്കുളം എത്തുന്നതിന് മുമ്പുള്ള മെയിന്‍ റോഡിലെ അവസ്ഥയാണിത്. അവിടെ തെരച്ചിലിന് വേണ്ടി പോകുന്ന ജെസിബിയും ഹിറ്റാച്ചിയുമാണ് ഈ ബ്ലോക്കില്‍ പെട്ടുകിടക്കുന്നത്. ഇത്രയും വലിയ പ്രശ്‌നം നടക്കുമ്പോള്‍ സഹായത്തിന് എത്താന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വെള്ളം കാണാനും ഇവിടുത്തെ അവസ്ഥ കാണാനും നിങ്ങള്‍ ഇപ്പോഴല്ല വരേണ്ടത്. ദൈവത്തെയോര്‍ത്ത് അതിനുള്ള മനസ് കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇതുവരെ 19 പേരുടെ മൃതദേഹമാണ് കണ്ടെത്താനായത്. കാണാതായ 63 പേരില്‍ നാലുപേര്‍ തിരിച്ചെത്തിയതോടെ 59 പേര്‍ അപകടത്തില്‍ പെട്ടു എന്നാണ് കണക്ക്. 44 വീടുകളാണ് ഒറ്റ രാത്രികൊണ്ട് മണ്ണിനടിയിലായത്. 50 അടിയോളം ഉയരത്തില്‍ മണ്ണ് അടിഞ്ഞതിനാല്‍ അതീവ ദുഷ്‌കരമാണ് രക്ഷാപ്രവര്‍ത്തനം. ഹിറ്റാച്ചിയും ജെസിബിയും ഉപയോഗിച്ച് മണ്ണ് മാറ്റിയും കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊളിച്ചെടുത്തുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.