നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് ആരോഗ്യമന്ത്രിയോട് സ്പീക്കര്‍ എം.ബി രാജേഷ്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, പി.പി.ഇ കിറ്റ് അഴിമതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി ഒരേ ഉത്തരം നല്‍കിയിരുന്നു.
ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ നിര്‍ദേശം നിയമസഭ സെക്രട്ടേറിയറ്റ് ആണ് മന്ത്രിയെ അറിയിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ എ.പി അനില്‍കുമാറിന്റെ പരാതിയിലാണ് സ്പീക്കറുടെ ഇടപെടല്‍.
അതേസമയം പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ചോദ്യോത്തര വേളയ്ക്കിടെ മുഖ്യമന്ത്രിയും ഇടപെട്ട് സംസാരിച്ചു.
പേവിഷബാധയെക്കുറിച്ചുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനൊപ്പം ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതി വാക്‌സിനെക്കുറിച്ച് ഒരു പരിശോധന നടത്തുന്നത് നല്ലതായിരിക്കും. അത്തരമൊരു നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.