കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിലെ 23 വിമത നേതാക്കളെ ഉന്നംവെച്ച് പ്രസിഡന്റ് സോണിയാ ഗാന്ധി. ഐക്യവും, ആത്മനിയന്ത്രണവും അച്ചടക്കവുമാണ് പുനസംഘടനയ്ക്ക് ആദ്യം ആവശ്യമെന്നാണ് സോണിയാ ഗാന്ധി പറഞ്ഞത്.
'കോണ്‍ഗ്രസിന്റെ പുനസംഘടന ആവശ്യമാണെന്നാണ് ഉയരുന്ന വിമര്‍ശനം. പക്ഷെ അതിന് ആദ്യം ആവശ്യം ഐക്യവും കോണ്‍ഗ്രസിന്റെ താത്പര്യങ്ങളെ ഉന്നതിയില്‍ എത്തിക്കാനുള്ള പരിശ്രമവുമാണ്. എല്ലാത്തിനും ഉയരെ ആത്മ നിയന്ത്രണവും അച്ചടക്കവും വേണം,' സോണിയാ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസില്‍ പുനസംഘടന ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമായും ഗ്രൂപ്പ് 23 നേതാക്കളായിരുന്നു പുനസംഘടന ആവശ്യപ്പെട്ട് സോണിയ ഗാന്ധിയ്ക്ക് കത്തയച്ചവരില്‍ പ്രധാനികള്‍.
മുഴുവന്‍ സമയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി തിയ്യതി തീരുമാനിക്കുന്നതും, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു യോഗം.
കബില്‍ സിബല്‍, ഗുലാംനബി ആസാദ് തുടങ്ങി കഴിഞ്ഞ ദിവസം ഗ്രൂപ്പ് 23 നേതാക്കളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രൂപ്പ് 23 നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി സോണിയ ഗാന്ധി ഗ്രൂപ്പ് യോഗത്തില്‍ രംഗത്തെത്തിയത്.