വയനാട് സുല്‍ത്താന്‍ബത്തേരി സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഒന്നാം പ്രതി ഷജില്‍, മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനന്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.ഡോക്ടര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്.
ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേസന്വേഷണവുമായി സഹകരിക്കണം. അധ്യാപകരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്യാം.
സസ്‌പെന്‍ഷനിലായ ഇരുവരും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയില്ല. സര്‍വീസില്‍ തിരിച്ചു കയറിയാല്‍ സ്ഥലം മാറ്റം നല്‍കണം. അറസ്റ്റ് ചെയ്താല്‍ അന്ന് തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി.
വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും കോടതി വിശദീകരണവും തേടിയിരുന്നു. വിദ്യാര്‍ത്ഥിനി മരിച്ചത് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥമൂലമാണെന്ന് ജില്ലാ ജഡ്ജി എ ഹാരിസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.