കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികള്‍ സര്‍ക്കാരിന് വിട്ടു നല്‍കാമെന്ന മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. അവശരെയും ആലംബഹീനരെയും സേവിക്കാനായി വ്രതവാഗ്ദാനം നല്‍കിയ താന്‍ ഉള്‍പ്പെടെയുള്ള സന്ന്യസ്തര്‍ കൊറോണയെ നേരിടാന്‍ സര്‍ക്കാറിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും ലൂസി കളപ്പുര. ക്രൈസ്തവ സഭയില്‍ കാലാകാലങ്ങളായി അല്‍മായരുടെ നേര്‍ച്ചപണമുപയോഗിച്ച് കുന്നുകൂട്ടിയ കോടാനുകോടികള്‍ വരുന്ന സമ്പത്തില്‍ ഒരു വിഹിതം ഈ മഹാമാരിയെ നേരിടാനുള്ള ഒരു കൈ സഹായമായി സര്‍ക്കാരിന് കൈമാറണമെന്ന് കൂടി ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവിനോട് അപേക്ഷിക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കുറിപ്പ്. അങ്ങനെ യഥാര്‍ത്ഥ ദിവ്യബലി എന്തെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാന്‍ സന്ന്യസ്തര്‍ക്ക് കഴിയട്ടെയെന്നും സിസ്റ്റര്‍.
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കുറിപ്പ്
അടുത്ത ഇരുപത്തൊന്ന് നാളുകള്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഒരുപക്ഷേ നമ്മളൊന്നും ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഇത്തരമൊരു നടപടിയിലേക്ക് നമ്മുടെ സ്വന്തം രാജ്യവും നീങ്ങേണ്ട അവസ്ഥ വന്നിരിക്കുന്നു. വരുന്ന മൂന്നാഴ്ച്ചകള്‍ നമ്മുടെ സകല സ്വാതന്ത്ര്യങ്ങളും ഉപേക്ഷിച്ച് വീടുകള്‍ക്കുള്ളില്‍ അടച്ചിരിക്കുക എന്ന് പറഞ്ഞാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ ചെയ്തേ പറ്റൂ, നമുക്ക് വേണ്ടിയും നമ്മുടെ സഹജീവികള്‍ക്ക് വേണ്ടിയും!
അതിജീവനത്തിനായുള്ള പോരാട്ടമാണിതെന്നറിയാം, പക്ഷേ ഇതൊരു അവസരം കൂടിയല്ലേ?. നമുക്കിടയില്‍ നമ്മള്‍ തന്നെ സൃഷ്ടിച്ച എല്ലാ വേര്‍തിരിവുകളും യഥാര്‍ത്ഥത്തില്‍ എത്ര വലിയ മണ്ടത്തരങ്ങളാണെന്ന് സ്വയം തിരിച്ചറിയാനുള്ള അവസരം. ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍, രാഷ്രീയത്തിന്റെ പേരില്‍, ഭാഷയുടെ പേരില്‍, ദേശത്തിന്റെ പേരില്‍ എന്നുവേണ്ട നിറത്തിന്റെ പേരില്‍ പോലും 'അന്യനെ' സൃഷ്ടിച്ചു കൂട്ടുകയായിരുന്നില്ലേ നാമിതുവരെ ചെയ്തിരുന്നത്? പക്ഷേ ഇപ്പോള്‍ നിസ്സാരനായ ഒരു സൂക്ഷ്മജീവിയില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ ഒരുമിച്ച് നിന്ന് ഒരേ മനസോടെ പൊരുതാതെ നിവൃത്തിയില്ല എന്ന അവസ്ഥ വന്നിരിക്കുന്നു. തനിക്ക് അതിജീവിക്കണമെങ്കില്‍ തന്റെ സഹജീവിയും അതിജീവിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് നല്‍കുന്നത് വിലമതിക്കാനാവാത്ത ഒരു പാഠമാണ് - യഥാര്‍ത്ഥത്തില്‍ നമ്മളെല്ലാം ഒന്നാണ് എന്ന പാഠം!
കരുണയുടെയും ത്യാഗത്തിന്റെയും എത്രയെത്ര കഥകളാണ് ഓരോ ദിനവും കേട്ടുകൊണ്ടിരിക്കുന്നത്. സ്വയം രോഗത്തിന് കീഴടങ്ങുമ്പോഴും തനിക്ക് മുന്നിലെത്തുന്ന നിസ്സഹായരായ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ മനസ് കാണിക്കുന്ന ഡോക്ടര്‍മാര്‍, മുലയൂട്ടുന്ന പിഞ്ചു കുഞ്ഞിനെപ്പോലും പിരിഞ്ഞ് ആഴ്ച്ചകളോളം ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികളെ പരിചരിക്കുന്ന നേഴ്സുമാര്‍, ഉറക്കവും വിശ്രമവുമുപേക്ഷിച്ച് ഈ മഹാമാരിയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന അസംഖ്യം ഉദ്യോഗസ്ഥര്‍, സ്വന്തം സുരക്ഷ മറന്നും നമുക്കായി സേവനം ചെയ്യുന്ന പോലീസുകാര്‍, കക്ഷി രാഷ്ട്രീയമൊക്കെ ഉപേക്ഷിച്ച് ഒരേ മനസോടെ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍, പേര് പോലുമറിയാത്ത എത്രയധികം ആളുകള്‍... നമ്മളെല്ലാം യഥാര്‍ത്ഥത്തില്‍ അവരോട് കടപ്പെട്ടിരിക്കുകയാണിപ്പോള്‍. അവരോടുള്ള നന്ദി പ്രകാശിപ്പിക്കാനുള്ള ഏറ്റവും മികച്ച കാര്യം അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഏറ്റവും നന്നായി അനുസരിക്കുക എന്നതാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു നെല്ലിടയെങ്കിലും എളുപ്പമാക്കിക്കൊടുക്കുക. അങ്ങനെ അവരോടൊപ്പം ചേരുക.
ജനങ്ങളുടെ രക്ഷയെക്കരുതി സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പള്ളിയില്‍ കുര്‍ബാന നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ വൈദികനും, നിപ്പാ വൈറസിനെ തുരത്തിയത് താനാണെന്ന് അവകാശപ്പെടുന്ന ധ്യാനഗുരുവും, ഇത് പര്‍ദ്ദ നിരോധിച്ചതിനെ ശിക്ഷയാണെന്ന് അവകാശപ്പെടുന്ന മത പണ്ഡിതരും, ''ഗോ കൊറോണാ ഗോ'' എന്ന് കൂട്ട പ്രാര്‍ത്ഥന ചൊല്ലി വൈറസിനെ ഓടിക്കാം എന്ന് പറയുന്ന നേതാവുമൊക്കെ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ഒരേ കാര്യമാണ് - ദേശദ്രോഹം! അതിനു കൂട്ട് നില്‍ക്കാതിരിക്കലാണ് ഈ രാജ്യത്തെ ഉത്തരവാദിത്വബോധമുള്ള ഓരോ പൗരന്റെയും കടമ.
ദൈവമെന്നത് ഏതെങ്കിലും ആരാധനാലയത്തിനുള്ളില്‍ കഴിയുന്ന ഒരാളല്ല എന്ന് ഇനിയെങ്കിലും നമുക്ക് മനസിലാക്കാം. മന്ത്രം ചൊല്ലിയും ദേവാലയങ്ങളില്‍ ആരാധന നടത്തിയും ദൈവത്തെ പ്രീതിപ്പെടുത്താനുമാവില്ല. നമ്മുടെയൊക്കെ ഉള്ളില്‍ തന്നെയാണ് യഥാര്‍ത്ഥ ദൈവമുള്ളത്. കടകളൊന്നും തുറക്കാതിരിക്കുകയും വീട്ടുകാരൊന്നും വാതിലുകള്‍ തുറക്കാതിരിക്കുകയും ചെയ്തപ്പോള്‍ പട്ടിണിയായിപ്പോയ തെരുവിന്റെ മക്കളെക്കുറിച്ചോര്‍ക്കുകയും അവര്‍ക്ക് ഭക്ഷണമെത്തിക്കുകയും ചെയ്ത ഒരു യുവാവിന്റെ വാര്‍ത്ത കേട്ടു. ആ നല്ല മനസിനെയല്ലേ ദൈവമെന്ന് വിളിക്കേണ്ടത്? ഉറ്റവരെയെല്ലാം ഉപേക്ഷിച്ച് ഭക്ഷണവും വിശ്രമവും പോലുമില്ലാതെ രോഗികളെ പരിചരിക്കുന്ന ഒരു നഴ്സ് ചെയ്യുന്നതല്ലേ യഥാര്‍ത്ഥ ആരാധന?
ആരാധനാലയങ്ങളില്‍ പോയി ദിവ്യബലിയര്‍പ്പിക്കാന്‍ കഴിയാത്തതില്‍ വിഷമിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഒന്ന് ചുറ്റിലും നോക്കൂ. ഈ ദിനങ്ങളില്‍ നമ്മളെക്കാള്‍ ദുരിതമനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവര്‍, ജോലി നഷ്ടപ്പെട്ട് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍, ലോക്ക് ഡൗണിനു മുന്‍പ് ആഹാര സാധനങ്ങള്‍ വാങ്ങി വയ്ക്കാന്‍ കഴിയാതിരുന്ന നിസ്സഹായര്‍, ഭിന്നശേഷിക്കാര്‍, ഒറ്റക്ക് കഴിയേണ്ടി വരുന്ന വയോജനങ്ങള്‍ അങ്ങനെയെത്രപേര്‍... അവര്‍ക്കായി കരുണയുടെ ഒരു ചെറിയ കരം നീട്ടാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അതാണ് ഏറ്റവും വലിയ ആരാധന. അതിനും സാധിക്കാത്തവര്‍, തങ്ങളുടെ സ്വാതന്ത്ര്യവും ആഗ്രഹങ്ങളുമൊക്കെ ത്യജിച്ച് താന്‍ മൂലം മറ്റൊരാള്‍ക്ക് കൂടി ഈ രോഗം ഉണ്ടാവാനിടവരരുത് എന്ന് കരുതി വീട്ടിനുള്ളില്‍ കഴിയുന്ന ഓരോരുത്തരും ചെയ്യുന്നതാണ് യഥാര്‍ത്ഥ ബലി എന്ന് സ്വയം തിരിച്ചറിയുക. ഓരോ ഭവനവും ഓരോ ദേവാലയങ്ങളായി മാറട്ടെ.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികള്‍ സര്‍ക്കാരിന് വിട്ടു നല്‍കാമെന്ന കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പ്രഖ്യാപനം അതീവ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വാഗതം ചെയ്യുന്നു. മറ്റുള്ളവരും ഈ മാതൃക പിന്തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇനിയുമൊരുപാട് ചെയ്യാനാകും നമുക്ക്. അവശരെയും ആലംബഹീനരെയും സേവിക്കാനായി വ്രതവാഗ്ദാനം നല്‍കിയ ഞാനുള്‍പ്പെടെയുള്ള സന്ന്യസ്തര്‍ ഈ മഹാമാരിയോട് പൊരുതാന്‍ സര്‍ക്കാറിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ആശുപത്രികള്‍ക്കുള്ളിലോ പുറത്തോ ആവശ്യമുള്ള ഏതു രംഗത്തും ഏതുസമയത്തും എന്നാല്‍ കഴിയുന്ന ഏത് രീതിയിലും സേവനം ചെയ്യാന്‍ തയ്യാറാണെന്ന് ഞാന്‍ അറിയിക്കുകയാണ്. ഇതേ മനസുള്ള ആയിരക്കണക്കിന് സന്ന്യസ്തര്‍ എന്നോടൊപ്പം മുന്നോട്ട് വരുമെന്ന് എനിക്കുറപ്പാണ്. ഈ രംഗത്തെ വിദഗ്ദ്ധരില്‍ നിന്നും ഒരു ഹ്രസ്വ പരിശീലനം കൂടി ലഭിക്കാന്‍ സാധിച്ചാല്‍ വളരെ മികച്ച ഒരു ടാസ്‌ക് ഫോഴ്സ് ആയി മാറുവാന്‍ ഞങ്ങള്‍ സന്ന്യസ്തര്‍ക്ക് കഴിഞ്ഞേക്കും. ക്രൈസ്തവ സഭയില്‍ കാലാകാലങ്ങളായി അല്‍മായരുടെ നേര്‍ച്ചപണമുപയോഗിച്ച് കുന്നുകൂട്ടിയ കോടാനുകോടികള്‍ വരുന്ന സമ്പത്തില്‍ ഒരു വിഹിതം ഈ മഹാമാരിയെ നേരിടാനുള്ള ഒരു കൈ സഹായമായി സര്‍ക്കാരിന് കൈമാറണമെന്ന് കൂടി ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവിനോട് ഈയവസരത്തില്‍ അപേക്ഷിക്കുകയാണ്. അങ്ങനെ യഥാര്‍ത്ഥ ദിവ്യബലി എന്തെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാന്‍ നമ്മള്‍ സന്ന്യസ്തര്‍ക്ക് കഴിയട്ടെ.