വിഭിന്നശേഷിക്കാരായ കുട്ടികളോട് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന അവഗണന ചൂണ്ടിക്കാട്ടി രംഗത്തെത്തിയ അമ്മയ്ക്ക് ആശ്വാസമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെയും ടൂറിസം സെക്രട്ടറി വേണു വാസുദേവന്റെയും ഇടപെടല്‍. മകന് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ അഡ്മിഷന്‍ നല്‍കുമെന്ന് വേണു അറിയിച്ചു. സിബി പൗലോസ് ജോളിയെന്ന യുവതിയാണ് ഭിന്നശേഷിക്കാരനായ മകന്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.
മകന് നേരിട്ട ദുരനുഭവം അന്വേഷിക്കാന്‍ അഡീഷണല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടുവെന്നും വേണു വാസുദേവന്‍ പറഞ്ഞു. എഫ്.സി.ഐയുടെ ചാര്‍ജ് ഉള്ള അഡീഷണല്‍ സെക്രട്ടറി ഈ കാര്യത്തില്‍ ഇടപെട്ടുവെന്നും വേണു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
സിബിയുടെ മകന്‍ അപ്പുവിന് തൊടുപുഴ എഫ്.സി.ഐയില്‍ ഫുഡ് പ്രോഡക്ഷന്‍ പഠിക്കാന്‍ അഡ്മിഷന്‍ നല്‍കുമെന്നും അപ്പുവിനോട് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയതില്‍ ഖേദിക്കുന്നതായും വേണു കൂട്ടിച്ചേര്‍ത്തു.
വിഭിന്നശേഷിക്കാരനായ തന്റെ മകന്റെ വലിയ ആഗ്രഹമായിരുന്നു ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കുക എന്നതെന്നും, എന്നാല്‍ തൊടുപുഴയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരില്‍ നിന്നും നേരിടേണ്ടി വന്നത് മോശം അനുഭവമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി സിബി രംഗത്തെത്തിയിരുന്നു.
'വീടിനടുത്തായതുകൊണ്ടാണ് തൊടുപുഴ സെന്റര്‍ തെരഞ്ഞെടുത്തത്. അവിടുന്ന് വിളിച്ച അധ്യാപകരോട് മകന് അക്ഷരങ്ങള്‍ കൂട്ടിവായിക്കാനുള്ള പ്രയാസം അറിയിച്ചപ്പോള്‍ പരിഹാസമായിരുന്നു മറുപടി. നേരിട്ട് ചെന്നപ്പോള്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ വിഭാഗത്തിനുള്ള കോഴ്സ് വരും അപ്പോള്‍ ചേരാം എന്ന മറുപടിയാണ് ലഭിച്ചത്.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ട് വരുവാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റിനോടും, വിദ്യാഭ്യാസ വകുപ്പിനോടും ബന്ധപ്പെട്ട വകുപ്പിനോടും ഒരപേക്ഷ മാത്രമേയുള്ളൂ. ഒരു വിദ്യാര്‍ത്ഥി എന്തെങ്കിലും പരിമിതികള്‍ക്കുള്ളിലാണെങ്കില്‍ അവന്‍/ അവളെ അതില്‍ നിന്ന് പുറത്ത് കൊണ്ട് വരാനുള്ള പിന്തുണയാണ് നല്‍കേണ്ടത്.
ഗവണ്‍മെന്റ് നയങ്ങളില്‍ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. എത്രയെത്ര കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഒരു ജീവിതം കണ്ട് പിടിക്കുവാന്‍ സാധിക്കും ഇത്തരം പിന്തുണകള്‍ കൊണ്ട്. സത്യത്തില്‍ ഇന്ന് എന്റെ അപ്പുവിന് നേരെയുണ്ടായത് വിദ്യാഭ്യാസം നിഷേധിക്കലാണ്. അവന് പഠിക്കുവാനുള്ള അവകാശം ഉപയോഗിക്കുവാനുള്ള സാഹചര്യം ഒരുക്കി നല്‍കുവാന്‍ ഗവണ്‍മെന്റ് തയ്യാറാവണം', എന്നും സിബി പൗലോസ് ആവശ്യപ്പെട്ടു.
സിബി പൗലോസ് ജോളിയുടെ പ്രതികരണം
അപ്പുവിൻ്റെ പഠനവുമായി ബന്ധപ്പെട്ട കുറിപ്പിന് കിട്ടിയ പിന്തുണ വളരെയധികം വലുതായിരുന്നു. പറയുന്നതിനുമപ്പുറം ആണത്. പക്ഷെ ഇന്നലെ എനിക്ക് ലഭിച്ച ഫോൺ കോൾ അപ്രതീക്ഷിതമായിരുന്നു. ബഹു. പൊതുമരാമത്ത്, ടൂറിസം മന്ത്രി. ശ്രീ. P .A.Muhammed Riyas സാറിൻ്റെ ഓഫീസിൽ നിന്നും ശ്രീ.രതീഷ് എന്ന സ്റ്റാഫംഗം വിളിക്കുന്നു. എല്ലാ കാര്യങ്ങളും സംസാരിക്കുന്നു, തുടർന്ന് അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറി ശ്രീ.ശബരീഷ് വിളിക്കുന്നു. ജോളിയുടെ നമ്പരിൽ മന്ത്രി പല വട്ടം വിളിച്ചിരുന്നു. കിട്ടുന്നില്ല എന്ന് പറഞ്ഞു. എന്നോട് സംസാരിച്ചതിനെ തുടർന്ന് അപ്പുക്കുട്ടന് ഫോൺ കൊടുക്കുവാൻ ആവശ്യപ്പെട്ട് ,അപ്പുവിനോടും സ്നേഹത്തോടെ സംസാരിച്ചു. ഞങ്ങളുടെ സ്നേഹം മന്ത്രിയോട് പ്രത്യേകം പറയണമെന്ന് ഞങ്ങളും അറിയിച്ചു. ആ കോൾ അവസാനിച്ചപ്പോൾ തന്നെ അടുത്ത നമ്പരിൽ നിന്നും കോൾ എത്തി. പരിചയമില്ലാത്ത നമ്പർ ആയതിനാൽ ആരാണെന്ന് ചോദ്യത്തിനായി ഞാൻ തുടങ്ങുന്നതിനു മുൻപേ അദ്ദേഹം പറഞ്ഞു, മുഹമ്മദ് റിയാസാണ്, മന്ത്രിയാണ് , വളരെ സ്നേഹത്തോടെയും, സന്തോഷത്തോടെയും അദ്ദേഹം സംസാരിച്ചു. Venu Vasudevan സർ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി, പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും, അപ്പുവിന് അഡ്മിഷൻ കിട്ടിയെന്നും അറിഞ്ഞുവെങ്കിലും നേരിട്ട് വിളിച്ച് സംസാരിച്ചതാണെന്ന് പറഞ്ഞു. അപ്പുവിന് ഫോൺ കൊടുത്ത് അവനോടും പ്രത്യേക സ്നേഹം പങ്ക് വച്ചു. ഇനിയും തുടർന്ന് എന്ത് ആവശ്യങ്ങൾക്കും വിളിക്കാം എന്ന വലിയൊരു ഉറപ്പും നല്കിയാണ് അദ്ദേഹം ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.
നോക്കൂ.. ....എങ്ങനെ ഹൃദയപക്ഷമാകാതെയിരിക്കും, ഇങ്ങനെ മനുഷ്യ പക്ഷത്ത് നിന്ന് ചിന്തിക്കുന്നവർ തീർച്ചയായും ഹൃദയപക്ഷത്ത് തന്നെയാകും എന്നത് സത്യമാണ്. ഈ ഫോൺ കോളുകൾ, ആശ്വാസവാക്കുകൾ ഇത്തരം കരുതലുകൾ, ചേർത്തണക്കലുകൾ , സ്നേഹം, സാന്ത്വനം, ഇവയെല്ലാം ആയിരങ്ങളുടെ ഹൃദയത്തിലെ പ്രതീക്ഷകളാണ്.
പ്രിയപ്പെട്ട മന്ത്രീ.. ഒരു പാട് മന്ത്രിമാരോടും, ജനപ്രതിനിധികളോടും, എല്ലാം നേരിട്ടും, ഫോണിലുമൊക്കെ സംസാരിച്ചിട്ടുണ്ടെങ്കിലും അങ്ങയുടെ ഫോണിൽ നിന്നും ഇന്നലെ വന്ന ആ ഫോൺ കോൾ ഞങ്ങൾക്ക് തരുന്ന സന്തോഷം വാക്കുകൾക്കും, വരികൾക്കും അപ്പുറമാണ്. ആ ഫോൺ കോൾ പകർന്ന് തരുന്ന ആത്മവിശ്വാസം അത്രമേൽ വലുതാണ്. ഒരു പ്രശ്നം ഉണ്ടായാൽ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നില്ക്കുവാൻ, അവർക്ക് കരുത്ത് പകർന്ന് നല്കുവാൻ അങ്ങ് ഒപ്പമുണ്ടാകും എന്ന ആത്മവിശ്വാസം എല്ലാക്കാലത്തും ഞാനടക്കമുള്ളവർക്ക് ഉണ്ടാകും.
കേരളത്തിലെ മുഴുവൻ വിഭിന്ന ശേഷി സമൂഹത്തിനും അങ്ങയുടെ ഇടപെടൽ കരുത്തായി മാറും. സ്ക്രൈബ് സംവിധാനം കൂടുതൽ കുട്ടികൾക്ക് ഒരുപാട് അവസരങ്ങൾ ലഭ്യമാകുന്ന തരത്തിലേക്ക് മാറണമെന്ന തീവ്രമായ ആഗ്രഹത്തോടെ, ഇതിൻമേൽ കൂടുതൽ ത്വരിത ഇടപെടലുകൾ അങ്ങയിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.
ഒരുപാട് സ്നേഹം, സന്തോഷം അതിലേറെ നന്ദി..
അപ്പുവും, അമ്മയും