മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളുണ്ടെന്ന് എത്രയും പെട്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി. ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, കെഎം ജോസഫ്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ, എന്‍ഐഎ തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവിയും റെക്കോര്‍ഡിംഗ് സംവിധാനവും ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
പരംവീര്‍ സിങ് സെയ്‌നിയുടെ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി നടപടി. അതേസമയം സ്വകാര്യത സംരക്ഷിച്ചുകൊണ്ടായിരിക്കണം ഇത് നടപ്പാക്കുന്നതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കസ്റ്റഡി പീഡന കേന്ദ്രങ്ങളായി സ്റ്റേഷനുകള്‍ മാറുന്നത് തടയാനാണ് പരമോന്നത കോടതിയുടെ ഇടപെടല്‍. വിശദമായ മാര്‍ഗരേഖ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.പൊലീസ് സ്റ്റേഷന്റെ മെയിന്‍ ഗേറ്റ്, കോമ്പൗണ്ടിന്റെ മുന്‍ഭാഗം, വരാന്ത, റിസപ്ഷന്‍, ലോക്കപ്പുകള്‍, കോറിഡോറുകള്‍, ലോബി, സിഐയുടെ മുറി, എസ്‌ഐയുടെ മുറി, മറ്റ് പൊലീസുകാര്‍ ഇരിക്കുന്ന സ്ഥലങ്ങള്‍, ലോക്കപ്പിന് പുറത്തെ ഭാഗം, സ്റ്റേഷന്‍ ഹോള്‍, വളപ്പ്, ശുചിമുറികളുടെ പുറത്തെ ഭാഗം, കെട്ടിടത്തിന്റെ പിന്‍ഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമറകളുണ്ടാകണമെന്ന് മാര്‍ഗരേഖയില്‍ വിശദീകരിക്കുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രാത്രിയിലും ചിത്രീകരിക്കാവുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. ദൃശ്യവും ശബ്ദവും മികവോടെ ലഭിക്കുന്നതാകണം സ്ഥാപിക്കുന്നത്. ചിത്രീകരണം തടസപ്പെടാതിരക്കാന്‍ വൈദ്യുതി മുടക്കം മറികടക്കാനുള്ള സംവിധാനങ്ങളുമൊരുക്കണം. റെക്കോര്‍ഡ് ചെയ്യുന്നവ 18 മാസക്കാലം സംരക്ഷിക്കപ്പെടണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് സിസിടിവിയുടെ മേല്‍നോട്ടച്ചുമതല. പൊലീസിനെതിരായ പരാതികളില്‍ മനുഷ്യാവകാശ കമ്മീഷന് ദൃശ്യങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. കസ്റ്റഡി പീഡനം തടയുന്നതിന് രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ വെയ്ക്കണമെന്ന് 2018 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭൂരിഭാഗം സ്ഥലത്തും കാര്യമായി ഇത് നടപ്പായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് കര്‍ശനമാക്കിയിരിക്കുന്നത്.
Should Ensure CCTV Cameras in Each And Every Police Stations, SC to States And Union Territories.