ബിജെപിയിൽ വീണ്ടും പോര്. കഴക്കൂട്ടത്തെ തോൽവിയിൽ ബിജെപിയ്ക്കും പങ്കെന്ന് ശോഭ സുരേന്ദ്രൻ പക്ഷം. ശോഭ സുരേന്ദ്രന്റെ പ്രചാരണ നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കേന്ദ്ര മന്ത്രി വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടു പരിസരത്താണ് പ്രചാരണ നോട്ടീസ് കണ്ടെടുത്തത്. കെട്ടുകണക്കിനുള്ള പൊട്ടിച്ചിട്ടില്ലാത്ത നോട്ടീസുകളാണ് കണ്ടത്. വി മുരളീധരനോട് അടുപ്പുള്ളവർ പ്രചാരണത്തിനായി കാര്യമായി പ്രവർത്തിച്ചില്ലെന്ന് ശോഭ സുരേന്ദ്രൻ പക്ഷം ആക്ഷേപ മുന്നയിക്കുന്ന സാഹചര്യത്തിലാണ് പൊട്ടിച്ചിട്ടില്ലാത്ത ശോഭ സുരേന്ദ്രന്റെ പ്രചാരണ നോട്ടീസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച വി മുരളീധരന് 42,732 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ ശോഭ സുരേന്ദ്രന് 40,193 വോട്ടുകളാണ് ലഭിച്ചത്. 2539 പാർട്ടി വോട്ടുകൾ തന്നെ കിട്ടാതെ പോയെന്ന് ശോഭ സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു. മൂവായിരത്തിൽ അധികം വോട്ടുകൾ പുതിയതായി ഉണ്ടായിട്ടും അതൊന്നും കിട്ടിയില്ല. പ്രചാരണത്തിൽ മുന്നോട്ടു പോയിട്ടും ബിജെപിയുടെ ഔദ്യോഗിക പക്ഷം വേണ്ടത്ര സഹകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഈ വിഷയത്തെ കുറിച്ച് ഒരു പരസ്യ പ്രതികരണത്തിന് ശോഭ സുരേന്ദ്രൻ ഇതുവരെ തയ്യാറായിട്ടില്ല.