അതിരപ്പിള്ളി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്. രണ്ടു പ്രളയങ്ങള്‍ തന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തേയും ഭൂപ്രകൃതിയേയും ജലസ്രോതസ്സുകളേയും ബാധിക്കുന്ന ഒരു പദ്ധതിയും വേണ്ടെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പരിഷത്ത് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ച പദ്ധതി നടപ്പാക്കാനുള്ള നീക്കം ജനവിരുദ്ധമാണ്. ജൈവവൈവിധ്യ സംരക്ഷണത്തിനായി ലോകമെങ്ങും നിലകൊള്ളുമ്പോള്‍ അതിനെതിരായ ഈ അശാസ്ത്രീയ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി ബദല്‍ സാധ്യതകള്‍ ആലോചിക്കുകയാണ് വേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് വനസംരക്ഷണം അനിവാര്യമാണെന്നിരിക്കേ ജൈവവൈവിധ്യ സമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകള്‍ അടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാക്കുന്നതാണ് പദ്ധതി. പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ അനേകം ജന്തു-സസ്യ-മത്സ്യ വൈവിധ്യ സമ്പത്ത് എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ഇടയാക്കും.
പരിസ്ഥിതി ആഘാതങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയുള്ള ബദല്‍ സാദ്ധ്യതകള്‍ അന്വേഷിക്കുകയാണ് വേണ്ടത്. ചെലവു കുറഞ്ഞതും കാലതാമസമില്ലാത്തതുമായ വൈദ്യുത പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും പരിഷത്ത് നിര്‍ദേശിക്കുന്നു.
ഈ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും നിലവിലുള്ള പദ്ധതി നിര്‍ദ്ദേശത്തില്‍ നിന്ന് പിന്മാറി ബദല്‍ സാധ്യതകള്‍ ആലോചിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.