ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായ ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെന്ന താരത്തെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ സി.പി.എമ്മിന്റെ പരിഗണനയിലുള്ളത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ ദേവ്. രണ്ട് ടേം പൂര്‍ത്തിയാക്കിയ പുരുഷന്‍ കടലുണ്ടി ഇത്തവണ മത്സരിച്ചേക്കില്ല. സംവരണ മണ്ഡലമായ ബാലുശേരിയില്‍ വിദ്യാര്‍ത്ഥി നേതാവിനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ബാലുശ്ശേരിയും നാദാപുരവും വച്ചുമാറാമെന്ന നിര്‍ദേശം സി.പി.എം മുന്നോട്ട് വെച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനെ നാദാപുരത്ത് മത്സരിപ്പിക്കാനായിരുന്നു നീക്കം. ബാലുശേരിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു സച്ചിന്‍ ദേവിന്റെ പ്രതികരണം.
ഏത് സീറ്റിലും മത്സരിക്കാമെന്ന നിലപാടിലാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മുസ്ലിംലീഗ് ബാലുശേരി സീറ്റ് വേണ്ടെന്ന് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്.
ബാലുശേരി നിയമസഭ മണ്ഡലത്തില്‍ 1970 മുതല്‍ 2006വരെ എ.സി ഷണ്‍മുഖദാസാണ് പ്രതിനിധീകരിച്ചിരുന്നത്. 2006ല്‍ എ.കെ ശശീന്ദ്രന്‍ വിജയിച്ചു. 2011ലും 2016ലും പുരുഷന്‍ കടലുണ്ടിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.