തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ദുരൂഹതയും ആശങ്കയും കനക്കുന്നു. തലസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ മൂന്ന് ദിവസം മുന്‍പെത്തിയ 30 കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഒന്നാമതായി ഡിപ്ലൊമാറ്റിക് ബാഗേജിലാണ് സ്വര്‍ണം കടത്തിയത് എന്നത് ഇതിന്റെ ഗുരുതര സാഹചര്യം വ്യക്തമാക്കുന്നു. ഒരു വിദേശ രാജ്യത്തിന്റെ പേരിലുള്ള ഡിപ്ലൊമാറ്റിക് ബാഗേജുകള്‍ വിമാനത്താവളങ്ങളില്‍ സാധാരണ പരിശോധിക്കാറില്ല. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര - സ്വകാര്യതാ രീതികള്‍ രീതിവെച്ചാണിത്. ഇത് തരമായെടുത്താണ് വന്‍തോതിലുള്ള സ്വര്‍ണ്ണക്കടത്ത് നടത്തിയിരിക്കുന്നത്.
രണ്ടാമതായി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ്. ഡിപ്ലൊമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാത്തത് ദുരുപയോഗത്തിന് വഴിവെയ്ക്കുന്നുണ്ടോയെന്ന ചോദ്യം സുപ്രധാനമാണ്. ഇത്തരത്തിലുള്ള ബാഹ്യ ഇടപെടലുകളില്‍ ഗൗരവമായ പരിശോധനകള്‍ വേണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മൂന്നാമതായി ഇത്തരത്തില്‍ ഇത്രയും വലിയ അളവില്‍ സ്വര്‍ണം പിടികൂടുന്നത് ആദ്യമാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 25 കിലോയാണ് മുന്‍പത്തെ ഏറ്റവും കൂടിയ കണക്ക്. നാലാമതായി, മുന്‍പ് ഇത്തത്തില്‍ പിടിക്കപ്പെടാത്ത വന്‍ സ്വര്‍ണവേട്ട നടന്നിട്ടുണ്ടോയെന്ന സംശയങ്ങളാണ്. സംഭവത്തില്‍ കസ്റ്റംസ് വിഭാഗം ദേശീയ അന്വേഷണ ഏജന്‍സിയുമായടക്കം ആശയവിനിമയം നടത്തിവരികയാണെന്നാണ് വിവരം. നേരത്തേ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും ഡിപ്ലൊമാറ്റിക് ബാഗേജുകള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടിട്ടുണ്ട്.