എറണാകുളം മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം. ചീഫ് സെക്രട്ടറി 23 ന് ഹാജരാകണം. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയതിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പാലിക്കാത്തതിനാലാണ് സുപ്രീം കോടതി ഇന്ന് കേസ് പരിഗണിച്ചത്.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫ്ളാറ്റ് കെട്ടിടങ്ങള്‍ നീക്കണമെന്ന് മെയ് 8 നാണ് സുപ്രീം കോടതി വിധിച്ചത്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് വീണ്ടും പരിഗണിച്ചത്. വിധിക്കെതിരെ ഫ്‌ളാറ്റുടമകള്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. പൊളിച്ച് നീക്കാനുള്ള സാമ്പത്തിക ബാധ്യത താങ്ങാനാവില്ലെന്ന നിലപാടിലാണ് മരട് നഗരസഭ. ചെന്നൈ ഐ ഐ ടിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തീരുമാനമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത്, നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്സിന്റെ ഇരട്ട ഫ്ളാറ്റ് സമുച്ചയങ്ങള്‍, ഹോളിഡേ ഹെറിറ്റേജ്, കേട്ടേഴത്ത് കടവിലെ ജെയിന്‍, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് പൊളിച്ച് നീക്കേണ്ടത്. ആകെ 350 ഓളം ഫ്ളാറ്റുകളാണ് എല്ലാറ്റിലും കൂടിയുള്ളത്. സിആര്‍സെഡ് സോണ്‍ 3 ല്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് ഈ ഫ്ളാറ്റുകള്‍. ഈ സോണില്‍ നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. അതായത് തീരദേശത്തുനിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചേ നിര്‍മ്മാണങ്ങള്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. ഇതിന്റെ നഗ്‌നമായ ലംഘനമാണ് മരടില്‍ ഉണ്ടായത്. 2006 ലാണ് മരട് പഞ്ചായത്ത് ഈ ഫ്ളാറ്റുകള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത്.