എക്‌സൈസുകാരുടെ വീട്ടുപരിശോധനയില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആദിവാസി വിദ്യാര്‍ത്ഥിനിയുടെ കത്ത്. വ്യാജപരാതിയേത്തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തുകയാണെന്നും നിര്‍ത്തിവെയ്പിക്കണമെന്നുമാണ് അഭ്യര്‍ത്ഥന. തൃശൂര്‍ മരോട്ടിച്ചാല്‍ പഴവള്ളം ആദിവാസി കോളനിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് എക്‌സൈസുകാരുടെ നിരന്തര പരിശോധന മൂലം പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും മനോവിഷമം ഉണ്ടാക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനും കത്തയച്ചത്.
വ്യാജ ചാരായം വാറ്റുന്നുവെന്ന വ്യാജപരാതിയുമായാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരന്തര പരിശോധന നടത്തുന്നതെന്ന് വിദ്യാര്‍ത്ഥിനി കത്തില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വാറ്റു ചാരായം ഉണ്ടെന്ന് ആരോപിച്ച് എക്‌സൈസുകാര്‍ നിരവധി തവണ വീട്ടിലെത്തി. ഒരിക്കല്‍ പോലും ഒന്നും കണ്ടെത്തിയില്ല. വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തുന്ന പരിശോധന നിര്‍ത്തിവെയ്ക്കണം. വ്യാജപരാതി നല്‍കുന്നവരെ കണ്ടെത്തണമെന്നും വിദ്യാര്‍ത്ഥിനി കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ എക്‌സൈസ് വേട്ടയാടുന്നതിനെതിരെ പ്രതിഷേധവുമായി കോളനിയിലെ ഊരുകൂട്ടവും രംഗത്തെത്തി. കൂലിപ്പണി ചെയ്താണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് കുടുംബം പോറ്റുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയേത്തുടര്‍ന്ന് വീട്ടുപരിശോധന നിര്‍ത്തിവെയ്ക്കാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.