വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി ശാന്തിവനത്തിലെ മരങ്ങള്‍ വീണ്ടും മുറിക്കണമെന്ന കെ എസ് ഇ ബിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം. കാവിന് ഉള്ളിലുള്ള എട്ട് മരങ്ങള്‍ കൂടി മുറിക്കുമെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഉടമ മീന മേനോനെ ഇന്നലെ വൈകീട്ട് അറിയിച്ചു. എന്നാല്‍ മരംമുറിക്കുന്നത് ഭൂമിയുടെ മുടി മുറിക്കുന്നതിന് തുല്യമാണെന്ന് മീന മേനോന്‍ പറയുന്നു.
200 വര്‍ഷം പഴക്കമുള്ള കാവുകള്‍ നശിപ്പിക്കുന്നവര്‍ പച്ചത്തുരുത്ത് പദ്ധതി പ്രഖ്യാപിക്കുന്നത് പ്രഹസനമാണെന്ന് സമരസമിതിയും പറയുന്നു. കാവ് നശിപ്പിക്കുന്നതിനെതിരായ സമരങ്ങളൊന്നും ഫലം കാണാത്തതിനാല്‍ സ്വന്തം മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് മീനാ മേനോന്‍ പറഞ്ഞു. മരംമുറിക്കാനായി കെ എസ് ഇ ബി അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയാല്‍ മുടി മുറിക്കും. മുറിച്ച മുടി മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതമന്ത്രി എം എം മണിക്കും അയച്ചു കൊടുക്കുമെന്നും മീന മേനോന്‍ ദ ക്യൂവിനോട് പറഞ്ഞു.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെ 110 കെവി ലൈന്‍ വലിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. മരങ്ങള്‍ മുറിക്കുന്നത് ശാന്തിവനത്തിലെ ജൈസമ്പത്തിനെ നശിപ്പിക്കുമെന്നായിരുന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത. രണ്ട് ഏക്കറോളം വിസ്തതൃതിയുള്ളതാണ് ശാന്തിവനം. മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും ജന്തുജാലങ്ങളും ഉള്ള ഇവിടം സംരക്ഷിക്കണമെന്ന ആവശ്യവുമായി മീനാ മേനോനാണ് ആദ്യമെത്തിയത്. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകരും സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകരും പിന്തുണച്ചു. നിരവധി പ്രതിഷേധങ്ങള്‍ നടന്നെങ്കിലും കെ എസ് ഇ ബി ശാന്തിവനത്തിലൂടെ ലൈന്‍ വലിച്ചു. എന്നാല്‍ വീണ്ടും മരംമുറിക്കാനെത്തുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.