Around us

ശാന്തിവനത്തില്‍ പി രാജീവിന്റെ ഉറപ്പും പാഴായി, പോലീസ് ഭീകരാന്തരീക്ഷമെന്ന് സമരസമിതി, മീനയും മകളും സത്യാഗ്രഹ സമരത്തില്‍ 

THE CUE

പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലും ശാന്തിവനത്തില്‍ 110 കെവി വൈദ്യുത ടവര്‍ സ്ഥാപിക്കാനുള്ള നീക്കം വേഗത്തിലാക്കി കെഎസ്ഇബി. പോലീസ് കാവല്‍ നില്‍ക്കെ സമരസമിതിക്കാരെ തടഞ്ഞാണ് കെഎസ്ഇബി പൈലിംഗ് നടത്തുന്നത്. പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സമരസമിതി ആരോപിച്ചു. ശാന്തിവനം സംരക്ഷിക്കുന്ന മീനാ മേനോനും മകള്‍ ഉത്തരയും കെഎസ്ഇബുയുടേയും പോലീസിന്റേയും നീക്കത്തിനെതിരെ സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുകയാണ്.

കലക്ടറും ഇവിടം സന്ദര്‍ശിച്ച ജനപ്രതിനിധികളും നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തിയാണ് പോലീസ് പിന്തുണയില്‍ കെഎസ്ഇബി നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്. ഞാനും മകളും സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. പ്രകൃതി, ജൈവ വൈവിധ്യത്തെ ഇല്ലാതാക്കുന്നത് ഇവിടത്തെ മാത്രം പ്രശ്‌നമല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ശാന്തിവനത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടവര്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചത് നാടകമായിരുന്നു. പൈലിംഗ് കഴിഞ്ഞ സ്ഥിതിക്ക് പണിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു കെഎസ്ഇബിയുടെ തീരുമാനം.
മീനാ മേനോന്‍ 

രാവിലെ തന്നെ പൈംലിംഗ് പരിപാടികള്‍ ആരംഭിച്ച കെഎസ്ഇബിയ്ക്ക് കാവല്‍ നില്‍ക്കുകയാണ് പോലീസ്. പൈലിംഗിനെതിരെ ശാന്തിവനം സംരക്ഷണ സമിതി രാവിലെ തൊട്ട് കുത്തിയിരിപ്പ് സമരവും ആരംഭിച്ചിട്ടുണ്ട്. ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുന്ന പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നാണ് സമരസമിതി പറയുന്നത്.

പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കുകയും വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്‌തെന്ന് പറഞ്ഞ് ശാന്തിവനത്തിലുള്ളവര്‍ക്ക് ഉറപ്പ് നല്‍കിയ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എറണാകുളം സ്ഥാനാര്‍ത്ഥിയുമായിരുന്ന പി രാജീവിന്റെ ഉറപ്പുകളും പാലിക്കപ്പെട്ടില്ല. ഇതായിരുന്നു അന്ന് ശാന്തിവനത്തെ കുറിച്ച് രാജീവ് പറഞ്ഞത്.

ദേശീയപാതക്ക് ചേര്‍ന്ന് ഇതു പോലൊരു കാട് അത്യപൂര്‍വ്വമായ കാഴ്ചയാണ് . വൈപ്പിന്‍, പറവൂര്‍ മേഖലകളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി ലൈന്‍ വലിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, പ്രളയം നല്‍കിയ പാഠങ്ങള്‍ കൂടി ഉള്‍കൊണ്ട് വികസന കാഴ്ചപാടുകള്‍ക്ക് രൂപം നല്‍കാന്‍ കഴിയണം. ഇപ്പോള്‍ മരങ്ങള്‍ മുറിച്ച് ടവര്‍ നിര്‍മ്മാണം നടക്കുകയാണ്. അതിന്റെ ചെളി, ആ വളപ്പിലെ ജൈവ സമ്പത്തിനെ തന്നെ ബാധിക്കുന്ന രൂപത്തില്‍ തള്ളിയിരിക്കുന്നു . അത് ഉടന്‍ തന്നെ മാറ്റേണ്ടതാണ്. പാരിസ്ഥിക ആഘാതം പരമാവധി കുറച്ചു മാത്രമേ ഏതു വികസനവും നടപ്പിലാക്കാവൂ.

പി രാജീവ് നല്‍കിയ ഉറപ്പില്‍ കളക്ടറുമായുള്ള ചര്‍ച്ചയില്‍ എല്ലാം പറഞ്ഞിട്ടും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കപ്പെട്ട വൈദ്യുത ടവര്‍ നിര്‍മ്മാണം വീണ്ടും ആരംഭിക്കുകയാണുണ്ടായത്.

പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്ഇബിയും വൈദ്യുതി മന്ത്രി എംഎം മണിയും പറഞ്ഞത് ആവര്‍ത്തിക്കുകയാണ് എറണാകുളം കളക്ടറും ചെയ്തത്. പാരിസ്ഥിതിക ആഘാതം പരമാവധി കുറച്ചുകൊണ്ടായിരിക്കും ടവര്‍ നിര്‍മ്മാണമെന്നാണ് ജില്ലാ ഭരണകൂടത്തിന് വേണ്ടി കളക്ടര്‍ മുഹമ്മദ് വൈ സഫറൂള്ള പറഞ്ഞത്. പ്രകൃതിക്ക് കോട്ടം തട്ടാത്ത തരത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെയാണ് ശാന്തിവനത്തില്‍ പൈലിംഗ് പരിപാടികള്‍ തുടങ്ങിയത്.

അലൈന്‍മെന്റെ മാറ്റാതെ പദ്ധതി ശാന്തിവനത്തിനുള്ളിലൂടെ തന്നെ കടന്നുപോകുന്നത് പ്രമുഖരുടെ സ്ഥലം നഷ്ടപ്പെടാതിരിക്കാനാണെന്ന ആക്ഷേപം ശക്തമാകുമ്പോഴും കെഎസ്ഇബി ഏകപക്ഷീയ നിലപാട് തുടരുകയാണ്. നാല് സെന്റ് സ്ഥലത്തിലാണ് ടവര്‍ നിര്‍മ്മാണമെന്ന് പറയുമ്പോഴും 50 സെന്റ് സ്ഥലത്തെ ജൈവവൈവിധ്യത്തിന്റെ കടയ്ക്കലാണ് കെഎസ്ഇബിയുടെ മഴു വീണത്. മീനാ മേനോനും മകള്‍ ഉത്തരയും ചേര്‍ന്ന് സംരക്ഷിക്കുന്ന ശാന്തിവനത്തിന്റെ നേര്‍ക്കുള്ള അതിക്രമത്തില്‍ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് 2 ഏക്കറോളം വിസ്തൃതിയുള്ള ശാന്തിവനം. മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും ജന്തുജാലങ്ങളും ഉള്ള ഇവിടം സംരക്ഷിക്കണമെന്ന ആവശ്യവുമായി മീനാ മേനോനാണ് ആദ്യമെത്തിയത്.

മന്നത്തുനിന്ന് ചെറായിലേക്കുള്ള 110 കെവി വൈദ്യുതിലൈന്‍ സംരക്ഷിതവനത്തിനു മുകളിലൂടെ വലിക്കാനുള്ള പദ്ധതി ഇവിടെയുള്ള ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തില്‍ ആയിരുന്നുവെന്നും കെഎസ് ഇബി മുന്‍ ചെയര്‍മാന്റെ സ്ഥലത്തെ ഒഴിവാക്കാനായി ലൈന്‍ വലിക്കുന്ന പാത മാറ്റി നിശ്ചയിക്കുകയായിരുന്നുവെന്നുമാണ് പ്രധാന ആക്ഷേപം. വനത്തിന്റെ നടുവില്‍ ടവര്‍ വരും വിധമാണ് നിലവിലെ പ്ലാന്‍ എന്നും ഇവിടെയുള്ളവര്‍ വിശദീകരിക്കുന്നു. പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പ് വകവയ്ക്കാതെ കെഎസ്ഇബി ടവര്‍ നിര്‍മ്മാണവും ലൈന്‍ വലിക്കലും തുടരുന്ന പശ്ചാത്തലത്തിലാണ് സമരം തുടങ്ങിയത്.

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT