എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലെ കെഎസ്ഇബി നര്‍മ്മാണവുമായി ബന്ധപ്പെട്ട് സമരസമിതിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള ചര്‍ച്ച പരാജയം. വൈദ്യുത ടവര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം വൈദ്യുതി മന്ത്രി എം എം മണി തള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അറിയിക്കാന്‍ വൈകിയെന്ന് മന്ത്രി ശാന്തിവനം സംരക്ഷണ സമിതിയോട് പറഞ്ഞു.
ഇരുപത് വര്‍ഷം മുന്‍പേ തീരുമാനിക്കപ്പെട്ട അലൈന്‍മെന്‍റ് ആണിതെന്നും ഇത്രയും കാലം സമരസമിതി നേതാക്കള്‍ എന്തു ചെയ്യുകയായിരുന്നുവെന്നും ചോദിച്ച മന്ത്രി ഒരു ഘട്ടത്തില്‍ പോലും പദ്ധതിയെക്കുറിച്ച് പരാതിയുമായി ആരും തന്നെ വന്നു കണ്ടിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇരുപത് വര്‍ഷം മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെ ഇപ്പോള്‍ വന്ന് ബഹളം വച്ചിട്ട് ഒരു കാര്യവുമില്ലെന്ന് അവരോട് പറഞ്ഞുവെന്നാണ് മന്ത്രിയുടെ പ്രതികരണം.
എനിക്ക് അവരുടെ കാര്യത്തില്‍ വിഷമമുണ്ട്. പക്ഷേ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയ ഒരു പദ്ധതി ഇനി ഉപേക്ഷിക്കാനാവില്ല. ഹൈക്കോടതി വരെ അംഗീകരിച്ച ഒരു പദ്ധതി ഉപേക്ഷിച്ചാല്‍ മന്ത്രിയായ ഞാന്‍ കുഴപ്പത്തിലാവും. ജൈവവൈവിധ്യ ബോര്‍ഡ് നല്‍കിയ കത്തിന് മറുപടി നല്‍കേണ്ടത് ഞാനല്ല കെഎസ്ഇബിയാണ്, അതവര്‍ കൊടുക്കും. എംഎം മണി, വൈദ്യുതി മന്ത്രി
ശാന്തിവനത്തിലെ കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ലൈനുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കില്ലെന്ന് പറഞ്ഞ മന്ത്രി സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് വ്യക്തമാക്കിയത്. ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കാമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ശാന്തി വനത്തിന്റെ ഉടമ മീനാ മേനോന്റെ നേതൃത്വത്തിലുള്ള സമരസമിതി സംഘമാണ് മന്ത്രിയെ കാണാനെത്തിയത്.
ശാന്തിവനം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമയമില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞെന്ന് ശാന്തിവനത്തിന്റെ ഉടമ മീന മേനോന്‍ ആരോപിച്ചു.ശാന്തി വനത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധ സമരം തുടങ്ങിയതിന് ശേഷം ആദ്യമായാണ് മന്ത്രി സമരക്കാരെ കണ്ടത്.
ഹൈക്കോടതി വിധിയുള്ളപ്പോള്‍ താനെന്തിന് ആവശ്യമില്ലാത്ത വയ്യാവേലി പിടിക്കണമെന്നായിരുന്നു മന്ത്രി മണി മാധ്യമങ്ങളോട് പ്രതികരിച്ചത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മന്ത്രി സമര സമിതിയെ അറിയിച്ചു.
20 വര്‍ഷം മുമ്പേ തയ്യാറാക്കിയ പ്രൊജക്ടാണിത്. ഏഴ് കോടി അന്ന് ചെലവ് കണ്ട ഈ പദ്ധതിക്ക് ഇപ്പോള്‍ 30 കോടി ചെലവായി. 2013 മുതല്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്നുവെന്നാണ് സമരസമിതിക്കാര്‍ പറയുന്നത്. അവര്‍ ഹൈക്കോടതിയിലും മറ്റും പോയെങ്കിലും വിധി എതിരായിരുന്നു. ജില്ലാ കളക്ടര്‍ ഇടപെട്ട് ചര്‍ച്ച നടത്തുകയും ടവറിന്റെ ഉയരം ശാന്തിവനത്തിനെ ബാധിക്കാത്ത രീതിയില്‍ കൂട്ടാം എന്നും തീരുമാനിച്ചിരുന്നു. 40,000-ത്തോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണ് ഇത്. 110 കെവി ലൈന്‍ ആണ് വലിക്കുന്നത്.
ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കുമെന്ന നിലപാടില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കെഎസ്ഇബിയും ശക്തമായ ജനകീയ സമരത്തിലൂടെ പ്രതിഷേധിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നിലപാട് എടുത്ത സാഹചര്യത്തിലായിരുന്നു മന്ത്രിയുമായുള്ള ചര്‍ച്ച.
പ്രതിഷേധം അവഗണിച്ച് ടവറിന്റെ നിര്‍മ്മാണം അതിവേഗമാണ് പൊലീസ് കാവലില്‍ മുന്നോട്ടുപോകുന്നത്. ശാന്തിവനത്തെ ഒഴിവാക്കി നേരെ ടവര്‍ലൈന്‍ വലിക്കാന്‍ മറ്റ് മാര്‍ഗമുണ്ടെന്നിരിക്കെ ഇത്തരത്തില്‍ ജൈവസമ്പത്ത് തകര്‍ത്ത് വൈദ്യുതി ലൈന്‍ ഇവിടെ സ്ഥാപിക്കരുതെന്നാണ് സമരക്കാര്‍ പറയുന്നത്.
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ശാന്തിവനത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനഃപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു.
മന്നത്തുനിന്ന് ചെറായിലേക്കുള്ള 110 കെവി വൈദ്യുതിലൈന്‍ സംരക്ഷിതവനത്തിനു മുകളിലൂടെ വലിക്കാനുള്ള പദ്ധതി ഇവിടെയുള്ള ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തില്‍ ആയിരുന്നുവെന്നും കെഎസ് ഇബി മുന്‍ ചെയര്‍മാന്റെ സ്ഥലത്തെ ഒഴിവാക്കാനായി ലൈന്‍ വലിക്കുന്ന പാത മാറ്റി നിശ്ചയിക്കുകയായിരുന്നുവെന്നുമാണ് പ്രധാന ആക്ഷേപം.