Around us

പിന്തുണക്കുന്ന ആരാധകർക്ക് വിമർശിക്കാനും അവകാശമുണ്ട്; ആരാധക പിന്തുണയെ കുറിച്ച് സഞ്ജു സാംസൺ

ഇന്ത്യ ഇത്തവണ ട്വന്റി ട്വന്റി ലോകകപ്പ് നേടിയപ്പോൾ മലയാളികൾക്ക് ഇരട്ടി സന്തോഷമായിരുന്നു. രാജ്യത്തിന്റെ ഫൈനൽ നേട്ടത്തിൽ ടീമംഗമായി മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണും ഉണ്ടായിരുന്നു. ട്വന്റി ട്വന്റി ലോകകപ്പ് ടീം അംഗങ്ങളെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന അടിക്കുറിപ്പോടെയാണ്‌ സഞ്ജു തന്റെ സന്തോഷം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. വിജയങ്ങളിൽ ഏറെ പിന്തുണ നൽകി കൂടെ നിൽക്കുന്ന ആരാധകർ സഞ്ജുവിന്റെ പിഴവുകളിൽ നിശിതമായി വിമർശിക്കാറുമുണ്ട്. തന്നെ പിന്തുണക്കുന്ന ആരാധകർക്ക് തന്നെ വിമർശിക്കാനും അവകാശമുണ്ടെന്നാണ് സഞ്ജുവിന്റെ പക്ഷം.

സഞ്ജു സാംസൺ

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനച്ചടങ്ങില്‍ സഞ്ജു തന്റെ കരിയറിനെ കുറിച്ചും മലയാളികളുടെ പിന്തുണയെ കുറിച്ചും വിശദമായി സംസാരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കെസിഎല്ലിലെ ഐക്കണ്‍ താരങ്ങളിലൊരാളാണ് സഞ്ജു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) ലോഗോ പ്രകാശന ചടങ്ങിൽ സഞ്ജു സാംസൺ സംസാരിക്കുന്നു

കരിയറിലെ ഏറ്റവും മികച്ച കുറച്ചു മാസങ്ങളാണ് കടന്നുപോയതെന്നു സഞ്ജു പറയുന്നു. ഐപിഎല്ലില്‍ നിന്നായിരുന്നു തുടക്കം. ടൂര്‍ണമെന്റില്‍ എനിക്കു നന്നായി പെർഫോം ചെയ്യാനായി. രാജസ്ഥാന്‍ റോയല്‍സിന് ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും തനിക്കും ടീമിനും കുഴപ്പമില്ലാത്ത പ്രകടനം നടത്താന്‍ കഴിഞ്ഞു. അതു കാരണം ലോകകപ്പ് ടീമില്‍ ഇടം കിട്ടിയത് സ്വപ്‌നതുല്യമായ വിജയമായിട്ടാണ് ഞാൻ കാണുന്നത്.

മഹേന്ദ്ര സിങ് ധോണിക്കൊപ്പം സഞ്ജു സാംസൺ

പണ്ട് കളിച്ചിരുന്ന കാലത്ത് ഇന്ത്യന്‍ ടീമിനു വേണ്ടി ഒരിക്കല്‍ കളിക്കണമെന്നായിരുന്നു വലിയ ആഗ്രഹം. ഇന്ത്യന്‍ ടീമിനായി കളിച്ചു കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയെന്നത്. മൂന്ന്- നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഞാന്‍ ഇതു ആഗ്രഹിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കളിക്കണമെന്നതായിരുന്നു എന്റെ വലിയ സ്വപ്നം. പക്ഷെ മുകളില്‍ നിന്നുള്ളയാള്‍ വിചാരിച്ചത് ടി20 ലോകകപ്പ് ടീമില്‍ വരണമെന്നായിരുന്നുവെന്നും സഞ്ജു പറഞ്ഞു. ഒരു ലോകകപ്പിലെ അനുഭവങ്ങളെന്താണെന്നു ആ ഒരു മാസം എനിക്കു നന്നായി മനസ്സിലാക്കാനായി. കരിയറിലെ ഏറ്റവും വലിയ നേട്ടമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. ഒരു ഇന്ത്യന്‍ ക്രിക്കറ്ററെന്നാല്‍ എത്ര മാത്രം വലിയ കാര്യമാണെന്നു ലോകകപ്പ് വിജയിച്ചതിനു ശേഷമാണ് എനിക്കു മനസ്സിലായത്. ദിവസേനയുള്ള സമ്മര്‍ദ്ദവും നേട്ടങ്ങള്‍ക്കു പിന്നാലെയുള്ള ഓട്ടവും കാരണം ഒരു ഓവറോള്‍ ചിത്രം കാണാറില്ലെന്നും സഞ്ജു പറയുന്നു.

സഞ്ജു സാംസൺ

കേരളത്തിനു വേണ്ടി രഞ്ജി ട്രോഫിയില്‍ കളിക്കണമെന്നാഗ്രഹിച്ച ഒരാള്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി മാറിയെന്നത് വളരെയധികം സന്തോഷം നല്‍കിയ കാര്യമാണ്. ലോകകപ്പിനു ശേഷം ഒരാഴ്ച ഞാന്‍ കുടുംബത്തോടൊപ്പം നാട്ടിലുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും കൂടെ കപ്പയും മീനുമെല്ലാം കഴിച്ചു ഒത്തിരി നല്ല സമയം ചെലവഴിക്കാനായി. സിംബാവേ ടൂറില്‍ എനിക്കു കുഴപ്പമില്ലാതെ പെർഫോം ചെയ്യാൻ സാധിച്ചു. ശ്രീലങ്കന്‍ ടൂറില്‍ പ്രതീക്ഷിച്ചതു പോലെ പറ്റിയതുമില്ല.

സഞ്ജു സാംസൺ

ആരാധകര്‍ തനിക്കു നല്‍കുന്ന പിന്തുണയും സ്നേഹവുമെല്ലാം ഏറെ വിലമതിക്കുന്നതാണ്. കഴിഞ്ഞ മൂന്ന്- നാല് വര്‍ഷമായി നാട്ടിൽ നമ്മുടെ നാട്ടിൽ നിന്ന് ലഭിക്കുന്ന പിന്തുണ ഒത്തിരി എനർജി നൽകുന്നതാണ്.

സോഷ്യല്‍ മീഡിയയിലും മറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. ന്യൂസിലാന്‍ഡ് മുതല്‍ വെസ്റ്റ് ഇന്‍ഡീസ് വരെ പോയാലും അവിടെയെല്ലാം നമ്മുടെ നാട്ടുകാരുണ്ട്. എടാ മോനേ, കളിയെടാ എന്നു പറഞ്ഞ് അവര്‍ വലിയ പ്രോല്‍സാഹനമാണ് നല്‍കുന്നത്. ഇതു ചെറിയ കാര്യമല്ല, ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ വരെ ഇതെക്കുറിച്ച് ചര്‍ച്ച നടക്കാറുണ്ട്. നിനക്കെവിടെ പോയാലും വലിയ പിന്തുണയാണല്ലോയെന്നും അവര്‍ ചോദിക്കാറുണ്ട്. ഇത്രയും പിന്തുണ അര്‍ഹിക്കുന്നുണ്ടോയെന്നും തനിക്കു സംശയമുണ്ടെന്നും സഞ്ജു പറയുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT