കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. മൂന്ന് കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ മാത്രമായിരുന്നില്ല കര്‍ഷക പ്രക്ഷോഭമെന്ന് പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ സംയുക്ത കിസാന്‍ മോര്‍ച്ച പറയുന്നു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും. അങ്ങനെ സംഭവിച്ചാല്‍ അത് ഇന്ത്യയിലെ കര്‍ഷകരുടെ ഒരു വര്‍ഷം നീണ്ട സമരത്തിന്റെയും കഷ്ടപ്പാടിന്റെയും ചരിത്രവിജയമാകും. 700-ഓളം കര്‍ഷകരാണ് സമരത്തിനിടെ രക്തസാക്ഷികളായത്. ലഖിംപൂര്‍ ഖേരിയിലെ കൊലപാതകം ഉള്‍പ്പടെ ഒഴിവാക്കാമായിരുന്ന ഈ മരണങ്ങള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ പിടിവാശിയാണ്.
കര്‍ഷക പ്രക്ഷോഭം, മൂന്ന് കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ലെന്ന് പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുകയെന്ന കര്‍ഷകരുടെ ആവശ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. വൈദ്യുതി നിയമ ഭേദഗതി ബില്ലിലും തീരുമാനമായിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേരുമെന്നും, തുടര്‍ന്ന് മറ്റ് തീരുമാനങ്ങള്‍ അറിയിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.