ഭരണഘടനയ്ക്ക് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ സി.പി.ഐ.എം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി സെന്ററില്‍ എത്തി.
ഇന്ന് നിയമസഭ സമ്മേളിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ എട്ടാം മിനുറ്റില്‍ സഭ പിരിച്ചു വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ എ.കെ.ജി സെന്ററില്‍ എത്തിയത്.
അതേസമയം സജി ചെറിയാന്റെ പ്രസ്താവനയില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിപക്ഷം സ്പീക്കറെ കണ്ടു. വലിയ ബഹളം പോലുമില്ലാതെ സഭ പിരിച്ചുവിട്ട നടപടിയില്‍ പ്രതിപക്ഷം വിമര്‍ശനം അറിയിച്ചു. സഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിക്കാതെ പ്രതിഷേധിക്കുകയായിരുന്നു.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ മന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ ഭരണഘടനയെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഭരണഘടനയോട് കൂറുള്ള പൊതുപ്രവര്‍ത്തകനാണ് താനെന്ന് മന്ത്രി സഭയില്‍ മറുപടി പറഞ്ഞിരുന്നു.