ADMIN
Around us

ആട്ടിയോടിച്ചെന്നും ചവിട്ടിപ്പുറത്താക്കിയെന്നും സാബു എം.ജേക്കബ്, സര്‍ക്കാര്‍ അയച്ച ജെറ്റില്‍ തെലങ്കാനയിലേക്ക്

3500 കോടിയുടെ നിക്ഷേപ പദ്ധതിക്ക് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചെന്നും കേരളത്തില്‍ നിന്ന് തന്നെ ആട്ടിയോടിച്ചെന്നും കിറ്റെക്‌സ് എം.ഡി. സാബു എം.ജേക്കബ്. തെലങ്കാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ സ്വകാര്യ ജെറ്റില്‍ സാബു ജേക്കബ് ഹൈദരാബാദിലേക്ക് തിരിച്ചു.

കേരളത്തിലെ നിക്ഷേപം പിന്‍വലിച്ചതിന് പിന്നാലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിമാരടക്കം തന്നെ വിളിച്ചെന്നും കേരളത്തില്‍ നിന്ന് ആരും വിളിച്ചില്ലെന്നും മാധ്യമങ്ങളോട് സാബു എം.ജേക്കബ്. കേരളത്തെ ഉപേക്ഷിച്ചതല്ലെന്നും തന്നെ മൃഗത്തെ പോലെ വേട്ടയാടി ചവിട്ടിപ്പുറത്താക്കിയതാണെന്നും സാബു എം.ജേക്കബ്.

സാബു എം. ജേക്കബിന്റെ വാക്കുകള്‍

ഒരു മൃഗത്തെ പോലെ പത്ത് നാല്‍പ്പത് ദിവസം വേട്ടയാടി. ആരും തിരിഞ്ഞുനോക്കിയില്ല. ഇന്ന് കേരളത്തില്‍ നിന്ന് 61 ലക്ഷം ആളുകളാണ് പുറം രാജ്യത്തും അന്യ സംസ്ഥാനത്തും ഉള്ളത്. 25 വര്‍ഷം കഴിഞ്ഞാല്‍ കേരളം പ്രായമുള്ള മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന സ്ഥലമാകും. വ്യവസായികളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും. 3500 കോടിയുടെ നിക്ഷേപം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആരും എന്നെ വിളിച്ചില്ല.

വ്യവസായമന്ത്രി പി.രാജീവിന്റെ പ്രതികരണം

പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റക്സില്‍ ഏതാനും പരിശോധനകള്‍ നടന്നതിനെ തുടര്‍ന്ന് അത് കേരളത്തിന് എതിരായ വിപുലമായ പ്രചാരണത്തിനായി ചിലര്‍ ഉപയോഗിക്കുകയുണ്ടായി. ഇത് സംബന്ധിച്ച പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന്‍ വ്യവസായ വകുപ്പിന് നിര്‍ദ്ദേശം നല്കിയിരുന്നു. അതോടൊപ്പം തന്നെ മറ്റ് വകുപ്പുകളുടെയും വിശദമായ റിപ്പോര്‍ട്ട് തേടുകയും ഉണ്ടായി. അതിന്‍റെ തുടര്‍ച്ചയില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗവും നടന്നു.

ബെന്നി ബെഹനാന്‍ എം. പി ദേശീയ മനുഷ്യാവകാശ കമ്മീഷന് കിറ്റക്സുമായി ബന്ധപ്പെട്ട് പരാതി നല്കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറി. പരാതിയെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ 2021 ഫെബ്രൂവരി 20 ന് ജില്ലാ കളക്ടര്‍ കുന്നത്തുനാട് തഹസീല്‍ദാര്‍, എറണാകുളം റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് തഹസീല്‍ദാരും അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറും സ്ഥാപനത്തില്‍ പരിശോധന നടത്തി. പരിശോധനയുടെ റിപ്പോര്‍ട്ട് റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ 2021 മാര്‍ച്ച് 24 നും തഹസീല്‍ദാര്‍ 2021 ഏപ്രില്‍ 15 നും ജില്ലാ കളക്ടര്‍ക്ക് നല്കി. 2021 ഏപ്രില്‍ 16 ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്കി.

കിറ്റക്സിനെതിരെ തൃക്കാക്കര എം.എല്‍.എ പി. ടി. തോമസ് നിയമസഭയില്‍ 2021 ജൂണ്‍ 1 ന് ആരോപണം ഉന്നയിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നിര്‍ദ്ദേശ പ്രകാരം മലിനീകരണ നിയന്ത്രണത്തിനുള്ള ലിക്വിഡ് ഡിസ്ചാര്‍ജ് സിസ്റ്റം കിറ്റക്സില്‍ സ്ഥാപിച്ചിട്ടില്ലെന്നായിരുന്നു ആരോപണം. കമ്പനി പുറം തള്ളുന്ന രാസമാലിന്യം കടമ്പ്രയാറിലേക്ക് ഒഴുക്കി കിറ്റക്സ് ജലമലിനീകരണം നടത്തുന്നതായും തൃക്കാക്കര, കുന്നത്തുനാട്, ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ 10 ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളസ്രോതസ്സിനെ ഇതു ബാധിക്കുന്നതായും അദ്ദേഹം ആരോപണം ഉന്നയിച്ചു. ഇതു സംബന്ധിച്ച അന്വേഷണവും നടന്നു.

കോവിഡ് പരിശോധനാ സൗകര്യങ്ങളോ നിയമാനുസൃത അവധിയോ നല്കാതെ കമ്പനി മാനേജ്മെന്‍റ് ജീവനക്കാരോട് മോശമായി പെരുമാറുന്നു എന്ന് പരാതിപ്പെടുന്ന വനിതാ ജീവനക്കാരിയുടേതെന്ന് കരുതുന്ന ഒരു ശബ്ദ സന്ദേശം വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ചില മാധ്യമങ്ങള്‍ വഴിയും പ്രചരിച്ചിരുന്നു. എറണാകുളം ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇതേ കുറിച്ച് പരിശോധന നടത്തി കുന്നത്തുനാട് തഹസീല്‍ദാരും ജില്ലാ ലേബര്‍ ഓഫീസറും 2021 മെയ് 11 ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.

ഇതിന് സമാനമായ പരാതി ബഹു. കേരള ഹൈക്കോടതിക്കും ലഭിക്കുകയുണ്ടായി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ ജില്ലാ ജഡ്ജി ശ്രീ. നിസാറിന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജി ശ്രീ. സുരേഷ് 2021 മെയ് 29 ന് അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍, ദേശീയ ആരോഗ്യമിഷന്‍ പ്രതിനിധി എന്നിവര്‍ക്കൊപ്പം കമ്പനിയില്‍ പരിശോധന നടത്തി. വനിതാ ജീവനക്കാരിയുടെ ശബ്ദസന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മലയിടംതുരുത്ത് പ്രാധമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 2021 മെയ് 10 ന് കമ്പനിയില്‍ പരിശോധന നടത്തി. വേതനം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ അറിവോടെ ജില്ലാ ലേബര്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് 2021 ജൂണ്‍ 8 ന് കമ്പനിയില്‍ പരിശോധന നടത്തി. കണ്ടെത്തിയ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ സ്ഥാപനത്തിന് നോട്ടീസ് നല്കി. ഇത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് 2021 ജൂണ്‍ 29 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം വേതനം ലഭിക്കുന്നില്ല എന്നായിരുന്നു ചില തൊഴിലാളികളുടെ മൊഴി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ കേരള പ്രസിഡന്‍റ് ഇ. എം. ജോസഫ് മുഖ്യമന്ത്രിക്ക് 2021 മെയ് 13 ന് നല്കിയ പരാതിയില്‍ കുന്നത്തുനാട് പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കിറ്റക്സ് കമ്പനിയുടെ ഷെഡ്ഡുകളില്‍ സൗകര്യമൊരുക്കാതെ തൊഴിലാളികളെ പാര്‍പ്പിച്ചതായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ലേബര്‍ കമ്മീഷണറേറ്റില്‍ നിന്ന് ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പിനെ ചുമതലപ്പെടുത്തുകയും വകുപ്പിന്‍റെ ആലുവ ഓഫീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കടമ്പ്രയാറില്‍ മാലിന്യം തള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി പി. ടി. തോമസ് എം.എല്‍.എ, ജോണ്‍ ഡാനിയേല്‍ എന്നിവര്‍ നല്കിയ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി. ഈ മാസം 3 ന് നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ പി. ടി. തോമസ് എം. എല്‍.എ ഇതേ പരാതി വീണ്ടും ഉന്നയിച്ചിരുന്നു.

#ഇതില്‍ നിന്ന് വ്യക്തമാകുന്ന വസ്തുതകള്‍ ഇവയാണ്.

1. സംസ്ഥാനസര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വ്വമോ ഒരു പരിശോധനയും കിറ്റക്സില്‍ നടത്തിയിട്ടില്ല.

2. ദേശീയ മനുഷ്യാവകാശ കമ്മീഷന് പാര്‍ലമെന്‍റംഗമായ ബെന്നി ബഹനാന്‍ നല്കിയ പരാതി പി. ടി. തോമസ് എം.എല്‍.എ. ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ നല്കിയ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്.

3. ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്‍റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

4. പരിശോധനാ വേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാനത്തിനും സര്‍ക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്സ് ഉന്നയിച്ചത്. അവ പൂര്‍ണ്ണമായും വസ്തുതാ വിരുദ്ധമാണ്. ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. നീതി ആയോഗിന്‍റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം ഉള്ള സംസ്ഥാനമെന്ന വിഭാഗത്തില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും മുന്‍കൈയിലുമാണ് വ്യവസായ നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചത്. യു.പി പോലുള്ള സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്ന വാദം അപഹാസ്യമാണ്. തൊഴില്‍ രഹിതരായ യുവാക്കളുടെ പട്ടിക ഉന്നയിച്ചുള്ള കിറ്റക്സ് എം. ഡിയുടെ വാദം ഏതോ നിഗൂഡ ലക്ഷ്യം വച്ചാണ്. കിറ്റക്സില്‍ നടന്ന പരിശോധനകളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതികള്‍ ഉന്നയിക്കുന്നതിനുള്ള ടോള്‍ ഫ്രീ സൗകര്യം മുതല്‍ വ്യവസായ മന്ത്രിയേയോ മുഖ്യമന്ത്രിയേയോ നേരില്‍ സമീപിക്കാനുള്ള സാഹചര്യം വരെ ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ല. പകരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുയാണ് ചെയ്തത്. അത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജൂണ്‍ 28 ന് വ്യവസായ മന്ത്രി കിറ്റക്സ് എം. ഡി. സാബു ജേക്കബ്ബിനെ വിളിച്ചു. അദ്ദേഹത്തെ ലഭിക്കാതെ വന്നപ്പോള്‍ സഹോദരന്‍ ബോബി ജേക്കബ്ബിനെ വിളിക്കുകയും പ്രശ്നം തിരക്കുകയും ചെയ്തു. എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ അന്വേഷിക്കാമെന്ന് ഉറപ്പ് നല്കി. ജൂണ്‍ 29 ന് നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴും സാബു ജേക്കബ്ബിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ല എന്ന് വരുത്തി തീര്‍ക്കാനാണ് സാബു ജേക്കബ് ശ്രമിച്ചത്. ഇതിനു പിന്നിലുള്ള താതപര്യം വ്യക്തമാക്കേണ്ടതും.

3500 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്സ് നല്കിയിട്ടുള്ളത്. ധാരണാ പത്രം ഒപ്പു വച്ചിട്ടില്ല. ഇതിന്‍റെ തുടര്‍ച്ചയില്‍ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല. 2020 ജനുവരി 9, 10 തീയതികളിലാണ് അസന്‍റ് നിക്ഷേപക സംഗമം നടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10 ന് വ്യവസായ വകുപ്പ് അധികൃതര്‍ സാബു. എം. ജേക്കബ്ബുമായി വീണ്ടും ചര്‍ച്ച നടത്തുകയുണ്ടായി. ഇതില്‍ ചില ആവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടു വച്ചു. ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റം, പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലെ മാറ്റം, ഫാക്ടറീസ് ആക്റ്റിലെ മാറ്റം, കെ.എസ്.ഐ,ഡി.സി. വായ്പാ പരിധി 100 കോടിയായി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. അസന്‍റില്‍ ഉയര്‍ന്ന പൊതു നിര്‍ദ്ദേശങ്ങള്‍ തന്നെയായിരുന്നു ഇവയും. നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് കിറ്റക്സ് താത്പര്യം പ്രകടിപ്പിച്ചില്ല. പാലക്കാട് 50 ഏക്കറില്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള ഒരു പദ്ധതിക്കായി 2020 ജൂലൈ 8 ന് അപേക്ഷ സമര്‍പ്പിച്ചു. സെപ്റ്റംബര്‍ 11 ന് ഇതേക്കുറിച്ച് കിന്‍ഫ്ര പരിശോധന നടത്തി അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് പദ്ധതി പ്രദേശത്ത് നിലവിലുള്ളതായി താലൂക്ക് ലാന്‍റ് ബോര്‍ഡ് അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം കിറ്റക്സിനെ അറിയിച്ചിട്ടുണ്ട്.

അസന്‍റില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നിട്ടില്ല എന്ന സാബു ജേക്കബ്ബിന്‍റെ ആരോപണവും വസ്തുതാപരമല്ല. 540.16 കോടി രൂപയുടെ 19 പദ്ധതികള്‍ ഇതിനകം യാഥാര്‍ത്ഥ്യമായി. 7223 കോടി രൂപയുടെ 60 പദ്ധതികള്‍ പുരോഗമിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് 41 പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 28 പദ്ധതികള്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ടു. അസന്‍റില്‍ ഒപ്പു വെച്ച 148 ല്‍ 19 പദ്ധതികളും (12.83%) പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. 52% പദ്ധതികള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. 27.7% പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുന്നു. 18.9% ഒഴിവാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപടികളുടേയും കേരളാ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫെസിലിറ്റേഷന്‍ ആക്റ്റിന്‍റേയും തുടര്‍ച്ചയായി നിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപം നല്കാന്‍ ഈ സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. ഇതിനുള്ള കരട് ബില്ലിന് താമസിയാതെ മന്ത്രസഭാ യോഗം അംഗീകാരം നല്കും.

കേന്ദ്രീകൃതമായ ഒരു പരിശോധനാ സംവിധാനത്തിന് രൂപം നല്കാനും ഈ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലോ, മീഡിയം, ഹൈ റിസ്ക്ക് വിഭാഗങ്ങളിലായി വ്യവസായങ്ങളെ തരം തിരിക്കും. ലോ റിസ്ക്ക് വ്യവസായങ്ങളില്‍ വര്‍ഷത്തില്‍ ഒരിയ്ക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ. ഹൈ റിസ്ക്ക് വിഭാഗത്തില്‍ നോട്ടീസ് നല്കി മാത്രമേ വര്‍ഷത്തില്‍ ഒരിയ്ക്കല്‍ പരിശോധന നടത്തൂ. ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിനു പകരം കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. ഓരോ വകുപ്പും പരിശോധനക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. അതില്‍ നിന്ന് സിസ്റ്റം തന്നെ പരിശോധനക്ക് പോകേണ്ടവരെ തീരുമാനിക്കും. ഏത് പരിശോധന കഴിഞ്ഞാലും 48 മണിക്കൂറിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് സ്ഥാപന ഉടമയ്ക്ക് നല്കുകയും വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് ക്രീയാത്മകമായാണ് വ്യവസായ സമൂഹം പൊതുവില്‍ പ്രതികരിക്കു ന്നത്. സംസ്ഥാനത്തിന്‍റെ പൊതു താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ സമീപനം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. കിറ്റക്സ് അനുവര്‍ത്തിച്ച രീതിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു സമീപനവും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. എല്ലാ സംരംഭകരേയും ചേര്‍ത്ത് നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ട് പോകും.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT