ഫേസ്ബുക്കില്‍ വാക്‌പോര് തുടര്‍ന്ന് എഴുത്തുകാരന്‍ ബെന്യാമിനും കോണ്‍ഗ്രസ് എം.എല്‍.എ ശബരിനാഥനും. പ്രവാസികളുടെ മടക്കത്തിന് യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നല്‍കിയ സാമ്പത്തിക സഹായം ചൂണ്ടിക്കാട്ടി ശബരിനാഥന്‍ ബെന്യാമിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആടുജീവിതം നയിക്കുന്ന പാവപ്പെട്ട ധാരാളം നജീബുമാര്‍ ടിക്കറ്റ് വാങ്ങാന്‍ പണമില്ലാതെ കേഴുകയാണ്, അവരെ നാട്ടില്‍ എത്തിക്കുവാന്‍ താങ്കള്‍ സഹായം ചെയ്യാമോ? ഇതില്‍ രാഷ്ട്രീയവ്യത്യാസമില്ല' എന്നായിരുന്നു ബെന്യാമിനോട് ശബരിനാഥന്റെ ചോദ്യം. ഇതിന് മറുപടിയായി രൂക്ഷപരിഹാസമുതിര്‍ത്ത് ബെന്യാമിന്‍ രംഗത്ത് വന്നു. അന്യന്റെ പോക്കറ്റില്‍ കിടക്കുന്ന പണത്തിന്റെ ബലത്തില്‍ മോന്തക്ക് പുട്ടി തേച്ച സ്വന്തം ഫോട്ടോ എടുത്ത് പോസ്റ്ററടിച്ച് ഫേസ് ബുക്കില്‍ ഇടുന്ന അല്പത്തരത്തിന്റെ പേരല്ല പരസഹായം എന്നായിരുന്നു ബെന്യാമിന്റെ മറുപടി. ഇതിന് പിന്നാലെ ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിന്‍ ആക്കണം എന്ന വിമര്‍ശനം ശബരിനാഥന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ബെന്യാമിനോട് ശബരിനാഥന്‍
പോരാളി ബെന്യാമിന്‍
ശ്രീ ബെന്യാമിന്‍ എനിക്ക് ഇന്ന് ഒരു മറുപടി നല്‍കി. ഈ മറുപടി പോസ്റ്റിന്റെ ഒരു പ്രസക്ത ഭാഗം ചുവടെ ചേര്‍ക്കുന്നു....
'അപ്പോള്‍ പിന്നെ താങ്കളുടെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവില്‍ പൊതു സമൂഹത്തില്‍ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തില്‍ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്.'
ഞാന്‍ പണ്ട് പറഞ്ഞത് അദ്ദേഹത്തിന് സര്‍ക്കാരിന്റെ ആസ്ഥാനകവി പട്ടം ചാര്‍ത്തണമെന്നാണ്. പക്ഷേ ഈ ഭാഷാചാരുതയ്ക്ക് അത് വേണ്ട, പകരം ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിന്‍ ആക്കണം. അതാണ് ഉചിതം.
പോരിന് തുടക്കം ഇവിടെ
മുഖ്യമന്ത്രിയുടെ കൊവിഡ് കാല പ്രതിദിന വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് യുവനേതാക്കള്‍ രംഗത്ത് എത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതിയിരുന്നു. 'കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്.' എന്നായിരുന്നു ബെന്യാമിന്റെ പരിഹാസം. ടി.സിദ്ദീഖ്, കെ.എസ് ശബരിനാഥന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിയതിനെ പരിഹസിച്ച് പോസ്റ്റ് ചെയ്തത് സ്‌ക്രീന്‍ ഷോട്ട് ആക്കിയായിരുന്നു ബെന്യാമിന്റെ പോസ്റ്റ്.
ബെന്യാമിന് മറുപടിയുമായി വി.ടി ബല്‍റാം രംഗത്ത് വന്നിട്ടുണ്ട്. 'ആടുജീവിത'ത്തില്‍ നിന്ന് 'ശരീരശാസ്ത്ര'ത്തിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകതയുടെ 'വളര്‍ച്ച' കൃത്യമായി ബോധ്യപ്പെട്ടത് കൊണ്ട് മറുപടിയായി ഒന്നും പറയുന്നില്ല എന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം.