യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ ശബ്ദമുയർത്തി റഷ്യൻ ടെന്നീസ് താരങ്ങൾ. ലോക രണ്ടാം നമ്പർ താരമായ ഡാനിൽ മെദ് വദേവും ഏഴാം നമ്പർ താരമായ ആന്ദ്രറുബലേവുമാണ് റഷ്യക്കെതിരെ രംഗത്തെത്തിയത്.
ദുബൈ ടെന്നീസ് ചാമ്പ്യൻഷിപ്പ് സെമിഫൈനനലിലെ വിജയത്തിന് ശേഷമാണ് ആന്ദ്ര റുബലേവ് യുദ്ധത്തിനെതിരെ ശബ്ദമുയർത്തിയത്. വിജയ ശേഷം no war please( ദയവായി യുദ്ധം വേണ്ട) എന്ന് കാമറ ലെൻസിൽ എഴുതിയാണ് യുദ്ധത്തിനെതിരെ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. ഹ്യൂബർട് ഹർകാസിനെ 3-6, 7-5, 7-6 സെറ്റിനാണ് ആന്ദ്ര റുബലേവ് തോൽപ്പിച്ചത്. സമാധാനത്തിലും ഐക്യത്തിലുമാണ് താൻ വിശ്വസിക്കുന്നതെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു.
'ഒരു ടെന്നീസ് താരം എന്ന നിലയിൽ ലോകമെമ്പാടും സമാധാനം പുലരാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് 'ഡാനിയൽ മെദ് വദേവ് പ്രതികരിച്ചു. ഞങ്ങൾ പല രാജ്യങ്ങളിലും കളിക്കുന്നുണ്ട്. യുദ്ധത്തിന്റെ വാർത്തകൾ കേൾക്കുന്നത് സുഖകരമായ കാര്യമല്ലെന്നും മെദ് വദേവ് പറഞ്ഞു.