യുദ്ധം ആരംഭിച്ച് പത്ത് ദിവസത്തിന് ശേഷം യുക്രൈനിൽ രണ്ട് നഗരങ്ങളിൽ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ.
കുടുങ്ങി കിടക്കുന്ന ആളുകളെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതെന്നും ഒഴിപ്പിക്കലിന് തങ്ങൾ തന്നെ മുൻകൈ എടുക്കുമെന്നും റഷ്യ അറിയിച്ചു. ആറ് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ.
മാർച്ച് അഞ്ചിന് മോസ്കോ സമയം രാവിലെ പത്ത് മണിക്ക് റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മരിയുപോളിൽ നിന്നും വോൾനോവഹയിൽ നിന്നും ജനങ്ങൾക്ക് പുറത്ത് കടക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കുകയും ചെയ്യുമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വെടിനിർത്തലിന് റഷ്യയുടെ മേൽ ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു.
ഇന്ത്യയും റഷ്യയോട് താത്കാലികമായെങ്കിലും വെടിനിർത്തൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
റഷ്യ-യുക്രൈൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കമല ഹാരിസ് കിഴക്കൻ യൂറോപ്പ് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. യുക്രൈന്റെ അയൽരാജ്യങ്ങളായ പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളിലാണ് കമല സന്ദർശനം നടത്തുക.