അതിജീവിത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണോ എന്ന നടന്‍ സിദ്ദിഖിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. 'ഞാന്‍ അത്തരത്തില്‍ തരംതാഴാന്‍ ഉദ്ദേശിക്കുന്നില്ല. എന്നും അതിജീവിതയ്ക്ക് ഒപ്പമാണ് ഞാന്‍', എന്നാണ് റിമ പറഞ്ഞത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോടായിരുന്നു പ്രതികരണം.
അതിജീവിത കോടതിയെ സമീപിച്ച വിഷയത്തില്‍ തെരഞ്ഞെടുപ്പ് ആണെന്ന് കരുതി അതിജീവിത അവരുടെ ആശങ്കകള്‍ പറയാതിരിക്കണമെന്നില്ലെന്നും റിമ പറഞ്ഞു. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് ആകസ്മികമായി കേസ് അന്വേഷണത്തില്‍ നിന്ന് എഡിജിപി മാറുകയും ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അതിന് ഒരിക്കലും അതിജീവിതയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും റിമ പറഞ്ഞു.
അതിജീവിത മുഖ്യമന്ത്രിയെ കണ്ടത് ഈ വിഷയം അനാവശ്യമായി വലിച്ചിഴക്കപ്പെട്ടപ്പോഴാണ്. ഇത്രയും കാലമായിട്ട് അതിജീവിതയുടെ കൂടെ നിന്നൊരു സര്‍ക്കാരാണ്. വേറെയൊരു സര്‍ക്കാരിന്റെ സമയത്തും ഈ രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഏകദേശം അഞ്ച് കൊല്ലമായി സര്‍ക്കാരും മുഖ്യമന്ത്രിയും അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു കണ്‍ഫ്യൂഷന്‍ വന്നപ്പോള്‍ അത് മുഖ്യമന്ത്രിയെ കണ്ട് തീര്‍ക്കാനുള്ള ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തത് വലിയ കാര്യമായിട്ടാണ് താന്‍ കാണുന്നതെന്നും റിമ കൂട്ടിച്ചേര്‍ത്തു.
ഇതിനെയൊരു രാഷ്ട്രീയ ചര്‍ച്ചായി മാറ്റാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. അതിജീവിത അത് ഉദ്ദേശിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് അവര്‍ തന്നെ മുന്‍കൈ എടുത്ത് മുഖ്യമന്ത്രിയെ കണ്ട് അത് തീര്‍ക്കണമെന്ന് വിചാരിച്ചതും. ഇതിനെ രാഷ്ട്രീയവത്കരിക്കരുത്. അതിജീവിതയുമായി സംസാരിച്ചതാണെന്നും ഈ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും റിമ പറഞ്ഞു.