Around us

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഇളവുകൾക്ക് മുൻകാല പ്രാബല്യം; അധികം നൽകിയ തുക തിരികെ കിട്ടും

കെട്ടിട പെര്‍മിറ്റ് ഇളവുകള്‍ക്ക് 2023 ഏപ്രില്‍ പത്ത് മുതലുള്ള മുന്‍കാല പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എംബി രാജേഷ്. ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് ഈ ദിവസം മുതല്‍ അടച്ചവര്‍ക്ക് അധിക ഫീസ് തിരികെ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ തുക അക്കൗണ്ടിലെത്തും.പെര്‍മിറ്റ് ഫീസ് കുറച്ചതിന് പിന്നാലെയാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളാണ് പണം തിരികെ നൽകേണ്ടത്. ഇതിനായുള്ള ഉത്തരവ് ഉടന്‍ ഇറക്കും. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ലെന്നും കെ സ്മാർട്ട് വഴിയും ഐ എൽ ജി എം എസ് വഴിയും അപേക്ഷ നൽകിയാൽ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു.

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറവ് വരുത്തുന്നത്. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ നിലവിൽ വരും. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷൻ പരിധിയിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുനിസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയുമായാണ് കുറയ്ക്കുന്നത്. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുനിസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. കൊമേഴ്സ്യൽ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്.

2023 ഏപ്രിൽ ഒന്നിന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാൽ 2023 ഏപ്രിൽ ഒന്നിന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.

കേരളത്തിലെ പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണ് എന്ന വസ്തുത നിലനിൽക്കെ തന്നെയാണ് ജനങ്ങളുടെ ആവശ്യം മുൻനിർത്തി പകുതിയിലേറെ കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കെട്ടിട നിർമ്മാണ ഫീസ് കുത്തനെ കൂട്ടിയത് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായതായി വിലയിരുത്തപ്പെട്ടിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT