ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍മ്മിച്ച എട്ടുകോടി രൂപയുടെ കോണ്‍ഫറന്‍സ് ഹാള്‍ പൊളിച്ചുകളയാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. തന്റെ വസതിക്ക് അടുത്തായി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചന്ദ്രബാബു നായിഡു നിര്‍മ്മിച്ച 'പ്രജാ വേദിക' എന്ന എട്ടുകോടിയുടെ കെട്ടിടം പൊളിച്ചു നീക്കാനാണ് ജഗന്‍ മോഹന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതികാര രാഷ്ട്രീയമാണ് ജഗന്‍ സര്‍ക്കാര്‍ നടത്തുന്നതെന്നാണ് നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുടെ ആരോപണം.
ജനങ്ങളുടെ പരാതി കേള്‍ക്കാനും കളക്ടര്‍മാരുടെ മീറ്റിങ് വിളിച്ചു ചേര്‍ക്കാനുമെല്ലാമാണ് നായിഡു കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചത്. തെലുങ്കു ദേശം പാര്‍ട്ടിയുടെ യോഗവും നായിഡു ഇവിടെയായിരുന്നു വിളിച്ചു ചേര്‍ത്തിരുന്നത്. പ്രതിപക്ഷ നേതാവായ ചന്ദ്രബാബു നായിഡു തന്റെ കാര്യാലയത്തിന്റെ ഭാഗമാക്കി ഈ കെട്ടിടം വിട്ടുനല്‍കണമെന്ന് കത്ത് മുഖാന്തിരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടലംഘനം നടത്തി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കാനാണ് ജഗന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം.
സാധാരണക്കാരനായ ഒരാള്‍ അനുമതിയില്ലാതെ ഒരു കെട്ടിടം പണിതാല്‍ തീര്‍ച്ചയായും ഉദ്യോഗസ്ഥര്‍ അത് പൊളിച്ചു നീക്കും. ഞങ്ങളുടെ സര്‍ക്കാര്‍ നിയമത്തെ ബഹുമാനിക്കുന്നു, നിയമാനുസൃതമായ നടപടികള്‍ തന്നെ ഉണ്ടാവും.ജഗന്‍ മോഹന്‍ റെഡ്ഡി, ആന്ധ്ര മുഖ്യമന്ത്രി
കളക്ടര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്താണ് മുഖ്യമന്ത്രി ഇത് ഇവിടുത്തെ അവസാന യോഗമായിരിക്കുമെന്ന് പറഞ്ഞ് കെട്ടിടം പൊളിക്കാനുള്ള ഉത്തരവിറക്കിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശനിയാഴ്ച തന്നെ കോണ്‍ഫറന്‍സ് ഹാളിന്റെ നിയന്ത്രണമേറ്റെടുത്തു. ജഗന്‍ സര്‍ക്കാരിന്റെ നീക്കം ടിഡിപി അനുകൂലികളെ ചൊടിപ്പിച്ചു. മുന്‍മുഖ്യമന്ത്രിയോട് യാതൊരു മര്യാദയുമില്ലാതെയാണ് ജഗന്‍ സര്‍ക്കാര്‍ പെരുമാറുന്നതെന്നും ഉണ്ടാവല്ലിയിലെ ഈ കെട്ടിടത്തിലുണ്ടായിരുന്ന മുന്‍മുഖ്യമന്ത്രിയുടെ സാധനസാമഗ്രികള്‍ പുറത്തേക്ക് വലിച്ചെറിയുകയാണ് ചെയ്തതെന്നും ടിഡിപി ആരോപിക്കുന്നു.
2016ല്‍ ആന്ധ്രപ്രദേശ് ഹൈദരാബാദില്‍ നിന്നും അമരാവതിയിലേക്ക് തലസ്ഥാനം മാറ്റിയത് മുതല്‍ കൃഷ്ണാ നദിയുടെ തീരത്തെ ഉണ്ടാവല്ലിയിലാണ് നായിഡു താമസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വസതിയുടെ സമീപത്താണ് അന്ന് സര്‍ക്കാരിന്റെ കീഴിലുള്ള ആന്ധ്രപ്രദേശ് ക്യാപിറ്റല്‍ റീജിയണ്‍ ഡവലെപ്‌മെന്റ് അതോറിറ്റി എട്ട് കോടി രൂപയ്ക്ക് കെട്ടിടം പണിതത്.
ഈ കെട്ടിടം പ്രതിപക്ഷ നേതാവിന്റെ കാര്യാലയത്തിന്റെ അനുബന്ധ കെട്ടിടമാക്കി പ്രഖ്യാപിക്കണമെന്നായിരുന്നു നായിഡുവിന്റെ ആവശ്യം. എന്നാല്‍ അനധികൃതമായി സര്‍ക്കാര്‍ പണം മുടക്കി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുകളയാനാണ് ജഗന്‍ തീരുമാനിച്ചത്. നദീതീരത്ത് അനധികൃതമായാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പ്രജാ വേദികയ്ക്കായി നായിഡു കടുംപിടുത്തത്തിന് നില്‍ക്കാന്‍ ഇത് സ്വകാര്യ സ്വത്തൊന്നുമല്ലെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസുകാരുടെ നിലപാട്.