അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ നടപടിയില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ദളിത് ആക്ടിവിസ്റ്റ് രേഖ രാജ് ദ ക്യുവിനോട്. പ്രൊബേഷന്‍ കാലാവധി അവസാനിച്ച് സ്ഥിര ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് ഈ വിധിയെന്നും രേഖ.
'ഹൈക്കോടതി വിധിയോട് പ്രതികരിക്കേണ്ടത് സര്‍വ്വകലാശാലയാണ്. നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ച് പൂര്‍ണ്ണ മാനദണ്ഡങ്ങള്‍ പാലിച്ച്, അക്കാദമിക യോഗ്യതയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് എനിക്ക് ജോലി ലഭിച്ചത്. പ്രൊബേഷന്‍ കാലാവധി അവസാനിച്ച് സ്ഥിര ജോലിയില്‍ പ്രവേശിച്ചതിന് ശേഷമുള്ള ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും,'രേഖ രാജ് പറഞ്ഞു.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ രേഖ രാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയത്.
ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായരുടെ ഹര്‍ജിയിലാണ് നടപടി.
പി.എച്ച്.ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ല, റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിന് നല്‍കി എന്നുമായിരുന്നു നിഷയുടെ വാദം. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, സി.എസ് സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
രേഖാ രാജിന് പകരം നിഷ വേലപ്പന്‍ നായരെ നിയമിക്കാനും കോടതി ഉത്തരവിട്ടിരുന്നു.