Around us

'എന്തിനാണ് ഇത്ര വെറുപ്പ് പ്രചരിപ്പിക്കുന്നത്'; ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും എതിരെ രശ്മിക മന്ദാന

സോഷ്യല്‍ മീഡിയ വഴി നടത്തുന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും എതിരെ നടി രശ്മിക മന്ദാന. കരിയര്‍ തുടങ്ങിയത് മുതല്‍ ഒരുപാട് വെറുപ്പുകള്‍ സമ്പാദിക്കുകയാണ്. ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും നിരന്തരം ഇരയാകുന്നു. തന്നെ ഇഷ്ടമല്ലെന്ന് കരുതി എന്തും പറയാന്‍ കഴിയില്ലെന്നും ഇത്തരത്തില്‍ വെറുപ്പും നെഗറ്റിവിറ്റിയും പ്രചരിപ്പിച്ചാല്‍ ആര്‍ക്ക് എന്ത് പ്രയോജനമാണ് ഉള്ളതെന്നും രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പറയാത്ത കാര്യങ്ങള്‍ക്ക് പരിഹസിക്കുന്നത് വേദനാജനകമാണ്. അഭിമുഖങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നത് കണ്ടു. ഇന്റര്‍നെറ്റിലൂടെ ഇത്തരം വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നെയും എന്റെ സുഹൃദ്ബന്ധങ്ങളേയും സാരമായി ബാധിക്കുന്നുണ്ടെന്നും മിണ്ടാതിരിക്കും തോറും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണെന്നും രശ്മിക പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് രശ്മികയെ പിന്തുണച്ചെത്തിയത്. വെറുപ്പ് പ്രചരിപ്പിക്കുന്നത് നിങ്ങളെപ്പോലെ ആകാന്‍ കഴിയാത്തവരുമാണ്, നിങ്ങള്‍ അടിപൊളിയാണ്, നിങ്ങള്‍ നിങ്ങളായിത്തന്നെയിരിക്കൂ എന്നാണ് ദുല്‍ഖര്‍ രശ്മികയുടെ പോസ്റ്റിന് കീഴെ കുറിച്ചത്. ഹന്‍സിക,, രവി കെ ചന്ദ്രന്‍, ആനന്ദ് ശര്‍മ തുടങ്ങിയവരും രശ്മികയ്ക്ക് പിന്തുണ അറിയിച്ചു.

രശ്മിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

'കുറച്ച് ദിവസങ്ങളായി ചില കാര്യങ്ങള്‍ എന്റെ മനസ്സില്‍ കിടന്ന് നീറിപ്പുകഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കുന്നു. അത് നിങ്ങളോട് പങ്കുവെക്കാമെന്നാണ് കരുതുന്നത്.

ഞാനീ കരിയര്‍ തുടങ്ങിയത് മുതല്‍ ഒരുപാട് വെറുപ്പുകള്‍ സമ്പാദിക്കുകയാണ്. ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും നിരന്തരം ഇരയാകുന്നു. എനിക്കറിയാം, ഞാന്‍ തെരഞ്ഞെടുത്ത ജീവിതത്തിന് വില നല്‍കേണ്ടിവരും എന്ന്. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നും എല്ലാവരാലും സ്‌നേഹിക്കപ്പെടുമെന്ന് പ്രതീക്ഷിക്കരുതെന്നും ഞാന്‍ മനസ്സിലാക്കുന്നുണ്ട്. പക്ഷേ എന്നെ ഇഷ്ടമല്ലെന്ന് കരുതി നിങ്ങള്‍ക്കെന്നെ എന്തും പറയാം എന്ന് അതിന് അര്‍ത്ഥമില്ല.

നിങ്ങളെ ആനന്ദിപ്പിക്കാനായി എത്ര കഷ്ടപ്പെടുന്നെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാന്‍ ചെയ്ത ജോലിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സന്തോഷമാണ് എന്നെ ആനന്ദിപ്പിക്കുന്നത്. എന്നെയും നിങ്ങളേയും ഒരുപോലെ അഭിമാനം കൊള്ളിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാണ് പരിശ്രമിക്കുന്നത്.

എന്നാല്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ക്ക് എന്നെ പരിഹസിക്കുന്നത് വേദനാജനകമാണ്. അഭിമുഖങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നത് ഞാന്‍ കണ്ടു. ഇന്റര്‍നെറ്റിലൂടെ ഇത്തരം വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നെയും എന്റെ സുഹൃദ്ബന്ധങ്ങളേയും സാരമായി ബാധിക്കുന്നുണ്ട്. ക്രിയാത്മകമായ വിമര്‍ശനങ്ങളാകാം. ഞാനതിനെ സ്വാഗതം ചെയ്യുന്നു. അത്തരം വിമര്‍ശനങ്ങള്‍ എന്നെ സ്വയം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ വെറുപ്പും നെഗറ്റിവിറ്റിയും പ്രചരിപ്പിച്ചാല്‍ ആര്‍ക്ക് എന്ത് പ്രയോജനമാണ് ഉള്ളത്?

എല്ലാം അവഗണിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ മിണ്ടാതിരിക്കും തോറും കൂടുതല്‍ വഷളാവുകയാണ്. ആരുടെയെങ്കിലും പിന്തുണ ആഗ്രഹിച്ചല്ല ഇപ്പോഴിതൊക്കെ പറയുന്നത്. മനസ്സിലിട്ട് പെരുപ്പിക്കാന്‍ ഇനിയും വയ്യാത്തത് കൊണ്ടാണ്.' - രശ്മിക മന്ദാന കുറിച്ചു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT