ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്കും പിതാവിനും മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. സംഭവത്തില്‍ കൃത്യവിലോപം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ആഗ്ര ഐജി സതീഷ് എ ഗണേഷ് അറിയിച്ചു.
ആറ് മാസം മുമ്പായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അജ്മാന്‍ ഉപാധ്യായ എന്നായള്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പ്രതിയുടെ ഭാഗത്ത് നിന്ന് ഭീഷണിയുള്‍പ്പടെ പെണ്‍കുട്ടിയുടെ കുടുംബം നേരിട്ടിരുന്നു. ഫെബ്രുവരി ഒന്നിന് പെണ്‍കുട്ടിയുടെ അച്ഛനെ ഫോണില്‍ വിളിച്ച്, പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇത് കാണിച്ച് പെണ്‍കുട്ടിയുടെ കുടുംബം വീണ്ടും പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
തിങ്കളാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു പെണ്‍കുട്ടിയുടെ അച്ഛനു നേരെ തുടര്‍ച്ചയായി നിറയൊഴിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലായെത്തിയ നാലു പേരാണ് നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 3 പേര്‍ക്കെതിരെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.