1974ല്‍, ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ ഒരു പുതിയ ശൈലിയിലുള്ള തെലുഗു പത്രത്തിന്റെ സാമ്പിള്‍ കോപ്പികള്‍ കണ്ട് അത്ഭുതപ്പെട്ടുപോയി. പുലര്‍ച്ചെ അഞ്ചു മണിക്ക് തന്നെ അവരുടെ ഉമ്മറപ്പടിയില്‍ വന്നുവീണ പത്രം ഒരു പുതിയ വായനാനുഭവം കാഴ്ചവയ്ക്കുന്നതായിരുന്നു. നൂതനമായ രൂപകല്‍പന, ആകര്‍ഷകമായ ഉള്ളടക്കം, ലാളിത്യപൂര്‍ണ്ണമായ ഭാഷയുടെ ഉപയോഗം, ട്രെന്‍ഡ് സെറ്റിംഗ് തലക്കെട്ടുകള്‍ എന്നിവയാല്‍ പെട്ടെന്ന് മതിപ്പുളവാക്കിയ 'ഈനാട്' എന്ന തെലുങ്ക് ദിനപത്രത്തിന്റെ ജനനം.
അവിഭക്ത ആന്ധ്രാപ്രദേശില്‍ പത്രപ്രവര്‍ത്തനത്തിന്റെ പുതു യുഗത്തിന് അങ്ങനെ തുടക്കമായി. ആ പത്രം തെലുങ്ക് വീടുകളിലെ പ്രധാന ഘടകമായി മാറി. അതിന്റെ സൂത്രധാരകന്‍ രാമോജി റാവു ആയിരുന്നു.
1936-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയിലെ കൃഷ്ണ ജില്ലയില്‍ പെഡപ്പരുപുടി ഗ്രാമത്തില്‍ ഒരു ദരിദ്ര കാര്‍ഷക കുടുംബത്തില്‍ ജനിച്ചു രാമോജി റാവു.
1950-കളുടെ മധ്യത്തില്‍ ഡല്‍ഹിയില്‍ ഒരു പരസ്യ ഏജന്‍സിയില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നതിന് അവസരം ഒത്തുവന്നു. അവിടത്തെ താമസം ഏറെ ക്ലേശകരമായിരുന്നു. വിയര്‍ത്തുകുളിക്കുന്ന കാലാവസ്ഥയില്‍ ഒരു ടേബിള്‍ ഫാന്‍ പോലുമില്ലാത്ത മുറിയില്‍ പായ വിരിച്ചാണ് ഉറങ്ങിയിരുന്നത്.
പ്രായമേറെയായിട്ടും സാമ്പത്തിക ചുറ്റുപാടുകള്‍ ശരിയാകാത്തതിനാല്‍ വിവാഹം നീണ്ടുപോയി. അങ്ങനെയൊരു അവസ്ഥയില്‍ ഭാര്യയെ ഡല്‍ഹിയില്‍ താമസിപ്പിക്കാനുമാകില്ല. ഒടുവില്‍ 1961-ല്‍ രമാദേവിയുമായുള്ള വിവാഹം നിശ്ചയിക്കുന്നു. അതും രാമോജി റാവു ഹൈദരാബാദിലേക്ക് മാറുമെന്ന വ്യവസ്ഥയോടെ.
സത്യത്തില്‍ ആ വിവാഹത്തോടെ അദ്ദേഹത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു. കമ്മ ജാതിയില്‍ പെട്ടയാളായിരുന്നു രാമോജി റാവു. കൃഷി മാത്രമാണ് ഏക വരുമാന മാര്‍ഗം. സാമ്പത്തികമായി ആരും സഹായക്കാനില്ല. എന്നിട്ടും എന്തെങ്കിലുമൊരു ബിസിനസ്സ് തുടങ്ങണമെന്ന അടങ്ങാത്ത ആഗ്രഹവുമായി അയാള്‍ അലഞ്ഞു.
എളിയ തുടക്കം
1962ല്‍ ചിട്ടി ബിസിനസ്സ് എന്താണെന്ന് തന്നെ ആര്‍ക്കും വലിയ ധാരണയില്ലാത്ത കാലത്ത് അദ്ദേഹം തുടങ്ങിയതാണ് മാര്‍ഗദര്‍ശി ചിട്ടി ഫണ്ട്. ആദ്യം അദ്ദേഹം മറ്റ് രണ്ട് പങ്കാളികള്‍ക്കൊപ്പം നിക്ഷേപകരില്‍ നിന്ന് ചെറിയ സമ്പാദ്യം സ്വീകരിച്ചു തുടങ്ങി. പിന്നത് രാജ്യത്തുടനീളം 4,000 ജീവനക്കാര്‍ ജോലി ചെയ്യുന്ന 7,750 കോടി രൂപയുടെ സ്ഥാപനമായി വളര്‍ന്നു. ഇന്ന്, മാര്‍ഗദര്‍ശിയുടെ വിറ്റുവരവ് 10,000 കോടി രൂപയായി കണക്കാക്കപ്പെടുന്നു.
ഇത് ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സുബ്രത റോയ് എന്ന ഉത്തര്‍പ്രദേശുകാരന്‍ രാമോജി റാവുവിന്റെ ചിട്ടിക്കമ്പനി എന്ന ആശയം അനുകരിക്കുകയുണ്ടായി.
അറിയില്ലേ സുബ്രത റോയിയെ..?
ആ മനുഷ്യന്‍ 2000 രൂപയുമായി ഉത്തര്‍പ്രദേശിലെ ഒരു ചിട്ടിക്കമ്പനിയില്‍ നിന്ന് ആരംഭിച്ചതാണ് സഹാറ എന്ന പ്രസ്ഥാനം. റെയില്‍വെ കഴിഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവെന്ന് ടൈം മാഗസിന്‍ വരെ വാഴ്ത്തിയ, സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍.
വിമാനക്കമ്പനി, എഫ് വണ്‍ ടീം, ഐപിഎല്‍ ടീം, ലണ്ടനിലും ന്യൂയോര്‍ക്കിലും നക്ഷത്ര ഹോട്ടലുകള്‍, ഫിനാന്‍ഷ്യല്‍ കമ്പനികള്‍, മ്യൂചല്‍ ഫണ്ട് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ടൗണ്‍ഷിപ്പ് തുടങ്ങി പടര്‍ന്നു പന്തലിച്ചു സുബ്രത റോയിയുടെ വ്യവസായ ശൃംഖല. ഒടുവില്‍ നിക്ഷപകര്‍ക്ക് പണം തിരികെ നല്‍കാനായി അവയില്‍ പലതും വില്‍ക്കേണ്ടിവന്നു എന്നത് വേറേ കാര്യം. പിന്നെ, നീണ്ട ജയില്‍വാസത്തിനും ആശുപത്രി വാസത്തിനുമൊടുവില്‍, സുബ്രത റോയ് മരണമടഞ്ഞു.
എന്നാല്‍ രാമോജി റാവു ബിസിനസ്സ് ആരംഭിച്ചപ്പോള്‍, അത് വിശ്വസനിയതയുടെ പര്യായമായി മാറി. ആവശ്യമുള്ളപ്പോള്‍ പണം കൃത്യമായി നല്‍കാനും റാമോജിക്ക് കഴിഞ്ഞിരുന്നു.
മാര്‍ഗദര്‍ശി ചിട്ടി ഫണ്ടുകളിലെ വിജയത്തിനുശേഷം, 1965-ല്‍ തന്റെ ഡല്‍ഹി പരസ്യക്കമ്പനിയിലെ അനുഭവം ഉപയോഗിച്ച് മൂത്ത മകന്‍ കിരണിന്റെ പേരില്‍ ഒരു പരസ്യ ഏജന്‍സി ആരംഭിച്ചു. പിന്നീട് അദ്ദേഹം തന്റെ കാര്‍ഷിക പശ്ചാത്തലം വിട്ടുകളയാതിരിക്കാന്‍ ഒരു വളം ഔട്ട്ലെറ്റുതുടങ്ങി. 1970-ല്‍ കോറമാണ്ടല്‍ ഫെര്‍ട്ടിലൈസേഴ്സിന്റെയും ഡണ്‍ലപ്പ് ടയര്‍ കമ്പനിയുടെയും ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുന്നതിനായി ഒരു ഔട്ട്ഡോര്‍ പരസ്യ ഏജന്‍സിയും സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പല വിപുലീകരണ പദ്ധതികള്‍ക്കും ഇന്ധനം നല്‍കിയത് മാര്‍ഗദര്‍ശി എന്ന ചിട്ടിക്കമ്പനിയാണ്
1969-ല്‍ കര്‍ഷകര്‍ക്കായുള്ള 'അന്നദാത' എന്ന ഒരു മാസിക ആരംഭിച്ചു കൊണ്ടാണ് അദ്ദേഹം മാധ്യമ രംഗത്ത് ചുവടുവെച്ചത്. തെലുഗ് ഭാഷായില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ കാര്‍ഷിക മാസികയുമാണ് അന്നദാത. 2019 ലെ കണക്കനുസരിച്ച്, 345,000 കോപ്പികളുള്ള, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രചാരമേറിയ മാസികകൂടിയാണത്.
മാര്‍ഗദര്‍ശി ചിട്ടിക്കമ്പനിയില്‍ നിന്നുള്ള മികച്ച വരുമാനം. ഒപ്പം ഭാര്യയുടെയും കുടുംബത്തിന്റെയും നിര്‍ലോഭമായ പിന്തുണ. അതോടെയാണ് റാവുവിന് ഒരു തെലുങ്ക് പ്രഭാതപത്രം എന്ന ആശയം ഉദിച്ചത്.- അതാണ് ഈനാട് പത്രം.
തെലുങ്കിലെ ഏറ്റവും പ്രചാരമുള്ള പത്രമാക്കി ഈനാടിനെ മാറ്റിയെടുക്കാന്‍ രാമോജി റാവുവിന് അധിക കാലമൊന്നും വേണ്ടിവന്നില്ല. ഈനാടിലൂടെ തെലുങ്ക് പത്ര രംഗത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു. ഗഹനമായ ഔപചാരിക ഭാഷ വെടിഞ്ഞ് ഈനാടിന്റെ വാര്‍ത്തകള്‍ സാധാരണക്കാരുടെ ഭാഷയിലേക്ക് കൊണ്ടുവന്നു. ഒടുവില്‍ ഇത് മറ്റു പത്രങ്ങള്‍ക്ക് അനുകരിക്കേണ്ടിവന്നു. ആന്ധ്രാപ്രദേശ് ഇതുവരെ കണ്ടിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒരു പത്രമായിരുന്നു ഈനാട്.
ഏറെ പാരമ്പര്യമുള്ള ആന്ധ്രാജ്യോതിയുടെയും ആന്ധ്രാപ്രഭയുടെയും ആധിപത്യം അവസാനിക്കുകയായി. നിലവിലുള്ള പത്രങ്ങളില്‍ വായനക്കാര്‍ക്ക് കാര്യമായ പ്രയോജനമൊന്നും ഇല്ലാത്ത കാര്യങ്ങളാണ് ഏറെയും ഉണ്ടായിരുന്നത്. പ്രാദേശിക വാര്‍ത്തകള്‍ ഒട്ടുംതന്നെ ഇല്ല. ഈനാട് അതെല്ലാം തകിടം മറിച്ചു, ജിജ്ഞാസ ഉണര്‍ത്തുന്ന വാര്‍ത്തകള്‍ ഒന്നാമതായി പുറത്തു വന്നുകൊണ്ടിരുന്നു. പുതിയ സാങ്കേതികവിദ്യയില്‍ എന്നും ആവേശഭരിതനായ രാമോജി റാവു, ഒന്നിലധികം പതിപ്പുകളോടെ ഈനാടിന്റെ നിര്‍മ്മാണവും അച്ചടിയും പ്രാദേശികവല്‍ക്കരിച്ചു.
പ്രത്യേകിച്ചും ഫാക്സ് മെഷീന്‍ ഇന്ത്യയില്‍ എത്തിപ്പോള്‍, ഫാക്സ് വഴി പതിപ്പുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞു. 1979 ആയപ്പോഴേക്കും സര്‍ക്കുലേഷന്‍ ഏകദേശം ഒരുലക്ഷത്തി എണ്‍പതിനായിരത്തിലെത്തി. സംസ്ഥാനത്ത് ദിനപത്രങ്ങള്‍ വായിക്കുന്ന അഞ്ചില്‍ രണ്ടുപേര്‍ ഈനാട് വായനക്കാരായി മാറി.
തന്റെ പ്രവര്‍ത്തനങ്ങള്‍ അവിടം കൊണ്ടൊന്നും നിര്‍ത്തിയില്ല രാമോജി റാവു. ഇ ടി വി, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാ കിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, എന്നിവയും റാമോജി ഗ്രൂപ്പിന്റെ പ്രധാന സംരംഭങ്ങളാണ്. 1983-ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ ബാനറില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
30 വര്‍ഷം മുമ്പ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്ന പത്രത്തിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ''മൂലധനം വിവേകത്തോടെ ഉപയോഗിക്കുക എന്നതാണ് രഹസ്യം. അതില്‍ നിന്ന് ഓരോ തുള്ളിയും പിഴിഞ്ഞെടുക്കാന്‍ അറിയണം''. ബാങ്കുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും വായ്പ ചെലവേറിയതുമായ കാലത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അവസാനം വരെ അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ രസതന്ത്രം ഇതുതന്നെയായിരുന്നു. ഈനാടിന്റെ വന്‍ വിജയം 1983-ല്‍ ന്യൂസ്ടൈം എന്ന ഇംഗ്ലീഷ് പത്രം പുറത്തിറക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ന്യൂസ്ടൈമിന്റെ ആരംഭത്തോടെ, പരിചയസമ്പന്നരായ പല പത്രപ്രവര്‍ത്തകര്‍ക്കും റാമോജി റാവു ഒരു വേദിയൊരുക്കുകകൂടിയായിരുന്നു. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ അദ്ദേഹത്തിന്റെ സമീപനം, സമര്‍പ്പണത്തിനും വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധയ്ക്കും ഒരു മാതൃകയായി. പത്രത്തിന്റെ ലേഖകന്‍മാരെ അദ്ദേഹം ഏറെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അവരെ അംഗീകരിച്ചപ്പോള്‍ ലേഖകന്മാര്‍ക്കിടയില്‍ ഉണ്ടായ ആവേശം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.
മികച്ച റിപ്പോര്‍ട്ടുകള്‍ കണ്ടെത്തുന്ന ആള്‍ക്ക് റാവു വിലപിടിപ്പുള്ള ഒരു ചുവന്ന പേന അംഗീകാരത്തിന്റെ അടയാളമായി നല്‍കിയിരുന്നു. എന്നിരുന്നാലും, ന്യൂസ്ടൈം കാലത്തിനു മുമ്പേയുള്ള ഒരു പരീക്ഷണമായിമായിപ്പോയി, അത് പിന്നീട് അവസാനിപ്പിച്ചു. 1995-ലാണ് അദ്ദേഹം ഇ ടിവി നെറ്റ്വര്‍ക്കിന് തുടക്കമിട്ടത്. വ്യത്യസ്തഭാഷകളിലായി 12 ചാനലുകള്‍ ഒരേസമയം ആരംഭിച്ചുകൊണ്ടാണ് ഇ ടിവി നെറ്റ്വര്‍ക്ക് ഇന്ത്യന്‍ മാധ്യമമേഖലയില്‍ ചുവടുറപ്പിച്ചത്.
മലയാളത്തില്‍ ഫാ. സിറിയക് തിണ്ടിയിലിന്റെ കാക്കനാടുണ്ടായിരുന്ന വികാസവാണിയുമായി സഹകരിച്ച് വി-ടിവി എന്നൊരു ചാനല്‍ തുടങ്ങാനും പദ്ധതിയിട്ടതാണ്. എങ്കിലത് ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ബ്രോഡ്കാറ്റിംഗ് നെറ്റ വര്‍ക്ക് ആകുമായിരുന്നു. ഗായകന്‍ യേശുദാസും സംവിധായകന്‍ ഫാസിലും നടന്‍ മധുവുമൊക്കെ പ്രമോട്ടര്‍മാരായി ചേര്‍ന്നിരുന്ന് സ്റ്റാഫ് റിക്രൂട്ട്‌മെന്റും നടത്തി. എങ്കിലും എന്തുകൊണ്ടോ അത് നടപ്പിലാക്കാന്‍ ഫാ. സിറിയക്കിന് കഴിഞ്ഞില്ല. എങ്കിലും രാമോജി പിന്നീടത് 15 ചാനലുകളാക്കി ഉയര്‍ത്തി. അവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിയന്ത്രണത്തിലുള്ള മീഡിയ കൂട്ടായ്മയായ നെറ്റ്വര്‍ക്ക് 18-ന്റെ ഉടമസ്ഥതയിലാണ്. തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും തെലുങ്ക് ചാനലുകള്‍ ഗ്രൂപ്പ് നിലനിര്‍ത്തിയിട്ടുണ്ട്.
കര്‍ഷകരുടെ ജീവിതവും കൃഷി രീതികളും ചിത്രീകരിക്കുന്ന രാവിലെ സംപ്രേക്ഷണം ചെയ്ത റാവുവിന്റെ തെലുങ്ക് ഇ ടിവി ചാനലിലെ അന്നദാതാ പരിപാടിക്ക് മുന്‍കാലങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉണ്ടായിരുന്നു. തെലുങ്ക് സിനിമകള്‍ അവലോകനം ചെയ്യുന്നതിനായി അന്നദാതാ, സിതാര എന്നീ മാസികകളും അദ്ദേഹം തുടങ്ങിയിരുന്നു.
പത്ര വിപ്ലവം
1974 ഓഗസ്റ്റ് 10-ന് ഉപേക്ഷിക്കപ്പെട്ട ഒരു സിനിമാ സ്റ്റുഡിയോയില്‍ നിന്ന് ഈനാടിന്റെ വിശാഖപട്ടണം പതിപ്പ് ആദ്യമായി പുറത്തിറക്കി. മറ്റൊരു പത്രത്തിനും പ്രസിദ്ധീകരണ കേന്ദ്രം അവിടെ ഇല്ലാത്തതിനാല്‍ വിശാഖപട്ടണത്തില്‍ നിന്നാണ് ആരംഭിച്ചത്.
33 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥാപനത്തില്‍ നിന്നാണ് തുടക്കം. കേരളത്തില്‍ നിന്ന് 96,000 രൂപയ്ക്ക് ലഭിച്ച സെക്കന്‍ഡ് ഹാന്‍ഡ് പ്രിന്റിംഗ് മെഷീന്‍ ഉപയോഗിച്ച് ഒരു ദിവസം 4,000 കോപ്പികള്‍ അച്ചടിച്ചു. തിരുവനന്തപുരത്തുള്ള കേരള കൗമുദിയില്‍നിന്നായിരുന്നു ആ പ്രസ് വാങ്ങിയത്.
അതേ വര്‍ഷം തന്നെ പത്രത്തിന്റെ ഹൈദരാബാദ് എഡിഷന്‍ പുറത്തിറങ്ങി, നാല് വര്‍ഷത്തിനുള്ളില്‍, ആന്ധ്രാപ്രഭയെ പിന്തള്ളി പത്ര വ്യവസായത്തിലെ അനിഷേധ്യ നേതാവായി മാറി രാമോജി റാവു.
പത്രങ്ങളുടെ കളര്‍ പ്രിന്റിംഗ്, ജില്ലാ എഡിഷനുകള്‍, മണ്ഡലതലത്തില്‍ സ്ട്രിംഗര്‍മാര്‍, കോണ്‍ട്രിബ്യൂട്ടര്‍മാരുമായി ഇടപഴകല്‍, വിദൂര പ്രദേശങ്ങളില്‍ ആര്‍ടിസി ബസ് കണ്ടക്ടര്‍മാരെ ഏല്‍പ്പിച്ച് പത്രങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നൂതനമാര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം രാമോജി റാവുവിന്റെ സംഭാവനയായിരുന്നു.
മികാവാര്‍ന്ന പ്രാദേശിക ടാബ്ലോയിഡ് സപ്ലിമെന്റുകള്‍ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. 'തെലുങ്കുദേശം എന്ന രാഷ്ട്രീയ പാര്‍ട്ടിയെ പൂര്‍ണ്ണമായി പിന്തുണച്ചും 1983-ല്‍ അതിന്റെ വിജയത്തില്‍ പങ്കുവഹിച്ചും ഒരു പത്രത്തിന്റെ ശക്തി ആദ്യമായി പ്രകടമാക്കിയത് രാമോജി റാവുവാണ്. എന്‍ ടി രാമറാവു അധികാരത്തിലെത്തിയ ശേഷം വേണ്ടിടത്ത് സര്‍ക്കാരിനെ സധൈര്യം വിമര്‍ശിക്കാനും ഈനാട് മടിച്ചിരുന്നില്ല.
ഇതിഹാസ നടനും രാഷ്ട്രീയക്കാരനുമായ എന്‍ ടി രാമറാവുവും രാമോജി റാവുവും ഒരേ ജാതിക്കാരും ഒരേ ജില്ലക്കാരുമായിരുന്നു. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ കമ്മ്യൂണിസത്തിലേക്ക് ചായ്വുള്ള രാമ റാവുവിന്റെ രാഷ്ട്രീയ അഭിലാഷങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ മുന്നിലായിരുന്ന രാമോജി റാവു. തെലുങ്ക് അഭിമാനം വിളിച്ചറിയിക്കുന്നതില്‍ ഇരുവരും സന്തോഷിച്ചിരുന്നു.
റാവുവിന്റെ ഈനാട് നേരത്തെ തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശക്തമായ വിമര്‍ശകനായിരുന്നു, രാമറാവുവിലും പിന്നീട് അദ്ദേഹത്തിന്റെ മരുമകന്‍ എന്‍ ചന്ദ്രബാബു നായിഡുവിലും ഒരു സ്വാഭാവിക സഖ്യകക്ഷിയെ കണ്ടെത്തുകയായിരുന്നു രാമോജി റാവു. രാഷ്ട്രീയക്കാരനെന്ന നിലയില്‍ രാമറാവുവിന്റെ ഉയര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. ടിഡിപിയുമായുള്ള രാമോജി റാവുവിന്റെ ബന്ധം അദ്ദേഹത്തിന് 'കിംഗ് മേക്കര്‍' എന്ന പേരു നല്‍കി.
അതേസമയം, ഇന്ത്യന്‍ രാഷ്ട്രീയം വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുകയായിരുന്നു, ആന്ധ്രാപ്രദേശും അതിന് അപവാദമല്ലായിരുന്നു. രാമോജി റാവു രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായി ചേരാതെ എന്നാല്‍ പണം ഉള്‍പ്പെടുന്നതും രാഷ്ട്രീയ മൂലധനം വര്‍ദ്ധിപ്പിക്കുന്നതുമായ മറ്റ് സാധ്യതകള്‍ കണ്ടെത്തുകയായിരുന്നു.
തെലുങ്ക് ദേശം പാര്‍ട്ടിയെ ഈനാട് ശക്തമായി പിന്തുണച്ചിരുന്നു എന്നുമാത്രമല്ല, പാര്‍ട്ടിയുടെ മുഖപത്രമായാണ് ഈനാട് കണ്ടത്. ആ പാര്‍ട്ടിക്കൊരു പ്രത്യയശാസ്ത്രം' നല്‍കിയവരില്‍ ഒരാളാണ് രാമോജി റാവു.
പാര്‍ട്ടി സ്ഥാപകന്‍ രാമറാവുവിന്റെ 1938- മോഡല്‍ ഷെവര്‍ലെ വാന്‍ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും പിന്തുടര്‍ന്നു റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരുന്നു. 1983-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റോഡരികില്‍ ഷേവ് ചെയ്യുകയും കുളിക്കുകയും ചെയ്യുന്ന വലിയ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. രാമറാവുവിന്റെ വാഹനത്തിന് 'ചൈതന്യ രഥം' എന്ന ലേബല്‍ നല്‍കിയതും ഈനാടായിരുന്നു.
1983ല്‍ തെലുങ്ക് ദേശം ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഫലം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. നിയമസഭയില്‍ പാര്‍ട്ടിക്ക് 294-ല്‍ 202 എംഎല്‍എ മാരെ ലഭിച്ചു. സംസ്ഥാനത്ത് ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങി. അക്കാലത്ത് ഈനാടിന്റെ ഒന്നാം പേജ് ഇന്ത്യയിലും വിദേശത്തുമുള്ള ന്യൂസ് റൂമുകളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു: കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ഉത്തരവിടുന്നത് പോലെ, കൈ ഉയര്‍ത്തി നില്‍ക്കുന്ന എന്‍ടിആറിന്റെ ഒരു വലിയ ചിത്രം അതില്‍ ഉണ്ടായിരുന്നു.
തലക്കെട്ട് ഇതായിരുന്നു: ''എന്‍ടിആര്‍ സൂപ്പര്‍ ഹിറ്റ്'', സിനിമാ ഭാഷയിലെ ട്വിസ്റ്റ്. യാഥാസ്ഥിതിക പത്രങ്ങള്‍ക്ക് ഒരു ഞെട്ടലുണ്ടായി, അതില്‍ നിന്ന് അവര്‍ ഒരിക്കലും കരകയറിയുമില്ല. രാഷ്ട്രീയക്കാരനെന്ന നിലയില്‍ രാമറാവുവിന്റെ ഉയര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. ടിഡിപിയുമായുള്ള റാവുവിന്റെ ബന്ധം അദ്ദേഹത്തിന് 'കിംഗ് മേക്കര്‍' എന്ന പേരു നല്‍കി.
എന്നിരുന്നാലും, എന്‍ടിആറിന്റെ തന്ത്രങ്ങളും നിലപാടുകളും രാമോജി റാവുവിന് വൈകാതെ മടുത്തു. അല്ലുഡു ഗരു (മരുമകന്‍) എന്നറിയപ്പെടുന്ന നാരാ ചന്ദ്രബാബു നായിഡുവിന്റെ കലാപത്തെ സാമ്പത്തികമായും മാധ്യമ സ്രോതസ്സുകളുടെ കാര്യത്തിലും അദ്ദേഹം ശക്തമായി പിന്തുണച്ചു. ടിഡിപി പിളരുകയും എന്‍ടിആര്‍ തന്റെ ഭാര്യയും പിന്നീട് വിധവയുമായ ലക്ഷ്മി പാര്‍വതിയോടൊപ്പം പതുക്കെ വിസ്മൃതിയിലേക്ക് മുങ്ങുകയും ചെയ്തു. റാമോജി റാവു പിന്നീട് ടിഡിപിയില്‍ നിന്ന് അകന്നു, എങ്കിലും നായിഡുവിനെ പിന്തുണച്ചു. 1999-ഓടെ ചന്ദ്രബാബു നായിഡു, ആന്ധ്രാപ്രദേശിന്റെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി മാറി. ഈനാടിന്റെ പതറാത്ത പിന്തുണ തുടര്‍ന്നും അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരുന്നു. 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നായിഡു പരാജയപ്പെടുകയും 294 നിയമസഭാ സീറ്റുകളില്‍ 185 സീറ്റും കോണ്‍ഗ്രസ് നേടുകയും ചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ രാമോജി റാവുവിനേയും ഈനാട് ഗ്രൂപ്പിനേയും വേട്ടയാടാന്‍ തുടങ്ങിയത് സ്വാഭാവികം. മുഖ്യമന്ത്രിയായ വൈഎസ് രാജശേഖര്‍ റെഡ്ഡിയും മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയും എതിരാളികളായി. അവര്‍ ടിവി ചാനലായ സാക്ഷി ആരംഭിച്ചതുതന്നെ രാമോജി റാവുവിനെ നേരിടാനായിരുന്നു.
ഈനാട് പത്രത്തിന്റെ പ്രാദേശിക ഓഫീസുകളും ടിവി ചാനലുകളുടെ സ്റ്റുഡിയോകളും ഫിലിം സിറ്റിയിലേക്ക് മാറ്റി. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് ഈനാട് ജീവനക്കാര്‍ സമരത്തിനിറങ്ങി. കുറഞ്ഞ ഭവന വാടകയുള്ള ഗ്രാമപ്രദേശങ്ങളില്‍ ശമ്പളച്ചെലവ് കുറയ്ക്കുന്നതിന് 30% വീട്ടുവാടക അലവന്‍സ് നല്‍കുന്നതില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത് ചെയ്തതെന്നായി ജീവനക്കാര്‍.
വൈ എസ് നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ബാങ്കിംഗ് ഇതര കമ്പനി നിക്ഷേപം സ്വീകരിച്ചതിന് രാമോജി റാവുവിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചു. മാര്‍ഗദര്‍ശിക്കെതിരെ രാജശേഖര റെഡ്ഡി ക്രിമിനല്‍ കേസ് ചുമത്തിയിരുന്നു.
നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ മാര്‍ഗദര്‍ശിക്ക് കഴിയുന്നില്ലെന്ന ആരോപണത്തെത്തുടര്‍ന്ന്, ഉഷോദയ എന്റര്‍പ്രൈസസിന്റെ 26% ഓഹരികള്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണ്‍ ഗ്രൂപ്പിന് വിറ്റ് പ്രശ്‌നം തീര്‍ത്തു.
ആന്ധ്രാപ്രദേശില്‍ ജഗന്‍ നേതൃത്വം നല്‍കിയ് ശേഷം, ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരും സമാനമായ ആരോപണങ്ങളില്‍ മാര്‍ഗദര്‍ശി ഗ്രൂപ്പിനെതിരെ കേസെടുത്തു. റാവുവിന്റെ ബിസിനസ്സ് രീതികള്‍ തുറന്നുകാട്ടാന്‍ തന്റെ പിതാവിനെപ്പോലെ ജഗനും തങ്ങളുടെ സാക്ഷി എന്ന ദിനപത്രത്തെ വേണ്ടുവോളം ഉപയോഗപ്പെടുത്തി.
തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനോട് രാമോജി റാവു ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. പ്രത്യേക തെലങ്കാന യാഥാര്‍ത്ഥ്യമാകുമെന്ന് കണ്ടപ്പോള്‍, സംസ്ഥാന വിഭജനത്തിന് മൂന്ന് മാസം മുമ്പ് തെലങ്കാനയ്ക്ക് മാത്രമായി ഇ ടിവി തെലുങ്ക് ചാനലിന് റാവു ലൈസന്‍സ് നേടി. ചന്ദ്രശേഖര്‍ റാവു മാധ്യമ മുതലാളി രാമോജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഈനാട് പത്രവും തെലങ്കാനയ്ക്ക് അനുകൂലമായി നിലകൊണ്ടു.
തന്റെ എല്ലാ വിജയത്തിനും കാരണക്കാരിയായ ഭാര്യയുടെ വിയോഗം വല്ലാത്തൊരു ഞെട്ടലായിപ്പോയി രാമോജി റാവുവിന്. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹത്തിന്റെ മക്കളായ കിരണും സുമനും അദ്ദേഹത്തോടൊപ്പം നിന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ഇപ്പോള്‍ ബിസിനസ്സ് കൈകാര്യം ചെയ്യുന്നു, എന്നിരുന്നാലും, ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള റാമോജി സിറ്റിയിലെ തന്റെ ഫിലിം സിറ്റിയില്‍ ഇരുന്നുകൊണ്ട് രാമോജി റാവു കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പ്രത്യേകിച്ച് ആന്ധ്രാപ്രദേശും തെലങ്കാനയും വിഭജിക്കുന്ന സമയത്ത് ബിസിനസിലും രാഷ്ട്രീയത്തിലും തന്ത്രങ്ങള്‍ മെനയുകയായിരുന്നു.
രാമോജി റാവു ബിസിനസും രാഷ്ട്രീയവും തന്മയത്വത്തോടെ കൈകാര്യം ചെയ്തു. തന്റെ ശ്രദ്ധേയമായ ജീവിതത്തിന്റെ ഭൂരിഭാഗവും രണ്ടിലും സജീവ പങ്കാളിയുമായിരുന്നു. 2016ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് റാവു പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി. ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍.
ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള അബ്ദുള്ളപൂരിമെറ്റിലെ ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്സായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് സാക്ഷ്യപ്പെടുത്തിയ റാമോജി ഫിലിം സിറ്റി ഒഴികെയുള്ള പ്രോജക്ടുകളില്‍ റാവുവിന്റെ പേര് ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചതാണ് ബിസിനസ്സിലെ വിപുലീകരണ രീതിയുടെ പ്രധാന കാര്യം. ആറ് വര്‍ഷത്തിന് ശേഷം ഫിലിം സിറ്റി കവാടത്തില്‍ ഭാര്യ രമാദേവിയുടെ പേരില്‍ ഒരു പൊതുവിദ്യാലയവും ആരംഭിച്ചു.
സ്ത്രീകള്‍ക്കു മാത്രമായുള്ള വസ്ത്രാലയം അതിനുള്ള ഷോപ്പിംഗ് മാളുകള്‍ നടത്തുന്നത് രാമോജിയുടെ മൂത്ത മരുമകള്‍ സൈലജ കിരണ്‍ ആണ്. രാമോജി ഫിലിം സിറ്റിയിലും വിശാഖപട്ടണത്തും ഹോസ്പിറ്റാലിറ്റി ആവശ്യകതകള്‍ നിറവേറ്റുന്ന ഡോള്‍ഫിന്‍ ഗ്രൂപ്പിന്റെ ഹോട്ടലുകള്‍ നിയന്ത്രിക്കുന്നത് ഇളയ മരുമകള്‍ വിജയേശ്വരിയാണ്.
എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ ടിവി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനായ അദ്ദേഹത്തിന്റെ മകന്‍ സുമന്‍ പ്രഭാകര്‍ 2012-ല്‍ 45-ാം വയസ്സില്‍ അഞ്ച് വര്‍ഷത്തോളം ക്യാന്‍സറുമായി മല്ലിട്ട് മരിച്ചത് എന്നും രാമോജിക്ക് തീരാ വേദനയായിരുന്നു.
87-ാം വയസ്സില്‍ വിശ്രമജീവിതത്തിലേക്ക് കടന്ന രാമോജി റാവു ഹൈദരാബാദിലെ കോര്‍പ്പറേറ്റ് ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെയാണ് ജൂണ്‍ എട്ടിന് പുലര്‍ച്ചെ ഇഹലോക വാസം വെടിഞ്ഞത്. സംസ്ഥാന ബഹുമതികളോടെ തെലങ്കാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തി. സംസ്ഥാനം റാമോജി റാവുവിന് നല്‍കിയ ആദരവിന്റെ അളവുകോലായി ഇതിനെ കണക്കാക്കാം.