രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് വയനാട് മുട്ടിൽ വനം കൊള്ള നടന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി, വനം മന്ത്രി, റവന്യു മന്ത്രി എന്നിവർക്കെല്ലാം ഇതിൽ ഉത്തരവാദിത്വം ഉണ്ട്. മുഖ്യമന്ത്രി അറിഞ്ഞുക്കൊണ്ടുള്ള ഉത്തരവിനെ പറ്റി വിജിലൻസ്, ഫോറസ്റ്റ്, ക്രൈംബ്രാഞ്ച് ഇവയൊന്നും അന്വേഷിച്ചാൽ കുറ്റം തെളിയില്ല. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് തയ്യാറാണോ, അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മുട്ടിൽ വനം കൊള്ള നടന്ന പ്രദേശങ്ങൾ സന്ദർശിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെയും വനം റവന്യു വകുപ്പുകളെയും രൂക്ഷമായി വിമർശിച്ച് കൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മരം മുറിച്ച പ്രതികളെ എന്ത് കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ല? തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുത്തെങ്കിലും എന്ത് കൊണ്ടാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്? എന്ത് കൊണ്ട് ഇവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കുന്നില്ല? കർഷകന്റേയും ഉദ്യോഗസ്ഥരുടേയും തലയിൽ കുറ്റം കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമം അനുവദിക്കില്ല. സ്വൈര്യവിഹാരം നടത്തുന്ന യഥാർത്ഥ കാട്ടുകള്ളന്മാരെ അഴികൾക്കുള്ളിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഈ മാസം 24ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ സോഷ്യൽ മീഡിയ പോസ്റ്റ്
കേരളത്തിലെ എട്ടു ജില്ലകളിൽ നടന്ന വനംകൊള്ള ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് ഉന്നതതലങ്ങളിൽ അരങ്ങേറുന്നത്. റവന്യു വകുപ്പും വനം വകുപ്പും പരസ്പരം കുറ്റപ്പെടുത്തി യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
മരം മുറിച്ച പ്രതികളെ എന്ത് കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ല? തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുത്തെങ്കിലും എന്ത് കൊണ്ടാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്? എന്ത് കൊണ്ട് ഇവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കുന്നില്ല?
കർഷകന്റേയും ഉദ്യോഗസ്ഥരുടേയും തലയിൽ കുറ്റം കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമം അനുവദിക്കില്ല. കർഷകർ വച്ച് പിടിപ്പിച്ച മരങ്ങൾക്ക് കർഷകർ തന്നെയാണ് അവകാശികൾ. പക്ഷെ ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് നോക്കൂ, 200-300 വർഷം പഴക്കമുള്ള ഈട്ടിത്തടിയും സർക്കാരിലേക്ക് റിസർവ് ചെയ്ത വലിയ മരങ്ങളും വെട്ടി കൊണ്ടുപോകുന്ന കാട്ടുകൊള്ളയാണ് നടക്കുന്നത്.
ഈ മരങ്ങൾ വെട്ടാനായി ഒരു നിയമത്തിന്റെയും പിൻബലത്തിൽ അല്ല ഉത്തരവ് ഇറക്കിയിരിക്കുന്നത്. വനസമ്പത്ത് വെട്ടിമാറ്റുന്നത് തടയാൻ ശ്രമിക്കുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വരെ സർക്കുലറിൽ പറയുന്നു. ഏതെങ്കിലും കാലത്ത്, ഏതെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരം നടപടി ഉണ്ടായിട്ടുണ്ടോ?
വയനാട് മുട്ടിൽ സന്ദർശിച്ചപ്പോൾ ഒരു കാര്യം വ്യക്തമാണ്, വളരെ ബോധപൂർവ്വം വനസമ്പത്ത് കൊള്ളയടിക്കുന്നതിനായി സർക്കാർ കൂട്ടുനിൽക്കുകയാണ്.
മുഖ്യമന്ത്രി, വനം മന്ത്രി, റവന്യു മന്ത്രി എന്നിവർക്കെല്ലാം ഇതിൽ ഉത്തരവാദിത്വം ഉണ്ട്. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടുള്ള ഉത്തരവിനെ പറ്റി വിജിലൻസ്, ഫോറസ്റ്റ്, ക്രൈംബ്രാഞ്ച് ഇവയൊന്നും അന്വേഷിച്ചാൽ കുറ്റം തെളിയില്ല.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് തയ്യാറാണോ, അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാണോ?
രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ നടന്നതാണ് ഈ മരംമുറി. ഈട്ടി കൊള്ളയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മതിച്ചു. സ്വൈര്യവിഹാരം നടത്തുന്ന യഥാർത്ഥ കാട്ടുകള്ളന്മാരെ അഴികൾക്കുള്ളിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഈ മാസം 24 ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ പഞ്ചായത്തിലും സമരം നടത്തും.
വയനാട്ടിൽ 35 ലോറി സ്പിരിറ്റ് പിടിച്ചിട്ട് പോലും കേസ് എടുത്തിട്ടില്ല എന്നറിയുമ്പോഴാണ് ഇടത് ഭരണത്തിൽ മാഫിയകൾ എത്രത്തോളം പിടിമുറുക്കി എന്ന് നാം മനസിലാക്കുന്നത്.