Around us

‘കേരളത്തിലെവിടെയാണ് 1200 രൂപ ദിവസക്കൂലിയുള്ളത്?’; കിഫ്ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ മുഖ്യമന്ത്രിയോട് പത്ത് ചോദ്യവുമായി ചെന്നിത്തല

THE CUE

കിഫ്ബി-കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതി ആരോപണത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. നിര്‍മ്മാണ കരാറുകള്‍ വന്‍കിട കമ്പനികള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ക്വോട്ട് ചെയ്ത ഏറ്റവും കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയുടെ പത്തു ശതമാനത്തില്‍ കൂടുതലാണെങ്കില്‍ അത് റീടെന്‍ഡര്‍ ചെയ്യണമെന്ന ചട്ടം പാലിച്ചില്ല, മസാല ബോണ്ട് അടക്കമുള്ള മാര്‍ഗ്ഗങ്ങളിലൂടെ 10 ശതമാനം പലിശക്ക് തുക ലഭ്യമാക്കിയ ശേഷം 8-9 ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്നതിലെ സാമ്പത്തിക ശാസ്ത്രമെന്താണ്തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് കത്തില്‍ ആവശ്യപ്പെടുന്നു.

കെഎസ്ഇബി ചിത്തിരപുരം യാര്‍ഡില്‍ മണ്ണുമാറ്റി തറ നിര്‍മാണത്തിനായി 11 ലക്ഷം രൂപയുടെ ഐറ്റം ജോലി അവസാനിപ്പിച്ചപ്പോള്‍ 1100 ലക്ഷം രൂപ ചെലവായത് എങ്ങനെയെന്ന് അന്വേഷണ വിധേയമാക്കാമോ?
രമേശ് ചെന്നിത്തല

ഇപ്പോള്‍ തന്നെ കടബാധ്യതയില്‍ പെട്ടുനില്‍ക്കുന്ന കെഎസ്ഇബി ഈ തുകകള്‍ എങ്ങിനെ തിരിച്ചടക്കും, പദ്ധിയേക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണുര്‍ ഓഫീസില്‍ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ നടന്നിട്ടുണ്ടോ? പദ്ധതിയുടെ സുതാര്യതയേക്കുറിച്ച് വിശദീകരണം ചോദിച്ച രണ്ടു മുന്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചോ? തുടക്കം മുതല്‍ ഇതുവരെ ഒരേ വ്യക്തി മാത്രമാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് അടക്കം എല്ലാ കാര്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്, എസ്റ്റിമേറ്റിലേതുപോലെ കേരളത്തിലെവിടെയാണ് 1200 രൂപ ദിവസക്കൂലി ലഭിക്കുന്നത്? തുടങ്ങിയ കാര്യങ്ങളും പ്രതിപക്ഷ നേതാവ് കത്തില്‍ ആരായുന്നു.

മുഖ്യമന്ത്രിയോടുള്ള ചെന്നിത്തലയുടെ 10 ചോദ്യങ്ങള്‍

1) 2017 ല്‍ അന്നത്തെ ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറിയും ഇന്നത്തെ കിഫ്ബി സിഇഒയുമായ വ്യക്തി പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു പദ്ധതിയുടെ ടെന്‍ഡര്‍ നടപടിയില്‍ ക്വോട്ട് ചെയ്ത ഏറ്റവും കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയുടെ പത്തു ശതമാനത്തില്‍ കൂടുതലാണെങ്കില്‍ അത് റീടെന്‍ഡര്‍ ചെയ്യണമെന്നും, അതിനു ശേഷവും ഇതുതന്നെ സംഭവിക്കുകയാണെങ്കില്‍ എസ്റ്റിമേറ്റ് പുതുക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ തന്നെ സ്ഥാപനമായ കെ എസ് ഇ ബിക്കു സര്‍ക്കാറിന്റെ ഉത്തരവുകള്‍ ബാധകമല്ല എന്ന കെ എസ് ഇ ബിയുടെ വാദം അങ്ങ് അംഗീകരിക്കുന്നുണ്ടോ?

2) കെ എസ് ഇ ബി ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ നടത്തിപ്പില്‍ 8 മുതല്‍ 9 ശതമാനം വരെ പലിശയുള്ള വായ്പ നല്‍കുക എന്ന കടമ മാത്രമേ കിഫ്ബിക്കുള്ളു എന്നാണ് കെ എസ് ഇ ബി വിശദീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കമ്പോള നിരക്കിലും ഉയര്‍ന്ന നിരക്കില്‍ വായ്പ നല്‍കുന്ന വട്ടിപലിശക്കാരെന്റെ ജോലിയിലേക്ക് കിഫ്ബി ഒതുങ്ങിപോയതെങ്ങെനെ എന്ന് വിശദമാക്കാമോ?.ഇങ്ങനെ ഒരു വായ്പയാണെങ്കില്‍ ഇതിന്റെ ലോണ്‍ എഗ്രിമെന്റ് ലഭ്യമാക്കാമോ?. മസാല ബോണ്ട് അടക്കമുള്ള മാര്‍ഗ്ഗങ്ങളിലൂടെ 10 ശതമാനം പലിശക്ക് തുക ലഭ്യമാക്കിയ ശേഷം 8-9 ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്നതിലെ സാമ്പത്തിക ശാസ്ത്രം അങ്ങ് പരിശോധന വിധേയമാക്കാമോ?

3) കെ എസ് ഇ ബി പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാകുന്നത് സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന പി ഡബ്ലൂ ഡി നിരക്കിലല്ല മറിച്ച് ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് പ്രകാരമാണെന്നാണ് കെ എസ് ഇ ബിയുടെ വാദം. സര്‍ക്കാര്‍ കമ്പനികള്‍ പി ഡബ്ലൂ ഡി നിരക്കിലാണ് എസ്റ്റിമേറ്റുകള്‍ തയ്യാറാക്കേണ്ടത് എന്നിരിക്കെ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് അംഗീകരിച്ചു നടപ്പിലാക്കുന്നത് ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ടോ?. സാധാരണഗതിയില്‍ സിവില്‍ വര്‍ക്കുകള്‍ക്കാണ് ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് ഉപയോഗിക്കുന്നത്. വെറും ഇരുപതു ശതമാനത്തോളം സിവില്‍ വര്‍ക്കും എണ്‍പതു ശതമാനത്തോളം ഇലെക്ട്രിക്കല്‍ വര്‍ക്കും വരുന്ന ഈ പദ്ധതിയില്‍ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് അംഗീകരിച്ചത് എങ്ങനെ എന്ന് വിശദമാക്കാമോ?

4) വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതികള്‍ക്ക് താത്കാലിക അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.എന്നാല്‍ ഈ പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ് ഉപഗോഗിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍ക്കിയിട്ടുണ്ടോ? ഇപ്പോള്‍ തന്നെ കടബാധ്യതയില്‍ പെട്ട് നില്‍ക്കുന്ന കെ എസ ഇ ബി ഈ തുകകള്‍ എങ്ങിനെ തിരിച്ചടക്കും എന്ന് വ്യക്തമാക്കാമോ?

5) കിഫ്ബി വഴി നടപ്പിലാക്കുന്ന കെ എസ് ഇ ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക മറ്റു പദ്ധതികളുടെ എസ്റ്റിമേറ്റുകളെക്കാള്‍ 60 ശതമാനത്തിലും ഉയര്‍ന്ന നിരക്കിലാണ് നടത്തിയിരിക്കുന്നത്. കൂടാതെ മറ്റു പദ്ധതികളുടെ എസ്റ്റിമേറ്റു പ്രക്രിയകളില്‍ നിന്നും വിഭിന്നമായി ട്രാന്‍സ്ഗ്രിഡ് പദ്ധതികള്‍ക്കായി നടത്തുന്ന എസ്റ്റിമേറ്റുകള്‍ ഒരു ഉദ്യോഗസ്ഥന്റെ മാത്രം മേല്‍നോട്ടത്തിലാണ് നടക്കുന്നത്.ട്രാന്‍സ്ഗ്രിഡിന്റെ പദ്ധതികള്‍ക്കായി ബോര്‍ഡിന്റെ ജൂനിയര്‍ ഡെപ്യുട്ടി ചീഫ് എന്‍ജിനീയറെ ചീഫ് എന്‍ജിനീയരുടെ അധിക ചുമതല കൊടുത്തു അവിടെ നിയമിച്ചു. നിരവധിപേരെ മറികടന്നാണ് അദ്ദേഹത്തെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ അവിടെ നിയമിച്ചത്. പിന്നീട് ഇദേഹം ചീഫ് എന്‍ജിനീയറായപ്പോള്‍ ഇദ്ദേഹത്തെ ഉത്തരമേഖലാ ചീഫ് എന്‍ജിനീയറായി നിയമിക്കുകയും ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ മുഴുവന്‍ ചുമതലയും നല്‍കുകയും ചെയ്തു.തുടര്‍ന്ന് ട്രാന്‍സ്ഗ്രിഡ് ചീഫ് എന്‍ജിനീയരുടെ തസ്തികയുണ്ടാക്കുകയും ഇദ്ദേഹത്തെ തന്നെ നിയമിക്കുകയും ചെയ്തു. പ്രോജെക്ടിന്‍ന്റെ തുടക്കം മുതല്‍ ഇതുവരെ ഈ വ്യക്തി മാത്രമാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് അടക്കം എല്ലാ കാര്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പരിശോധനവിധേയമാക്കാമോ?

6) കെ എസ് ഇ ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപെട്ടു പരാതിയുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണുര്‍ ഓഫീസില്‍ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ നടന്നിട്ടുണ്ടോ;ഉണ്ടെകില്‍ പ്രസ്തുത നടപടിയുടെ കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു എന്ന് വിശദമാക്കാമോ?

7) കെ എസ് ഇ ബി ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ നടത്തിപ്പിനായി ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കണമെന്ന് നിഷ്‌കര്‍ഷിക്കുയും,ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ സുതാര്യയമില്ലായ്മയെ കുറിച്ച് രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്മിഷന്‍ ഡയറക്ടറോട് വിശദീകരണം ചോദിക്കുകയും ചെയ്ത രണ്ടു മുന്‍ കെ എസ് ഇ ബി ചെയര്‍മാന്‍മാര്‍ക്ക് സ്ഥാനഭ്രഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാമോ?

8) ട്രാന്‍സ്ഗ്രിഡ് ടെന്‍ഡറുകളിലെ എസ്റ്റിമേറ്റുകള്‍ ഉയര്‍ന്ന നിരക്കിലാണ് ചെയ്തിരിക്കുന്നത് എന്ന എന്റെ വാദം അംഗീകരിച്ചുകൊണ്ട് കെ എസ് ഇ ബി നല്‍കിയ വിശദീകരണത്തില്‍ നിരത്തിയിരിക്കുന്ന കാരണം കേരളത്തിലെ ദിവസക്കൂലി നിരക്ക് 1000 മുതല്‍ 1200 രൂപവരെയാണെന്നുള്ളതാണ്. കേരളത്തിലെവിടെയാണ് 1200 രൂപ ദിവസക്കൂലി ലഭിക്കുന്നത് എന്ന് അന്വേഷണ വിധേയമമാക്കാമോ?

9) കെ എസ് ഇ ബി ചിത്തിരപുരം യാര്‍ഡില്‍ മണ്ണുമാറ്റി തറ നിര്‍മാണത്തിനായി 11 ലക്ഷം രൂപയുടെ ഐറ്റം ജോലി അവസാനിപ്പിച്ചപ്പോള്‍ 1100 ലക്ഷം രൂപ ചെലവായത് എങ്ങനെയെന്ന് അന്വേഷണ വിധേയമാക്കാമോ?

10) കെ എസ് ഇ ബി ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ നടത്തിപ്പിനായി നടത്തുന്ന ടെന്‍ഡര്‍ നടപടികളില്‍ ഏതാനും ചില കമ്പനികള്‍ക്കായി പ്രീ ക്വാളിഫയ് നിബന്ധനകളില്‍ അടിക്കടി മാറ്റം വരുത്തുന്ന കാര്യം എന്തിനാണെന്ന് അന്വേഷണ വിധേയമാക്കാമോ?

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT