പാർട്ടിയോട് കൂറും ആത്മാർത്ഥയുമുള്ള പുതുതലമുറയെ വളർത്തിയില്ലെങ്കിൽ കേരളത്തിന്റെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി മാറുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താന്റെ മുന്നറിയിപ്പ്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്ന നിലയിൽ ആണെന്നും ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോഡ് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്‌മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ
സമസ്ത മേഖലകളിലും മാറ്റം അതാവശ്യമാണ്. ക്ഷെ പൂച്ചയ്ക്കാര് മണികെട്ടുമെന്നതാണ് പ്രശ്‌നം. അത് പറയാന്‍ ആരും ധൈര്യം കാണിക്കുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തത് ഗ്രൂപ്പ് രാഷ്ട്രീയമാണ്. പാര്‍ട്ടിയോട് കൂറും പ്രതിബന്ധതയും വിധേയത്വവുമുള്ള ഒരു തലമുറയെ കോണ്‍ഗ്രസിനകത്ത് വാര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം എല്ലാവര്‍ക്കുമറിയാം. ആ വികാരം ഉള്‍ക്കൊള്ളണം. അതല്ല ഈ പാര്‍ട്ടി ഒരു കാരണവശാലും നന്നാവേണ്ട എന്ന താല്‍പര്യമുണ്ടെങ്കില്‍ പിന്നെ ആ വഴിക്ക് ചിന്തിക്കാം.
പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഇനിയും തീരുമാനമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചിരിക്കുന്നത് . കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് വേണ്ടി പാര്‍ട്ടിയിലെ യുവ എം.എല്‍.എമാര്‍ വാദിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളുടെ നിലപാടാണ് വീണ്ടും ഹൈക്കമാന്‍ഡിനെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ ഒരു തലമുറമാറ്റം വേണം, രമേശ് ചെന്നിത്തല സ്ഥാനം ഒഴിഞ്ഞ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണം, എന്നീ ആവശ്യങ്ങളാണ് യുവനിരയില്‍ നിന്ന് പ്രധാനമായും ഉയര്‍ന്നത്.
എന്നാല്‍ ഇതിനിടയല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായാല്‍ മതിയെന്ന നിലപാടെടുത്തത് ഹൈക്കമാന്‍ഡിനെ വീണ്ടും വെട്ടിലാക്കി. ഐ ഗ്രൂപ്പും എ ഗ്രൂപ്പും രണ്ട് പേരുകള്‍ നിര്‍ദേശിക്കുമെന്നായിരുന്നു ഹൈക്കമാന്‍ഡ് കരുതിയത്. എന്നാല്‍ എ ഗ്രൂപ്പിന്റെ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണം എന്ന ആവശ്യത്തിനൊപ്പമാണ് ഉമ്മന്‍ ചാണ്ടി നില്‍ക്കുന്നത്. പാര്‍ട്ടിയേയും മുന്നണിയേയും ഒരു പോലെ മുന്നോട്ട് കൊണ്ടുപോകേണ്ടതിനാല്‍ പരിചയ സമ്പത്തുള്ളവര്‍ വരട്ടെയെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചിരിക്കുന്നത്.
ചെന്നിത്തലയുടെ വാക്കുകള്‍ ജനം വിശ്വസിക്കുന്നില്ല, അഴിച്ചുപണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടമാകുമെന്നാണ് സതീശനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ സംഘടനാ തലത്തില്‍ മൊത്തം അഴിച്ചുപണി വേണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണെന്നും കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാറികൊടുക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലെന്നും മുരളി കൂട്ടിച്ചേര്‍ത്തു.