Around us

അടൂരിപ്പോഴും പഴയ മാടമ്പി, ഫ്യൂഡല്‍ വ്യവസ്ഥയിലാണ്; വിദ്യാര്‍ഥി സമരത്തിന് എല്ലാ പിന്തുണയുമെന്ന് രാജീവ് രവി

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനങ്ങള്‍ക്കും സംവരണ അട്ടിമറിക്കുമെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സംവിധായകന്‍ രാജീവ് രവി. വിദ്യാര്‍ഥി സമരത്തിന് എല്ലാവിധ പിന്തുണയുമുണ്ടെന്നും കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വലിയ അഴിച്ചുപണിയുടെ ആവശ്യമുണ്ടെന്നും രാജീവ് രവി ദ ക്യുവിനോട് പറഞ്ഞു. വിദ്യാഭ്യാസം ഔദാര്യമാണെന്നുള്ള രീതിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍മോഹനും ചെയര്‍മാന്‍ അടൂരും സംസാരിക്കുന്നത്, നിങ്ങള്‍ വന്ന് ഞങ്ങള്‍ പറയുന്നത് പോലെ അനുസരിച്ച് വേണമെങ്കില്‍ പഠിച്ചിട്ട് പൊയ്ക്കോളൂ എന്ന തരത്തിലാണ് അവരുടെ പെരുമാറ്റം, അതല്ലല്ലോ, ഇത് അവകാശമാണ്. അത് അത് ചോദിച്ച് വാങ്ങാനുള്ള ധൈര്യം കുട്ടികള്‍ക്കുണ്ടെങ്കില്‍ അത് അവര്‍ ചോദിച്ച് വാങ്ങിക്കുക തന്നെ ചെയ്യുമെന്ന് രാജീവ് രവി പറഞ്ഞു.

അടൂര്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് നിര്‍ബന്ധം പിടിക്കരുത്

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്വാളിറ്റി നശിപ്പിക്കുന്ന തീരുമാനങ്ങളാണ് നിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിനിമ പഠിക്കാന്‍ വരുന്ന കുട്ടികള്‍ പഠിച്ച് എത്രയും പെട്ടെന്ന് പുറത്ത് പോകണം, വെറുതെ മരത്തിന്റെ ചുവട്ടിലിരുന്ന് സമയം കളയരുതെന്നെല്ലാം പണ്ട് അടൂര്‍ എഫ്ടിഐയിലും പറഞ്ഞതാണ്. അത് അന്ന് വിദ്യാര്‍ഥികള്‍ അടൂരിനെ സമരം ചെയ്ത് തോല്‍പ്പിച്ചു. കോഴ്സ് ദൈര്‍ഘ്യം കുറക്കുന്നതുള്‍പ്പെടെ അടൂരിന്റെ നയങ്ങള്‍ നടപ്പാക്കാനായില്ല. ഇപ്പോള്‍ ഇവിടെയും അടൂര്‍ അതേ പോലെയാണ് ചെയ്യാന്‍ ശ്രമിക്കുന്നത്, അങ്ങനെയല്ലല്ലോ വേണ്ടത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് എല്ലാം ശരിയാണെന്ന് നിര്‍ബന്ധം പിടിക്കരുതല്ലോ. പുള്ളി പറയുന്നത് ശരി ബാക്കിയുള്ളവര്‍ മണ്ടന്മാര്‍ എന്ന് പറയുന്നതെല്ലാം നിര്‍ത്തേണ്ട സമയം കഴിഞ്ഞു, തെറ്റ് നടന്ന് കഴിഞ്ഞാല്‍, അതിനോട് കണ്ണടച്ചിരുന്നിട്ട് സിനിമ കാണാന്‍ എത്ര കണ്ണ് തുറന്ന് വെച്ചാലും അതില്‍ നിന്നൊന്നും പഠിക്കാനില്ല. അവനവന്റെ ജീവിതവും ചുറ്റുപാടുകളുമായി ബന്ധപ്പെട്ടാണ് സിനിമ നില്‍ക്കുന്നത്, അത് അടൂരും പറഞ്ഞിട്ടുള്ളതാണ്.

അടൂരിന് വിദ്യാര്‍ഥികളോട് തോല്‍ക്കുമോയെന്ന വാശി

അടൂരിപ്പോള്‍ പറയുന്നതൊക്കെ ഒരു വാശിപ്പുറത്താണ്, പിള്ളേരോട് തോറ്റ് കൊടുക്കാനുള്ള പേടിയില്‍ നിന്നാണ്. പിള്ളേരോട് തോറ്റ് കൊടുത്താല്‍ എന്താണ് കുഴപ്പം, അവര്‍ക്ക് പുള്ളിയുടെ കൊച്ചുമക്കളുടെ പ്രായമല്ലേയുള്ളൂ, അവര്‍ക്ക് എന്തെങ്കിലും പറഞ്ഞ് കൊടുക്കാനുണ്ടെങ്കില്‍ അത് പറഞ്ഞ് കൊടുക്കുക, അവരുടെ ഭാവിക്ക് വേണ്ടി നമുക്ക് ചെയ്യാന്‍ പറ്റുന്നത് എന്തെങ്കിലും ചെയ്ത് കൊടുക്കുക, അല്ലാതെ നമ്മള് പിടിച്ച മുയലിന് നാല് കൊമ്പ് എന്ന് പറഞ്ഞ് വാശി പിടിച്ച്, ഈഗോ കാണിച്ചിട്ടെന്തിനാണ്.

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഐഎഫ്എഫ്‌കെയില്‍ നടത്തിയ സമരത്തില്‍ നിന്ന്

തെറ്റാണെന്ന് കണ്ടാല്‍ സമരം ചെയ്യണം

തെറ്റാണെന്ന് കണ്ടാല്‍ സമരം ചെയ്യണം, ഉറപ്പായും സമരം ചെയ്യണം, വിദ്യാര്‍ഥികള്‍ ആദ്യം പഠിക്കേണ്ടത് സമരം ചെയ്യാനാണ്. ഞങ്ങളൊക്കെ ഒരുപാട് സമരം ചെയ്ത് തന്നെയാണ് പഠിച്ചിട്ടുള്ളത്. പഠിക്കുന്ന സമയത്ത് എല്ലാ ഘട്ടങ്ങളിലും ആവശ്യങ്ങളും അവകാശങ്ങളും ചോദിച്ചിട്ടുള്ളതും അത് നേടിയെടുത്തതുമെല്ലാം സമരം ചെയ്തിട്ട് തന്നെയാണ്,, അങ്ങനെ സമരം ചെയ്തപ്പോള്‍ ചില നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം പക്ഷേ അതില്‍ ബുദ്ധിമുട്ടില്ല കാരണം ആ സമരം കൊണ്ടെല്ലാം ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് ഗുണങ്ങളുണ്ടായിട്ടുണ്ട്., അങ്ങനെ സമരം ചെയ്ത് തന്നെയാണ് ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിരിക്കുന്നത്.

അടൂരിന്റെ മനസ്സൊന്നും മാടമ്പി-ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്ന് മാറിയിട്ടില്ല

ശുചീകരണതൊഴിലാളികളെക്കുറിച്ച് അടൂര്‍ പറഞ്ഞത് പറയാന്‍ കൊള്ളില്ലാത്ത വര്‍ത്തമാനങ്ങളാണ്. ഇപ്പോഴും അവരുടെ മനസ്സൊന്നും പഴയ മാടമ്പി ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്ന് മാറിയിട്ടില്ല എന്നാണത് കാണിക്കുന്നത്. ഇപ്പോഴും അവര്‍ ജീവിക്കുന്നത് വേറെ ഏതോ കാലഘട്ടത്തിലാണ്. മനുഷ്യനെ മനുഷ്യനായിട്ട് കാണാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്ത് സിനിമ ചെയ്തിട്ട് എന്ത് കാര്യം. സിനിമ ഉണ്ടാക്കുന്നത് വെറുതെ അവാര്‍ഡ് നേടാനും സ്വന്തം കാര്യങ്ങള്‍ നേടാനും മാത്രമല്ലല്ലോ. അതിനൊരു പര്‍പ്പസില്ലേ... പൈസ ഉണ്ടാക്കാന്‍ വേണ്ടി മാത്രം സിനിമ ചെയ്യുന്ന ഇന്‍ഡസ്ട്രിക്ക് ഒരു പരിധിവരെ ഇവരേക്കാളും സത്യസന്ധതയുണ്ട്. അല്ലാതെ ഇത്രയും വലിയ കാര്യങ്ങള്‍ പറഞ്ഞ , വലിയ സിനിമകളുണ്ടാക്കിയിട്ടും ഇതുപോലെയാണ് സംസാരിക്കുന്നതെങ്കില്‍ അതിലെന്താണ് കാര്യമുള്ളത്.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നത് ഇടതുപക്ഷ മന്ത്രിസഭ ഭരിക്കുമ്പോള്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വലിയ അഴിച്ചുപണിയുടെ ആവശ്യമുണ്ട്. അത് സര്‍ക്കാരായിട്ട് മുന്‍കൈ എടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഗൗരവമായി കണ്ട് ചെയ്യണ്ടേതാണ്. ഒരു ഇടതുപക്ഷ മന്ത്രിസഭ ഭരിക്കുന്ന സമയത്ത് നടക്കാന്‍ പാടില്ലാത്ത, ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് അത് മന്ത്രിസഭയും ഭരണത്തിലിരിക്കുന്നവരും ശ്രദ്ധിക്കണം, വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ഗൗരവത്തോടെ കേള്‍ക്കണം, അവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള നടപടികളുണ്ടാകണം.

സമരം ചെയ്യുന്ന കുട്ടികള്‍ക്കായി വര്‍ക്‌ഷോപ്പുകള്‍ എടുക്കും

സമരമായിട്ട് മുന്നോട്ട് പോകുന്ന കുട്ടികള്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകും, വിദ്യാര്‍ഥികള്‍ കാണാന്‍ വന്നിരുന്നു, അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ട് , ആ വിദ്യാര്‍ഥികളോട് നിരന്തരം സംസാരിക്കുന്നുണ്ട്, അവര്‍ക്ക് പിന്തുണയുമായി അവിടെ ചെല്ലുകയും ചെയ്യും. ഈ സമരം അത് അവരുടെ പഠനത്തെ ഒരുതരത്തിലും ബാധിക്കില്ല, സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി, ക്ലാസുകളെടുക്കാനും വര്‍ക്ക് ഷോപ്പുകളെടുക്കാനും ഞങ്ങള്‍ പോകും. എഫ്ടിഐയില്‍ പോയി സമരത്തിനിറങ്ങിയ കുട്ടികള്‍ക്ക് വേണ്ടി ഞങ്ങള്‍ ക്ലാസെടുത്തിട്ടുണ്ട്, വര്‍ക്ക് ഷോപ്പ് ചെയ്തിട്ടുണ്ട്. അത് തന്നെ ഇവിടെ ചെയ്യാനും റെഡിയാണ്.

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഐഎഫ്എഫ്‌കെയില്‍ നടത്തിയ സമരത്തില്‍ നിന്ന്

ഈ സമരം വിദ്യാര്‍ഥികളുടേതാണ്

ഈ സമരം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് തന്നെയാണ്, അവരെക്കൊണ്ടേ ഇത് പറ്റൂ, അവരുടെ പോരാട്ടമാണിത്, പുറത്ത് നിന്ന് നമുക്ക് സഹായിക്കാമെന്നേയുള്ളൂ, ഇങ്ങനെയുള്ള ആള്‍ക്കാരെ പൊളിച്ച് കാണിക്കേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്. അതിന് വേണ്ടി അവര്‍ ധൈര്യമായിട്ട് മുന്നോട്ട് പോകണം,

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT