Around us

മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് അരയ്ക്ക് താഴേക്ക് മര്‍ദ്ദനം, ഉരുട്ടിക്കൊല വ്യക്തമാക്കി രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

THE CUE

സാമ്പത്തിക തട്ടിപ്പു കേസില്‍ നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാര്‍ പൊലീസിന്റെ മൃഗീയ മര്‍ദ്ദനമുറയായ ഉരുട്ടലിന് വിധേയനെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാട്ടുകാര്‍ മര്‍ദ്ദിച്ച് പൊലീസിനെ ഏല്‍പ്പിച്ചെന്ന പൊലീസ് വാദം പൊളിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്കുമാറിന്റെ ശരീരത്തില്‍ അരയ്ക്ക് താഴേക്കാണ് മര്‍ദ്ദനമേറ്റതിലധികവും. കാല്‍വെണ്ണയിലും തുടയിലുമായി 7 ചതവുകളാണ് ഉള്ളത്.

ശരീരത്തിലാകമാനം 22 മുറിവുകളാണ് ഉണ്ടായിരുന്നത്. മുറിവുകള്‍ വഷളായതയും ആന്തരിക മുറിവിനെ തുടര്‍ന്നുണ്ടായ ന്യുമോണിയയുമാണ് മരണകാരണം. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നും വെള്ളം പോലും കൊടുക്കാതെ ക്രൂരപീഡനമാണ് ഉണ്ടായത്. രാജ് കുമാറിന്റെ മൂത്രസഞ്ചി കാലിയായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. രാജ്കൂമാര്‍ ദാഹിച്ച് നിലവിളിച്ചിട്ടും വെള്ളം കൊടുത്തില്ലെന്ന് സഹതടവുകാരന്‍ നേരത്തെ പുറത്തുപറഞ്ഞിരുന്നു.

രാജ്കുമാറിന്റെ തുട മുതല്‍ കാല്‍പാദം വരെ നാല് അസ്വാഭാവിക ചതവുകളുള്ളത് ഉരുട്ടലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മൂര്‍ച്ചയില്ലാത്ത ആയുധം ഉപയോഗിച്ചുള്ള മര്‍ദ്ദനമാണ് കാലുകളില്‍ ഏറ്റിരിക്കുന്നത്. നാട്ടുകാരാണ് മര്‍ദ്ദിച്ചതെങ്കില്‍ അരയ്ക്ക് മുകളിലാകും കൂടുതല്‍ പരുക്കുകള്‍ ഉണ്ടാവുക എന്നാണ് വിദഗ്ധരുടെ നിഗമനം.

ക്രൂര മര്‍ദ്ദനത്തിന് ഇരയായിട്ടും കൃത്യമായ ചികില്‍സ നല്‍കാന്‍ പൊലീസ് തയ്യാറാകാതിരുന്നതാണ് ന്യൂമോണിയയ്ക്കും മരണത്തിലേക്കും കാര്യങ്ങളെത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജൂണ്‍ 12ാം തീയതി മൂന്നുമണിക്കാണ് രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. 21ാം തിയ്യതിയാണ് പീരുമേട് സബ്ജയിലില്‍ രാജ് കുമാര്‍ മരിച്ചത്. പ്രതിയുടെ കാലുകളിലെ മുറിവാണ് ഉരുട്ടിക്കൊല ആരോപണം സംസ്ഥാനത്ത് വീണ്ടും ഉയരാന്‍ ഇടയാക്കിയത്.

ആശുപത്രിയില്‍ കൊണ്ടുവന്ന പ്രതി ഏറെ ഭയപ്പെട്ടിരുന്നുവെന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു എന്നും നെടുങ്കണ്ടം ആശുപത്രിയിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കാലില്‍ നീരുണ്ടായിരുന്നുവെന്നും ജയിലിലേക്ക് മാറ്റാന്‍ പറ്റിയ സാഹചര്യമല്ലായെന്നും പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്ന് നെടുങ്കണ്ടം ആശുപത്രിയിയിലെ ഡോക്ടര്‍മാരായ വിഷ്ണുവും പത്മദേവും പറയുന്നു. ഇത് കേള്‍ക്കാതെയാണ് ആശുപത്രിയില്‍ നിന്നും പ്രതിയെ ജയിലിലേക്ക് മാറ്റിയതെന്നാണ് ഡോക്ടര്‍മാരുടെ മൊഴി.

രാജ്കുമാറിന്റെ മൃതദേഹത്തിലെ തെളിവു നശിപ്പിക്കാന്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നത് വൈകിപ്പിച്ചതിനെപ്പറ്റി അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. 21ന് രാവിലെ പത്തു മണിക്ക് രാജ് കുമാറിന്റെ മരണം സ്ഥിരീകരിച്ചിട്ടും വൈകിട്ട് നാലുമണിവരെ ശീതികരിക്കാത്ത ഇടത്ത് മൃതദേഹം കിടത്തുകയാണ് പൊലീസ് ചെയ്തത്. മൃതദേഹം ജീര്‍ണിക്കാന്‍ സാഹചര്യമൊരുക്കി മര്‍ദ്ദന തെളിവ് നശിപ്പിക്കാനായിട്ടായിരുന്നു ഇതെന്നും ആരോപണമുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT