സംസ്ഥാനത്ത് മഴക്കാലത്തുണ്ടായ ദുരന്തങ്ങളില്‍ ഇതുവരെ മരിച്ചത് 113 പേരെന്ന് ഔദ്യോഗിക കണക്ക്. 29 പേരെ കാണാതായി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലപ്പുറം ജില്ലയില്‍ മാത്രം 50 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വന്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ 40 പേരുടെ മരണം സ്ഥിരീകരിച്ചു. 19 പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്.
സ്ഥീരീകരിച്ച മഴക്കെടുതി മരണങ്ങള്‍
മഴകുറയുകയും വെള്ളം താഴുകയും ചെയ്തതോടെ സംസ്ഥാനത്തെ ദുരിതാശ്വാസക്യാംപുകളുടെ എണ്ണം 695 ആയി കുറഞ്ഞു. 35,517 കുടുംബങ്ങളില്‍ നിന്നായി 1,09,947 പേരാണ് ക്യാംപുകളിലുള്ളത്. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ ഉള്ളത്. 168 ക്യാംപുകളിലായി 6817 കുടുംബങ്ങളില്‍ നിന്ന് 20,093 പേരാണ് കോട്ടയത്തുള്ളത്. തൃശൂരില്‍ 167 ക്യാംപുകള്‍. 11,262 കുടുംബങ്ങളിലെ 32,580 തൃശൂരില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നു.
അതിവര്‍ഷത്തേത്തുടര്‍ന്ന് 1187 വീടുകള്‍ പൂര്‍ണമായും 12,762 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വയനാട്ടില്‍ മാത്രം 535 വീടുകള്‍ തകര്‍ന്നു. 5435 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കണ്ണൂരില്‍ 133 വീടുകള്‍ പൂര്‍ണമായും 2022 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലപ്പുറം ജില്ലയില്‍ 210 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 1744 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമിയില്‍ വിള്ളല്‍ എന്നിവ കണ്ടെത്തിയ സ്ഥലങ്ങള്‍ വേഗത്തില്‍ പരിശോധിച്ച് ജനവാസയോഗ്യം ആണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശിപാര്‍ശ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് നല്‍കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ്, മൈനിങ് ആന്റ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തില്‍ 50 സംഘങ്ങളെ നിയോഗിച്ചെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.