കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ ഗതാഗതം മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചു. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷം പുതിയ സര്‍വീസുകള്‍ ആരംഭിക്കില്ല. അതേസമയം നിലവില്‍ ഓടുന്നവ യാത്ര പൂര്‍ത്തിയാക്കും. ചരക്കുഗതാഗതത്തിന് വിലക്കില്ലെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് വ്യക്തമാക്കി. സോണല്‍ മാനേജര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് തീരുമാനം. നിലവിലുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഞായറാഴ്ച രാത്രി 10 ന് തീരും. ഈ സാഹചര്യത്തില്‍ കോറോണ വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനാണ് ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ റെയില്‍വേ, സര്‍വീസുകള്‍ നിര്‍ത്തുന്നത്.
ഞായറാഴ്ച നാനൂറോളം ട്രെയിനുകള്‍ മാത്രമാണ് ഓടുന്നത്. മുംബൈ ജബല്‍പൂര്‍ ഗോള്‍ഡന്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത നാല് പേര്‍ക്കും ആന്ധ്ര സമ്പര്‍ക്ക ക്രാന്തിയിലെ 8 പേര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കൂടാതെ ചികിത്സയിലുണ്ടായിരുന്ന 2 പേര്‍ ബംഗളൂരു ഡല്‍ഹി രാജധാനിയില്‍ സഞ്ചരിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. അതിനിടെ പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇവിടേക്കുള്ള സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കണമെന്ന് റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ബീഹാര്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ പഞ്ചാബും മാര്‍ച്ച് 31 വരെ പൂര്‍ണമായ അടയ്ക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ രാജ്യത്ത് കൊറോണ ബാധയെ തുടര്‍ന്നുള്ള മരണം ആറായിട്ടുണ്ട്. രാജ്യത്ത് 324 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 41 പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. ഇവിടെ 84 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കെഎസ്ആര്‍ടി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് സര്‍വീസുകള്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.