മംഗളവനം പക്ഷിസങ്കേതത്തിന് സമീപത്തുകൂടെ കടന്നു പോയിരുന്ന റെയില്‍ പാത പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. മംഗളവനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്നും പഴയ റെയില്‍ വേ സ്റ്റേഷന്‍ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കണമെന്നുമാണ് റയില്‍ വേയുടെ ആവശ്യം. ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോടും ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവെയര്‍നസ് ഫോറം എന്ന സംഘടനയോടുമാണ് സുപ്രീം കോടതി വിശദീകരണം തേടിയിരിക്കുന്നത്.
നാനാതരം നീര്‍പക്ഷികളും ദേശാടനക്കിളികളും ജലജീവികളും ഉള്‍പ്പെടുന്ന സമ്പന്ന ആവാസവ്യവസ്ഥയാണ് മംഗളവനം. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഈ സങ്കേതം കൊച്ചിയില്‍ അവശേഷിക്കുന്ന പച്ചത്തുരുത്തുകളില്‍ ഒന്നുമാണ്.
വനഭൂമിയും പക്ഷി സങ്കേതത്തിന് അടുത്തുള്ള ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വന്യജീവി സംരക്ഷണ നിയമം (1972), പരിസ്ഥിതി സംരക്ഷമം നിയമം (1986) എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2004ല്‍ മംഗളവനത്തെ വന്യജീവി സങ്കേത കേന്ദ്രമായി സംസ്ഥാ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. മംഗളവനത്തിന് ചുറ്റുമുള്ള 100 മീറ്ററില്‍ ഉള്‍പ്പെടുന് 2.74 ഹെക്ടര്‍ ഭൂമി പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം ചെയ്യണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 2.39 ഹെക്ടര്‍ ഭൂമി റെയില്‍വേ പുറമ്പോക്കാണ്. മംഗളവനത്തിലെ മരങ്ങള്‍ വെട്ടി റെയില്‍വേ ട്രാക്ക് പണിയുന്നതിനെതിരെ ഹൈബി ഈഡന്‍ എംപി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്.