'പത്മ' പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോന്നത ബഹുമതി ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മുപ്പത്തിയൊമ്പത് മനുഷ്യരുടെ കുഴിമാടത്തിന്റെ നനവ് മാറിയിട്ടില്ല, അപ്പോഴാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് രാഹൂല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.
'പിഞ്ചുകുഞ്ഞുങ്ങള്‍ മണ്ണിനടിയില്‍ പരസ്പരം കെട്ടിപ്പുണര്‍ന്ന് കിടന്ന കാഴ്ച്ച കണ്ണില്‍ നിന്നും മാറിയിട്ടില്ല. ഒരു നിമിഷം കൊണ്ട് ഒരു മനുഷ്യായുസിലെ സമ്പാദ്യം മുഴുവന്‍ നഷ്ടമായവരുടെ ആര്‍ത്ത് വിളിച്ച കരച്ചില്‍ കാതില്‍ മുഴങ്ങുന്നുണ്ട്. അപ്പോഴാണ് കേരള രാജാവിന്റെ 'കേരള ജ്യോതിയും, കേരള പ്രഭയും, കേരള ശ്രീയും' പുരസ്‌കാരങ്ങള്‍. ദുരന്തകാലത്ത് പ്രതിപക്ഷം വിമര്‍ശിക്കുന്നേയെന്ന് വിലപിച്ച് കാവ്യമെഴുതുന്ന ഇടത് ജീവികള്‍ക്കെല്ലാം ഒരോ പുരസ്‌കാരം കൊടുക്കാം. ചോര കണ്ട് അറപ്പ് മാറിയ ഒരു ഭരണാധികാരിക്കും പൗരന്റെ ജീവന്റെ വിലയറിയണമെന്നില്ല', രാഹുല്‍ കുറിച്ചു.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മൂന്ന് വിഭാഗങ്ങളിലായാകും പുരസ്‌കാരങ്ങള്‍ നല്‍കുക എന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചത്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാവും പുരസ്‌കാരങ്ങള്‍ നല്‍കുക. പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും. രാജ്ഭവനില്‍ വെച്ചാകും പുരസ്‌കാര വിതരണ ചടങ്ങ് നടത്തുക. 'കേരള ജ്യോതി' പുരസ്‌കാരം വര്‍ഷത്തില്‍ ഒരാള്‍ക്കാണ് നല്‍കുക. 'കേരള പ്രഭ' പുരസ്‌ക്കാരം രണ്ടുപേര്‍ക്കും 'കേരളശ്രീ' പുരസ്‌കാരം അഞ്ചുപേര്‍ക്കും നല്‍കും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം, അവാര്‍ഡ് സമിതി പുരസ്‌കാരം നിര്‍ണയിക്കും.' പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവര്‍ഷവും ഏപ്രില്‍ മാസം പൊതുഭരണ വകുപ്പ് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
മുപ്പത്തിയൊമ്പത് മനുഷ്യരുടെ കുഴിമാടത്തിലെ നനവ് മാറിയിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങള്‍ മണ്ണിനടിയില്‍ പരസ്പരം കെട്ടിപ്പുണര്‍ന്ന് കിടന്ന കാഴ്ച്ച കണ്ണില്‍ നിന്നും മാറിയിട്ടില്ല. ഒരു നിമിഷം കൊണ്ട് ഒരു മനുഷ്യായുസിലെ സമ്പാദ്യം മുഴുവന്‍ നഷ്ടമായവരുടെ ആര്‍ത്ത് വിളിച്ച കരച്ചില്‍ കാതില്‍ മുഴങ്ങുന്നുണ്ട്.. അപ്പോഴാണ് കേരള രാജാവിന്റെ 'കേരള ജ്യോതിയും, കേരള പ്രഭയും, കേരള ശ്രീയും' പുരസ്‌കാരങ്ങള്‍.
ദുരന്തകാലത്ത് പ്രതിപക്ഷം വിമര്‍ശിക്കുന്നേയെന്ന് വിലപിച്ച് കാവ്യമെഴുതുന്ന ഇടത് ജീവികള്‍ക്കെല്ലാം ഒരോ പുരസ്‌കാരം കൊടുക്കാം. ചോര കണ്ട് അറപ്പ് മാറിയ ഒരു ഭരണാധികാരിക്കും പൗരന്റെ ജീവന്റെ വിലയറിയണമെന്നില്ല. രണ്ട് ചങ്ക് പോയിട്ട് ആര്‍ദ്രതയുള്ള ചങ്കിന്റെ അംശമെങ്കിലുമുണ്ടോയെന്ന് ഒരു പരിശോധന നടത്തുക. എന്നിട്ട് സ്വയം 'ഔചിത്യ ശ്രീ, ഉളുപ്പ് പ്രഭ, മനസാക്ഷി ജ്യോതി' പുരസ്‌കാരത്തിന് അപേക്ഷിക്കാം. അവാര്‍ഡ് മോഹികളുടെ വാഴ്ത്തലുകള്‍ തുടരുക, 'ദീപസ്തംഭം മഹാശ്ചര്യം'.