Around us

ഇത് കോൺഗ്രസിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി

നിങ്ങളെല്ലാവരും ഇന്നിവിടെ മഞ്ഞിൽ നിൽക്കുകയാണ്, പക്ഷെ നിങ്ങൾക്കാർക്കും തന്നെ തണുക്കുന്നില്ല. നിങ്ങൾ മഴയത്ത് നിന്നിട്ടും നനയുന്നില്ല, ചൂടത്തും ചൂടനുഭവപ്പെടുന്നില്ല, തണുപ്പത്തും നിങ്ങൾക്ക് തണുപ്പനുഭവപ്പെടുന്നില്ല. എന്തെന്നാൽ രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമാണ്. പ്രിയങ്ക സംസാരിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. യാത്ര തുടങ്ങിയത് കന്യാകുമാരിയിൽ നിന്നാണ്. രാജ്യം മുഴുവൻ നമ്മൾ കാൽനടയായി സഞ്ചരിച്ചു. ഞാൻ സത്യം പറയുമ്പോൾ നിങ്ങൾക്ക് വിചിത്രമായി തോന്നിയേക്കാം. ഒരുപാട് കാലങ്ങളായി ഞാൻ ദിവസവും എട്ട്-പത്ത് കിലോമീറ്റർ ഓടാറുണ്ട്. അതുകൊണ്ട് കന്യാകുമാരി മുതൽ കാശ്മീർ വരെ പോകാൻ അത്ര ബുദ്ധിമുട്ടുണ്ടായിരിക്കില്ല എന്ന് എനിക്ക് അപ്പോൾ തോന്നി. കാര്യങ്ങൾ എളുപ്പമായിരിക്കുമെന്നും എന്നെ സംബന്ധിച്ചിടത്തോളം ശാരീരികമായും അത്ര പ്രയാസമുണ്ടാകില്ല എന്നും എന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ഞാൻ പരിശ്രമിക്കാൻ തുടങ്ങിയപ്പോൾ എന്നിൽ അഹങ്കാരം ഉടലെടുത്തു. അത് അങ്ങനെ വന്ന്പോകുന്നതാണ്. എന്നാൽ വീണ്ടും കാര്യങ്ങൾ മാറി മറിഞ്ഞു. ഞാൻ ചെറുതായിരുന്നപ്പോൾ ഫുട്ബോൾ കളിക്കുമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഫുട്ബോൾ കളിക്കുന്ന സമയത്ത് കാൽമുട്ടിന് വലിയൊരു പരിക്ക് പറ്റി. പക്ഷെ പിന്നീട് വേദനയൊന്നുമില്ലാത്തതുകൊണ്ട് ഞാൻ അത് മറന്നിരുന്നു. വേദന അപ്രത്യക്ഷമായിരുന്നു. എന്നാൽ, കന്യാകുമാരിയിൽ നിന്നും യാത്ര തുടങ്ങി ഒരു അഞ്ച്-ഏഴ് ദിവസത്തിന് ശേഷം കാൽമുട്ടിന് വേദന വരാൻ തുടങ്ങി; ഭയങ്കരമായ വേദന. എന്റെ എല്ലാ അഹങ്കാരവും പോയി. എനിക്ക് ഈ മൂവായിരത്തി അഞ്ഞൂറ് കിലോമീറ്റർ നടക്കാനാകുമോ, ഇല്ലയോ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. വളരെ എളുപ്പമാകുമെന്ന് ഞാൻ കരുതിയ കാര്യം വളരെ ബുദ്ധിമുട്ടുള്ള ഒന്നായി മാറി. എന്നാലും എങ്ങനെയൊക്കെയോ ഞാൻ ഈ ദൗത്യം പൂർത്തിയാക്കിയിരിക്കുന്നു.

ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഒരിക്കൽ യാത്രാ മദ്ധ്യേ എനിക്ക് വേദന അനുഭവപ്പെട്ടു. ആറേഴു മണിക്കൂർ ഇനിയും സഞ്ചരിക്കാനുണ്ട്. അന്നെനിക്ക് തോന്നി ഇന്ന് നടക്കാൻ നല്ല ബുദ്ധിമുട്ടായിരിക്കുമെന്ന്. അപ്പോൾ ഒരു ചെറിയ പെൺകുട്ടി ഓടിയെന്റെ അടുത്ത് വന്നിട്ട് പറഞ്ഞു - ഞാൻ നിങ്ങൾക്കുവേണ്ടി ഒരു കാര്യം എഴുതിയിട്ടുണ്ട്. എന്നാൽ നിങ്ങൾ അത് ഇപ്പോൾ വായിക്കരുത്, പിന്നീട് വായിച്ചാൽ മതിയെന്ന്. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച ശേഷം ഓടി പോയി. അവളെഴുതിയത് ഞാൻ വായിച്ചു. അവളെഴുതിയത് ഇപ്രകാരമായിരുന്നു – “നിങ്ങളുടെ കാൽമുട്ട് വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം. ആ കാലിനു ബലം കൊടുക്കുമ്പോൾ നല്ല വേദനയുണ്ടെന്ന് നിങ്ങളുടെ മുഖ ഭാവത്തിലൂടെ അറിയാൻ സാധിക്കുന്നുണ്ട്. എനിക്ക് നിങ്ങളുടെ കൂടെ വരണമെന്നുണ്ട്, പക്ഷെ, അച്ഛനും അമ്മയും എന്നെ വിടാത്തത് കൊണ്ട് അതിനു സാധിക്കില്ല. പക്ഷെ, ഞാൻ എന്റെ മനസ്സുകൊണ്ട് നിങ്ങളുടെ കൂടെ നടക്കുന്നുണ്ട്. താങ്കൾ നടക്കുന്നത് എനിക്ക് കൂടി വേണ്ടിയാണെന്ന് ഓർക്കണം. എന്റെ ഭാവിക്കു വേണ്ടി, ഈ രാജ്യത്തിന് വേണ്ടിയാണ് നടക്കുന്നത് എന്നെനിക്കറിയാം.” ആ നിമിഷം മുതൽ എന്റെ വേദന ഇല്ലാതായി, ഇത് വളരെ വിചിത്രമായ ഒരു കാര്യമാണ്.

മറ്റൊരു കാര്യം. രാവിലെ ഞാൻ നടക്കുകയായിരുന്നു. തണുപ്പ് കൂടി വരുന്നുണ്ടായിരുന്നു. നാല് കുട്ടികൾ എന്റെയടുത്ത് വന്നു. ചെറിയ കുട്ടികളായിരുന്ന അവർ ഭിക്ഷ യാചിക്കുന്നവരായിരുന്നു. അവരുടെമേൽ വസ്ത്രങ്ങളൊന്നും ഇല്ലായിരുന്നു. പണിയെടുക്കുന്നവരാണെന്ന് തോന്നി. കാരണം അവരുടെ ദേഹത്ത് മണ്ണ്പറ്റിയിരുണ്ടായിരുന്നു. ഞാനത് കാര്യമാക്കിയില്ല, അവരെ ചേർത്ത് പിടിച്ചു. മുട്ടിലിരുന്നാണ് അവരെ ചേർത്ത് പിടിച്ചത്. എന്നാലേ എനിക്ക് അവർക്കൊപ്പം നിൽക്കാൻ സാധിക്കുകയുള്ളു. അവർ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ അവർക്ക് ഭക്ഷണം ലഭിക്കുന്നുണ്ടായിരിക്കില്ല. ഇവർ സ്‌വെറ്ററും ജാക്കറ്റും ധരിക്കുന്നില്ലല്ലോ, അതുകൊണ്ട് ഞാനും ഇത് ധരിക്കാൻ പാടില്ല എന്ന് ഞാൻ ചിന്തിച്ചു. നിങ്ങളോട് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഇതാണ്. അന്നത്തെ യാത്ര അവസാനിപ്പിച്ച്‌ പോകുമ്പോൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തി എന്നോട് ചെവിയിൽ പറഞ്ഞു; ഈ കുട്ടികൾ വൃത്തിഹീനരാണ്. അവരുടെ അടുത്തേക്ക് നിങ്ങളിങ്ങനെ പോകാൻ പാടില്ല. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അവർ എന്നെക്കാളും നിങ്ങളെക്കാളും വൃത്തിയുള്ളവരാണ്. ഇത്തരം ചിന്താഗതിക്കാർ നമ്മുടെ രാജ്യത്ത് ഇപ്പോഴുമുണ്ട്.

മറ്റൊരു കാര്യം നിങ്ങളോട് പറയട്ടെ.. ഞാൻ നടക്കുമ്പോൾ ഒരുപാട് സ്ത്രീകൾ കരയുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടാകും. നിങ്ങൾ കണ്ടിട്ടില്ലേ? നിങ്ങൾക്കറിയില്ല അവർ എന്തിനാണ് കരയുന്നതെന്ന്. അവരിലൊരുപാട്പേർ വികാരാധീനരായി എന്റെടുത്തു വന്നു കരഞ്ഞിട്ടുണ്ട്. അവരെന്നോട് പറഞ്ഞത്, അവർ ബലാത്സംഗത്തിനിരയായിട്ടുണ്ട്, പീഡനത്തിനിരയായിട്ടുണ്ട്, അവരുടെ സ്വന്തം ബന്ധുക്കൾ തന്നെ അവരെ പീഡിപ്പിച്ചിട്ടുണ്ട് എന്നെല്ലാമാണ്. സഹോദരി, ഞാൻ ഈ കാര്യം പോലീസിനോട് പറയാം എന്ന് ഞാനവരോട് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു, രാഹുൽ സർ ഇത് പോലീസിനോട് പറയരുത്. നിങ്ങൾ ഈ കാര്യം അറിയണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. ദയവുചെയ്ത് പോലീസിനോട് പറയരുത്. ഞങ്ങൾക്ക് വീണ്ടും നഷ്ടം മാത്രമായിരിക്കും ഉണ്ടാകുക. നമ്മുടെ രാജ്യത്തെ യാഥാർഥ്യം ഇതാണ്. ഇത്തരം ഒരുപാട് കഥകൾ എനിക്ക് നിങ്ങളോട് പറയാനാകും.

ഞാൻ കാശ്മീരിലേക്ക് വന്നുകൊണ്ടിരിക്കുമ്പോൾ ചിന്തിക്കുകയായിരുന്നു, ഇതേ വഴിയിലൂടെ ഞാൻ താഴെ നിന്നും മുകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇതേ വഴിയിലൂടെയാണ് വർഷങ്ങൾക്ക് മുൻപ് എന്റെ ബന്ധുക്കൾ മുകളിൽ നിന്ന് താഴേക്ക് വന്നത് - കാശ്മീരിൽ നിന്ന് അലഹബാദ്, പിന്നെ അവിടെ നിന്ന് ഗംഗയിലേക്ക്. ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ച് പോകുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. എന്റെ കാര്യം നോക്കുകയാണെങ്കിൽ ഞാൻ ചെറുപ്പത്തിൽ സർക്കാർ മന്ദിരങ്ങളിലായിരുന്നു താമസിച്ചിരുന്നത്. എനിക്ക് സ്വന്തമായി വീടില്ല. രൂപഘടനയുള്ള ഒരു കെട്ടിടത്തെ ഞാൻ വീടായി കണക്കാക്കുന്നില്ല. ഞാനെവിടെയാണോ താമസിക്കുന്നത്, അത് ഒരു കെട്ടിടം മാത്രമായിരിക്കും, വീടായിരിക്കില്ല. വീട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സങ്കൽപ്പമാണ്. ഒന്ന്, ജീവിക്കാനുള്ള മാധ്യമമാണ്. മറ്റൊന്ന് ചിന്തിക്കാനുള്ളതും.

ഇവിടെ ഏത് കാര്യത്തെയാണോ നിങ്ങൾ കാശ്മീരികമായി കണക്കാക്കുന്നത്, അതിനെയാണ് ഞാൻ വീടായി കാണുന്നത്. ഈ കാശ്മീരിയത് എന്താണ്? ഇത് ശിവഭഗവാന്റെ സങ്കൽപ്പമാണ്. കുറച്ചുകൂടെ ആഴത്തിൽ നോക്കുകയാണെങ്കിൽ 'ശൂന്യത'(നിസ്വാർത്ഥത) എന്ന് വിളിക്കാം. താൻ തനിക്കുമേൽ, തന്റെ അഹങ്കാരത്തിനുമേൽ, തന്റെ ചിന്തകൾക്കുമേൽ ആക്രമിക്കുക. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇസ്ലാമിൽ ശൂന്യതയെന്നാൽ 'സ്വന്തം അസ്തിത്വം ഇല്ലാതാകുക' എന്നാണ്. രണ്ടും ഒരേ ചിന്താഗതിയാണ്. ഇസ്ലാമിൽ 'ഫനാ' എന്ന വാക്കിന്റെ അർത്ഥം തന്റെ മേൽ ആക്രമിക്കുക, തന്റെ ചിന്തകൾക്കുമേലെയുള്ള ആക്രമണം എന്നൊക്കെയാണ്. നമ്മൾ ഒരു കോട്ടയുണ്ടാക്കിയിടുന്നു, എന്നിട്ട് പറയുന്നു; ഇത് ഞാനാണ്, എന്റെയടുത്ത് ഇതുണ്ട്, എനിക്ക് ഈ കാര്യത്തെ കുറിച്ച് അറിവുണ്ട്, എനിക്ക് ഈ വീടുണ്ട് എന്നൊക്കെ. ആ കോട്ടയ്ക്ക്മേൽ ആക്രമിക്കുക, അതാണ് 'ഫനാ', അതാണ് 'ശൂന്യത'. ഭൂമിയിൽ ഈ രണ്ട് ചിന്താഗതിയാണ് ഉള്ളത്. ഇവ തമ്മിൽ വളരെ ആഴമേറിയ ബന്ധമാണുള്ളത്; ഒരുപാട് വർഷങ്ങളായിട്ടുള്ള ബന്ധമാണ്. അതിനെയാണ് നമ്മൾ കാശ്മീരിയത് എന്ന് വിളിക്കുന്നത്. ഇതേ വിചാരം മറ്റു സംസ്ഥാനങ്ങളിലുമുണ്ട്.

ഗാന്ധിജി വൈഷ്ണവ ജനതയുടെ കാര്യം പറയുമായിരുന്നു. അതിനെ നമ്മൾ 'ശൂന്യത'യെന്നും 'ഫനാ' എന്നും വിളിക്കുന്നു. ഗുജറാത്തിൽ അതിനെ 'വൈഷ്ണവ ജനതോ' എന്നും വിളിക്കുന്നു. ആസാമിൽ ശങ്കർ ദേവ് ജീ യും ഇതേ കാര്യമാണ് പറഞ്ഞത്. കർണാടകത്തിൽ നിന്ന് ഒരുപാട് പേര് ഇവിടെ വന്നിട്ടുണ്ട്, അവിടെ ബസവ ജീയാണ് ഈ കാര്യം പറഞ്ഞത്. കേരളത്തിൽ ശ്രീ നാരായണ ഗുരുവും, മഹാരാഷ്ട്രയിൽ ജ്യോതിബാ ഫൂലെയും ഇതേ കാര്യമാണ് പറഞ്ഞത്. ഇവിടെ നമ്മൾ കാശ്മീരിയത് എന്ന്പറയുന്നു, ആളുകളെ ഒന്നിച്ചു ചേർക്കുന്നു, എന്നിട്ട് മറ്റുള്ളവരെ ആക്രമിക്കരുത്, മറിച്ച് നമ്മെ തന്നെ നാം ആക്രമിക്കണം. നമ്മുടെ കുറവുകൾ കാണണം. ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു എന്റെ കുടുംബം കാശ്മീരിൽ നിന്ന് ഗംഗയിലേക്ക് പോയവരാണ്. അലഹബാദിൽ ത്രിവേണി സംഗമത്തോട് വളരെ ചേർന്നാണ് ഞങ്ങളുടെ വീടുള്ളത്. ഇവിടെ നിന്ന് അവിടേക്ക് പോയപ്പോൾ അവർ കാശ്മീരിയത് ചിന്തകളെ ഗംഗയിൽ നിക്ഷേപിച്ചിരുന്നു. ഗംഗ ആ ചിന്താഗതിയെ സ്വീകരിച്ച് ഉത്തർ പ്രദേശ് വരെ പകർന്നു നൽകി. അതിനെ ഉത്തർ പ്രദേശിൽ ഗംഗ-യമുന സംസ്കാരം എന്നും വിളിക്കുന്നു. അപ്പോൾ എന്റെ പൂർവികർ വളരെ ചെറിയ കാര്യമാണ് ചെയ്തത്, അത്ര വലുതല്ല. അത് തന്നെ നിങ്ങൾ അവരെ പഠിപ്പിച്ച കാര്യമാണ്. ജമ്മു കശ്മീരിലെ ആളുകൾ പഠിപ്പിച്ച കാര്യമാണ്. ലഡാക്കിലെ ആളുകൾ പഠിപ്പിച്ച കാര്യമാണ്. അതിൽ മതപരമായ ഒരുപാട് കാര്യങ്ങളുണ്ട്. അവർക്കും ഇതേ 'ശൂന്യത'യുടെ ചിന്താഗതിയാണുള്ളത്. അവർ ഈ ആശയത്തെ/സങ്കല്പത്തെ ഗംഗയ്‌ക്ക്‌ കൈമാറി.

ഞാനിങ്ങോട്ട് നടന്നു വരുമ്പോൾ സെക്യൂരിറ്റിമാർ എന്നോട് പറഞ്ഞ കാര്യത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു. അവർ പറഞ്ഞിരുന്നു, നോക്കൂ താങ്കൾക്ക് ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ സാധിക്കും, ജമ്മുവിലും പോകാൻ സാധിക്കും, എന്നാൽ അവസാന നാല് ദിവസം കാശ്മീരിൽ കാറിലായിരിക്കും താങ്കൾ സഞ്ചരിക്കേണ്ടത്. പരിപാടി ആസൂത്രണം ചെയ്ത വേണുഗോപാൽ സാറും മുൻപ് എന്നോട് പറഞ്ഞിരുന്നു. എന്നെ പേടിപ്പിക്കാനായിരിക്കണം, അഥവാ താങ്കൾ നടന്നാണ് പോകുന്നതെങ്കിൽ താങ്കളുടെ മേൽ ഗ്രനേഡ് എറിയാൻ സാധ്യതയുണ്ട് എന്ന് അഡ്മിനിസ്ട്രേഷൻ പറഞ്ഞത്. ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ച്പോകുകയാണ്, നാല് ദിവസവും നടന്ന് തന്നെ പോകും എന്ന് തന്നെ ഞാൻ വിചാരിച്ചു. എന്റെ വീട്ടിലെ ആളുകളാണ്, ഞാൻ അവരുടെ ഇടയിൽ തന്നെ സഞ്ചരിക്കും. പിന്നീട് ഞാൻ ചിന്തിച്ചു, ഇനി എന്നെ വെറുക്കുന്നവരുണ്ടെങ്കിൽ എന്തുകൊണ്ട് എന്റെ വെള്ള വസ്ത്രം ചുവപ്പിക്കുന്നതിന് അവർക്കൊരു അവസരം നൽകിക്കൂടാ? എന്തെന്നാൽ എന്റെ കുടുംബം എന്നെ പഠിപ്പിച്ചത്, ഗാന്ധിജി എന്നെ പഠിപ്പിച്ചത്, കേവലം ജീവിക്കാൻ മാത്രമാണ്; പേടിക്കാതെ ജീവിക്കാൻ, അല്ലെങ്കിൽ അത് ജീവിതമല്ല. അങ്ങനെ ഞാൻ അവസരം നൽകി. നാല് ദിവസം നടക്കുമെന്ന് ഞാൻ പറഞ്ഞു. ടീ ഷർട്ടിന്റെ നിറം മാറ്റി അതിനെ ചുവപ്പിക്കൂ, നമുക്ക് കാണാം.

എന്നാൽ ഞാൻ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. ജമ്മു കശ്മീരിലെ ആളുകൾ എനിക്ക് ഹാൻഡ് ഗ്രനേഡ് അല്ല തന്നത്, മറിച്ച് ഹൃദയം നിറയെ സ്നേഹമായിരുന്നു. എന്നെ അവർ ചേർത്തുപിടിച്ചു. എനിക്ക് ഒരുപാട് സന്തോഷമായി, എന്തെന്നാൽ അവരെല്ലാവരും എന്നെ അവരിലൊരാളായി കണ്ടു. കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്നേഹത്തോടെ, നിറകണ്ണുകളോടെ എന്നെ സ്വാഗതം ചെയ്തു.

ഞാനിപ്പോൾ ജമ്മു കശ്മീരിലെ ആളുകളോട്, ഇവിടെ ജോലി ചെയ്യുന്ന നമ്മുടെ സേനയിലെ ആളുകളോട്, CRPF ലെ ആളുകളോട് കുറച്ച് കാര്യങ്ങൾ പറയുവാനാഗ്രഹിക്കുന്നു. എല്ലാവരോടും, ജമ്മു കശ്മീരിലെ യുവാക്കളോട്, മക്കളോട്, അമ്മമാരോടും, CRPF ലെ, BSF ലെ, ആർമിയിലെ പട്ടാളക്കാരോട്, അവരുടെ കുടുംബത്തോടും, കുട്ടികളോടും ഞാനിത് പറയാനാഗ്രഹിക്കുന്നു. നോക്കൂ, ഞാൻ ഹിംസ എന്താണെന്ന് മനസിലാക്കുന്നു. ഞാൻ ഹിംസ എന്താണെന്ന് അനുഭവിച്ചിട്ടുണ്ട്, കണ്ടിട്ടുണ്ട്. ഹിംസ എന്താണെന്ന് അനുഭവിക്കാത്തവർക്കും, കണ്ടിട്ടില്ലാത്തവർക്കും ഈ കാര്യം മനസ്സിലാകില്ല. അതായത് മോദിജീ, അമിത് ഷാ ജീ, RSS ലെ ആളുകൾ എന്നിവരെ പോലുള്ളവർ ഹിംസയെന്താണെന്ന് കണ്ടിട്ടില്ല.

ഇവിടെ ഞാൻ നാല് ദിവസം കാൽ നടയായി സഞ്ചരിച്ചു. എനിക്ക് നിങ്ങളോട് ഗ്യാരണ്ടിയോടെ പറയാനാകും എന്തെന്നാൽ ബിജെപി യിലെ ഒരു നേതാവിനും ഇതുപോലെ നടന്നുപോകാൻ സാധിക്കില്ല. ജമ്മു കശ്മീരിലെ ആളുകൾ അവരെ ഇതിലെ നടക്കാനനുവദിക്കില്ല എന്നുള്ളതുകൊണ്ടല്ല, അവർ പേടിക്കുന്നു എന്നുള്ളത് കൊണ്ടാണ്. അവസാനമായി ഞാൻ ജമ്മു കശ്മീരിലെ യുവാക്കളോടും സൈനികരോടും കുറച്ച് കാര്യങ്ങൾ കൂടി പറയാനാഗ്രഹിക്കുന്നു;

നോക്കൂ, എനിക്ക് പതിനാല് വയസ്സുണ്ടായിരുന്നപ്പോൾ, രാവിലെ സ്കൂളിൽ ജ്യോഗ്രഫി ക്ലാസ്സിൽ ഇരിക്കുമ്പോൾ എന്റെ ഒരു അദ്ധ്യാപിക അകത്തേക്ക് വന്ന് പറഞ്ഞു, 'രാഹുൽ നിന്നെ പ്രിൻസിപ്പൽ വിളിക്കുന്നു'. ചെറുതായിരുന്നപ്പോൾ ഭയങ്കര കുസൃതിയായിരുന്നു. അനിയത്തിയോട് ചോദിച്ചാലറിയാം ഞാനെന്തൊക്കെ ചെയ്തിരുന്നുവെന്ന്. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. ഞാൻ വിചാരിച്ചു പ്രിൻസിപ്പാൾ വിളിച്ച സ്ഥിതിക്ക് ഞാൻ അരുതാത്തതെന്തെങ്കിലും ചെയ്തിട്ടുണ്ടാകും അതിന് അടി തരാനാണ് എന്ന്. അവിടെ ചൂരൽ ഉണ്ടായിരുന്നു. ചൂരൽ കഷായം പ്രതീക്ഷിച്ചിട്ടാണ് ഞാൻ അങ്ങോട്ട് പോയത്. എന്നാൽ ഞാൻ നടന്നുകൊണ്ടിരുന്ന സമയം വിളിക്കാൻ വന്ന ടീച്ചറെ ശ്രദ്ധിച്ചപ്പോൾ അസാധാരണമായി തോന്നി. അങ്ങനെ ഞാൻ പ്രിൻസിപ്പലിന്റെ ഓഫീസിലെത്തിയപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു, 'രാഹുൽ നിനക്ക് വീട്ടിൽ നിന്നൊരു ഫോൺ കോൾ ഉണ്ട്.' അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് മനസ്സിലായി എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന്. എന്റെ കാലുകൾ വിറച്ചു. ഫോൺ ചെവിയോട് ചേർത്ത് പിടിച്ചപ്പോൾ എന്റെ അമ്മയോടൊപ്പം ജോലി ചെയ്തിരുന്ന സ്ത്രീയുടെ നിലവിളിയാണ് കേട്ടത്. "രാഹുൽ, അച്ഛമ്മയ്ക്ക് വെടിയേറ്റു, അച്ഛമ്മയ്ക്ക് വെടിയേറ്റു, അച്ഛമ്മയ്ക്ക് വെടിയേറ്റു." പതിനാല് വയസ്സുകാരനായിരുന്നു ഞാൻ. നോക്കൂ, ഞാൻ പറഞ്ഞു വരുന്നത് ഇതാണ്, ഈ കാര്യം പ്രധാനമന്ത്രിക്ക് മനസ്സിലാകില്ല, ഈ കാര്യം അമിത് ഷാ ജീ ക്ക് മനസ്സിലാകില്ല, ഈ കാര്യം ഡോവൽ ജീ ക്ക് മനസ്സിലാകില്ല. എന്നാൽ ഈ കാര്യം കശ്മീരിലെ ആളുകൾക്ക് മനസ്സിലാകും, ഈ കാര്യം CRPF ലെ ആളുകൾക്ക് മനസ്സിലാകും, ആർമിയിലെ ആളുകൾക്ക് മനസ്സിലാകും, അവരുടെ കുടുംബാംഗങ്ങൾക്ക് മനസ്സിലാകും.

പ്രിയങ്കയെ സ്കൂളിൽ നിന്ന് കൂട്ടി. പിന്നെ ഞാൻ അച്ഛമ്മയുടെ രക്തം ചിന്തിയ സ്ഥലം കാണാൻ പോയി. അച്ഛൻ വന്നു, അമ്മ വന്നു. അമ്മ തകർന്നിരുന്നു. സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ, പിന്നെയെന്ത് സംഭവിച്ചു... ഹിംസ എന്താണെന്ന് കണ്ട ഞങ്ങൾക്ക് ഈ സാധനമില്ലേ (കീശയിൽ നിന്നും മൊബൈൽ ഫോൺ എടുക്കുന്നു) ഇതിനെ മറ്റൊരു രീതിയിലാണ് കാണാൻ കഴിയുന്നത്. ഇത് നിങ്ങൾക്കെല്ലാവർക്കും ടെലിഫോൺ ആണ്. എന്നാൽ ഞങ്ങൾക്കിത് വെറും ടെലിഫോൺ മാത്രമല്ല. അതിനു ശേഷം ആറേഴ് കൊല്ലത്തിനു ശേഷം ഞാൻ അമേരിക്കയിലായിരുന്നു. അപ്പോൾ വീണ്ടും ടെലിഫോൺ വന്നു. അച്ഛന്റെ ഒരു സുഹൃത്തായിരുന്നു. അദ്ദേഹം പറഞ്ഞു, 'രാഹുൽ, ഒരു മോശം വാർത്തയുണ്ട്'. ഞാൻ പറഞ്ഞു, 'എനിക്കറിയാം, അച്ഛൻ മരിച്ചു.' 'അതെ.' ഞാൻ നന്ദി പറഞ്ഞ് ഫോൺ വച്ചു. പുൽവാമയിൽ നമ്മുടെ സൈനികർ മരണമടഞ്ഞപ്പോൾ അവരുടെ വീട്ടിലും ടെലിഫോൺ വന്നിട്ടുണ്ടാകും. ആയിരക്കണക്കിന് കാശ്മീർ നിവാസികളുടെ വീട്ടിലും ഫോൺ വന്നിട്ടുണ്ടാകും. സേനയിലെ കുടുംബാംഗങ്ങൾക്കും ടെലിഫോൺ വന്നിട്ടുണ്ടാകും. ഞാൻ പറയുന്നത് ഇതാണ്. ഹിംസ ചെയ്യിപ്പിക്കുന്നവർ, അതായത് മോഡി ജീ, അമിത് ഷാ ജീ, ഡോവൽ ജീ, RSS ലെ ആളുകൾ എന്നിവർക്ക് ഈ കാര്യം മനസ്സിലാകില്ല. അവർക്ക് വേദനയെന്താണെന്ന് മനസ്സിലാകില്ല. നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

പുൽവാമയിലെ സൈനികരുടെ മക്കളുടെ മനസ്സിൽ എന്തായിരിക്കാം ഉണ്ടായിട്ടുണ്ടാവുക എന്നും എനിക്കറിയാം. കാരണം, എന്റെ ഉള്ളിലും അത് തന്നെയാണ് ഉണ്ടായത്. കശ്മീരിലെ ആളുകൾ മരിക്കുമ്പോൾ ഇവിടെയുള്ളവരുടെ ഉള്ളിൽ എന്താണുണ്ടാകുന്നതെന്നും, അവർക്കെന്താണ് തോന്നുന്നതെന്നും എനിക്ക് മനസ്സിലാകും. എന്റെ അനിയത്തിക്കും മനസ്സിലാകും. ഇന്നലെ ഏതോ ജേണലിസ്റ് എന്നോട് ചോദിച്ചു, യാത്രയുടെ ലക്ഷ്യമെന്താണ്? യാത്രയിൽ എന്താണ് നേടിയെടുക്കാൻ ആഗ്രഹിക്കുന്നത്, ജമ്മു കാശ്മീരിൽ എന്താണ് നേടിയെടുക്കാൻ ആഗ്രഹിക്കുന്നത്? ഞാൻ പറഞ്ഞു, ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല, നാളെ പ്രസംഗത്തിലൂടെ പറയാമെന്ന്. യാത്രയുടെ ലക്ഷ്യം ഇത്തരം ദുരന്തങ്ങളുമായി വരുന്ന ഫോൺ കോളുകൾ അവസാനിപ്പിക്കുക എന്നുള്ളതാണ്. ഇനി ഇത്തരം ഫോൺ കോൾ ഒരു കുട്ടിക്കോ, അമ്മയ്ക്കോ, മക്കൾക്കോ എടുക്കേണ്ടി വരരുത്. ഇപ്പോൾ നോക്കൂ, ബിജെപി - RSS ലെ ആളുകൾ ആക്രമണത്തിന്റെ പാതയിലാണ്.

എന്നെ ചീത്ത വിളിക്കുന്നു, അതിനു ഞാൻ അവരോട് നന്ദി പറയുന്നു. എന്തെന്നാൽ അവർ എത്രത്തോളം എന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നുവോ, എത്രത്തോളം എന്നെ ചീത്ത വിളിക്കുന്നുവോ, അതിൽ നിന്നെല്ലാം ഞാൻ പഠിക്കുക മാത്രം ചെയ്യുന്നു. എന്നാൽ ഞാൻ നിങ്ങളോട് ആദ്യം പറഞ്ഞു കാശ്മീരിയത്താകട്ടെ, വൈഷ്ണവ ജനതോ ആകട്ടെ, ശങ്കർ ദേവനാകട്ടെ, ബസവയാകട്ടെ, നാരായണഗുരുവാകട്ടെ, തമിഴ്‌നാട്ടിലെ മഹാകവിയായ തിരുവള്ളുവരാകട്ടെ, ഫൂലെയാകട്ടെ, അവർ ഈ ചീത്തവിളിക്കുന്നവരുടെ പ്രത്യയശാസ്ത്രത്തെയാണ് ആക്രമിച്ചുകൊണ്ടിരുന്നത്.

ഈ ആശയമാണ് നമ്മുടെ രാജ്യത്തിന്റെ അടിത്തറ. നിങ്ങൾ ചെയ്തത്, കൂടെ നടന്നവർ ചെയ്തത്, ഈ ആശയത്തിന്റെ രക്ഷയ്ക്ക് വേണ്ടി നിൽക്കുക എന്നതാണ്; ഞാനീ ദൗത്യം എനിക്ക് വേണ്ടിയല്ല ചെയ്തത്. എനിക്ക് വേണ്ടി ഇത്തരം കാര്യം ഒരിക്കലും സ്വയം ചെയ്യാനുമാകില്ല. എന്റെയീ ദൗത്യം, നമ്മുടെ കോൺഗ്രസ് സുഹൃത്തുക്കൾക്ക് ഇത് നല്ലതായി തോന്നാനിടയില്ല, എന്നാലും ഞാനീ ദൗത്യം കോൺഗ്രസ് പാർട്ടിക്ക് വേണ്ടിയുമല്ല ചെയ്തത്. നമ്മൾ എല്ലാവരും ഈ ദൗത്യം ഹിന്ദുസ്ഥാനിലെ ജനങ്ങൾക്ക് വേണ്ടിയാണ് ചെയ്തത്. ഏത് ചിന്താഗതിയാണോ ഈ രാജ്യത്തിന്റെ അടിത്തറ ഇളക്കാൻ ശ്രമിക്കുന്നത്, അതിനെതിരെ നമ്മൾ നിൽക്കണം, ഒന്നിച്ച് നിൽക്കണം. വെറുപ്പോടെയല്ല, എന്തെന്നാൽ അത് നമ്മുടെ രീതിയല്ല. സ്നേഹത്തോടെ നിൽക്കണം. എനിക്കറിയാം നമ്മൾ സ്നേഹത്തോടെ നിൽക്കുകയാണെങ്കിൽ, സ്നേഹത്തോടെ സംസാരിക്കുകയാണെങ്കിൽ വിജയം നമുക്ക് സുനിശ്ചിതമായിരിക്കും. അതോടൊപ്പം അവരുടെ ചിന്താഗതിയെ തോൽപ്പിക്കുക മാത്രമല്ല; അത്തരം ചിന്താഗതികൾ അവരുടെ ഉള്ളിൽ നിന്ന് തന്നെ എടുത്ത് കളയാനും സഹായിക്കും. അങ്ങനെ നിങ്ങൾ, ഈ രാജ്യത്തിലെ ജനങ്ങൾ ഞങ്ങളെ അംഗീകരിച്ച്കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ പരിശ്രമമെന്തെന്നാൽ ബിജെപി കാണിച്ചുതന്ന രാഷ്ട്രീയ മാർഗ്ഗത്തിനു ബദലായി സ്നേഹത്തിന്റെ, ഹിന്ദുസ്ഥാനിന്റെ മറ്റൊരു മാർഗ്ഗം രാജ്യത്തിന് കാണിച്ചു കൊടുക്കാനാണ്; രാജ്യത്തെ ഓർമ്മിപ്പിക്കാനും.

ഹിന്ദുസ്ഥാൻ സ്നേഹത്തിന്റെ രാജ്യമാണ്, വിശിഷ്ടമായ രാജ്യമാണ്, സാഹോദര്യത്തിന്റെ രാജ്യമാണ്.

ഞാൻ പറഞ്ഞു വന്നത് ഇതൊരു ചെറിയ കാൽവെയ്പ്പ് മാത്രമാണ്; വലുതല്ല. വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കാനാണ് ശ്രമിച്ചത്.

നന്ദി,

ജയ് ഹിന്ദ്

(പരിഭാഷ: അനൂപ്)

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT