പുഴു സിനിമ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന ആരോപണവുമായി രാഹുല്‍ ഈശ്വര്‍. സിനിമയില്‍ എല്ലാ അഭിനേതാക്കളും നല്ല രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ ബ്രാഹ്മണ സമുദായം മുഴുവന്‍ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു.
'എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ഗോഡ്‌സെ ഒരു തീവ്ര ബ്രാഹ്മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണ്. ഗോഡ്‌സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. എന്നാല്‍ പുഴു സിനിമ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ', രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
സിനിമയിലെ ഒരു രംഗം ദളിത്, പിന്നോക്ക വിഭാഗ സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണ് കാണിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 'പുഴുവില്‍ ഒരു രംഗമുണ്ട്. അതില്‍ കഥാപാത്രം പറയുന്നത് വേണമെങ്കില്‍ എസ്.സി, എസ്.ടി ആക്ടിന്റെ പേരില്‍ ഒരു കേസ് കൊടുക്കാമെന്നാണ്. അതായത് വേണമെങ്കില്‍ ഞാനൊരു കള്ളക്കേസ് ഫയല്‍ ചെയ്യാമെന്ന്.
ഇദ്ദേഹത്തിന്റെയും പാര്‍വതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസര്‍ സംസാരിക്കുമ്പോള്‍ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോഗവുമാണെന്നും നമ്മള്‍ മറക്കരുത്. മമ്മൂട്ടി ഗംഭീരമായി അഭിനയിച്ചു. പക്ഷെ ബ്രാഹ്മണിക്കല്‍ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല', രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഞാന്‍ വേറൊരു ജാതിയില്‍ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ചില എതിര്‍പ്പുകളും കാര്യങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ടെന്നത് ശരി. എന്റെ അടുത്ത സുഹൃത്ത് മുസ്‌ലിമാണ്. അദ്ദേഹം കല്യാണം കഴിക്കുന്നത് ബ്രാഹ്മണ പെണ്‍കുട്ടിയെയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത്. ചിലപ്പോള്‍ തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലും ചില സ്ഥലങ്ങളില്‍ ദുരഭിമാനക്കൊല ഉണ്ടായിട്ടുണ്ടാവും. കേരളത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണന്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. പക്ഷെ സിനിമ നല്ലതാണെന്നും പാര്‍വതി ഗംഭീരമായിട്ട് അഭിനയിച്ചിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.