നോണ്‍ ഹലാല്‍ കട നടത്തുന്നതിന് വനിതാ സംരംഭകയെ ആക്രമിച്ചുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞതോടെ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍. തുഷാര അജിത്തിന് മര്‍ദ്ദനമേറ്റെന്ന പ്രചരണത്തെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ സംഭവം ട്വീറ്റ് ചെയ്ത് യുവതിക്ക് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പൊലീസ് തന്നെ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് യുവതിയെ ആക്രമിച്ചുവെന്ന പ്രചാരണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ മാപ്പ് പറഞ്ഞത്.
വ്യാജ പ്രചാരണത്തില്‍ വീണുപോയെന്നും ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത നിരവധി സുഹൃത്തുക്കളും വിശ്വസിച്ചെന്നും രാഹുല്‍ പറഞ്ഞു. എല്ലാവരും വസ്തുത മനസിലാക്കുമെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും ക്ഷമ ചോദിക്കുന്നെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതിയുടെ ആരോപണം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ യുവതിയുടെ ഫേസ്ബുക്ക് ലൈവ് വന്‍തോതില്‍ പ്രചരിച്ചിരുന്നു.
ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിന് വനിത സംരംഭകയെ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറിയിച്ചിരുന്നു. ഇന്‍ഫോപാര്‍ക്കിന് സമീപം നിലംപതിഞ്ഞിമുകളില്‍ 'പാനിപ്പൂരി' സ്റ്റാള്‍ നടത്തുന്ന യുവാക്കളെ ദമ്പതിമാരായ തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ് പറഞ്ഞു
സംഭവത്തിന് പിന്നാലെ തുഷാര ലൈവില്‍ വന്ന് തന്നെ കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ജിഹാദികള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ വിഷയം ഏറ്റെടുത്തത്.
നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി തുഷാരയുടെ നേതൃത്വത്തില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെ അന്വേഷണത്തില്‍ അജിത്തും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സംഘടിതമായ ആക്രമണമാണ് ഇതെന്ന് കണ്ടെത്തി.
തുഷാരയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെയും, തങ്ങളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന യുവാക്കളുടെ പരാതിയില്‍ തുഷാരക്കും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിനോജ് ജോര്‍ജ് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്. തുഷാരയുടെ ഭര്‍ത്താവ് അജിത്ത് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകകേസിലുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടുപ്രതിയായ അപ്പുവിനെതിരെയും നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.