സുഹൃത്തുക്കളുടെ കല്യാണ റാഗിങ്ങിനിരയായ വരനും വധുവും ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് കൊയിലാണ്ടിയിലെ ഉള്‍മേഖലയില്‍ നടന്ന വിവാഹത്തിനിടെയാണ് സംഭവം. വിവാഹച്ചടങ്ങിന് ശേഷം ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായി വരനേയും വധുവിനേയും കാന്താരി മുളക് അരച്ചുകലക്കിയ വെള്ളം കുടിപ്പിക്കുകയായിരുന്നു. വൈകാതെ തന്നെ ഇരുവര്‍ക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് വിവാഹവേഷത്തില്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
കൊയിലാണ്ടി പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടേയും മൊഴിയെടുത്തു. തങ്ങള്‍ക്ക് പരാതിയില്ലെന്ന് വരനും വധുവും എഴുതിക്കൊടുത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
കേരളത്തിന്റെ പല മേഖലകളിലും വ്യാപകമായുള്ള കല്യാണറാഗിങ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. ചടങ്ങിന് ശേഷം ഭക്ഷണം നല്‍കാതിരിക്കുക, വരനേയും വധുവിനേയും കിലോമീറ്ററുകള്‍ നടത്തിക്കുക, ജെസിബിയുടെ മണ്ണുമാന്തി ഭാഗത്ത് ഇരുത്തിക്കൊണ്ടുപോകുക, വേഷം കെട്ടിക്കുക, രാത്രി ഉറങ്ങാന്‍ അനുവദിക്കാതെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയോ പടക്കം പൊട്ടിക്കുകയോ ചെയ്യുക, വധുവിനേക്കൊണ്ട് തേങ്ങ ചെരകിക്കുക, കരിപാത്രങ്ങള്‍ കഴുകിപ്പിക്കുക, വരന്റെ ദേഹത്ത് ഭക്ഷണാവശിഷ്ടങ്ങള്‍ കലക്കിയൊഴിക്കുക, ബെഡ്‌റൂമിന്റെ ജനല്‍പാളികള്‍ അഴിച്ചെടുക്കുക തുടങ്ങിയ പ്രവൃത്തികള്‍ കല്യാണ റാഗിങ്ങിന്റെ ഭാഗമായി വരന്റെ സുഹൃത്തുക്കള്‍ നടത്താറുണ്ട്. കല്യാണ റാഗിങ്ങിന്റെ വീഡിയോകള്‍ വാട്‌സാപ്പില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടാറുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം