വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വികെ ഷൈലമോള്‍ക്കെതിരെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് നടപടിയെടുത്തത്. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ ലഭിച്ചതില്‍ മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥരെ ശകാരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിര്‍മ്മാണത്തില്‍ നിലവാരക്കുറവുണ്ടായെന്നും മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച്ചവരുത്തിയെന്നും പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
രണ്ടാം ഘട്ട റിപ്പോര്‍ട്ടായിരുന്നു ഉദ്യോഗസ്ഥ നല്‍കിയിരുന്നത്. കോതമംഗലം എം എ എഞ്ചിനീയറിങ് കോളേജിലെ വിദഗ്ധര്‍ പാലം നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടോ എന്ന് സ്വതന്ത്രാന്വേഷണം നടത്തി മൂന്നാം ഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിര്‍മ്മാണത്തില്‍ കുഴപ്പമില്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍. എഎക്‌സ്ഇ ആയ ഉദ്യോഗസ്ഥ ചട്ടങ്ങള്‍ ലംഘിച്ച് വിജിലന്‍സ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് ക്രമവിരുദ്ധമാണ്, രണ്ടാം ഘട്ട റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നീ കാര്യങ്ങള്‍ ആരോപിച്ചാണ് സസ്‌പെന്‍ഷന്‍.
മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തുന്നതായി ആരോപണം ഉയര്‍ന്നതിനേത്തുടര്‍ന്ന് പിഡബ്ലിയുഡി വിജിലന്‍സ് ഓഫീസര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കോണ്‍ക്രീറ്റ് നടക്കുന്ന സമയത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥലത്ത് ഉണ്ടാകാറില്ലെന്ന് കണ്ടെത്തി. കോണ്‍ക്രീറ്റ് മിക്‌സിംഗ് കൃത്യമാണോയെന്ന് ഉറപ്പുവരുത്തുകയാണ് ഇദ്ദേഹത്തിന്റെ ചുമതല. കരാറുകാരുടെ സൂപ്പര്‍വൈസര്‍മാര്‍ക്ക് പരിചയ സമ്പത്ത് കുറവാണെന്നും പരിശോധനയില്‍ തെളിഞ്ഞു.
കഴിഞ്ഞ മാസം പകുതിയോടെ ചെയ്ത ഗര്‍ഡര്‍, ഡെക്ക്, സ്ലാബ് എന്നിവയുടെ കോണ്‍ക്രീറ്റ് സാംപിള്‍ പരിശോധിച്ചതിന്റെ ഫലം തൃപ്തികരമല്ലെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തുകയുണ്ടായി. ഈ മാസം ശേഖരിച്ച സാംപിളുകളുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.