സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചുവരികയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു. രാത്രി വൈകിയും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. സമ്മിശ്ര പ്രതികരണമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയുണ്ടായത്. പബ്ബ് എന്നാല്‍ എന്താണെന്ന് വ്യക്തമായി ധാരണയില്ലാതെയാണ് പലരും വിഷയത്തോട് പ്രതികരിച്ചത്. ചിലര്‍ മദ്യത്തോടൊപ്പം ഡിജെയും ലേസറുമൊക്കെയുള്ള ഡാന്‍സ് ക്ലബ്ബായി പബ്ബുകളെ തെറ്റിദ്ധരിച്ചു. ഇതിനിടെ പബ്ബുകളേക്കുറിച്ചുള്ള കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് സി പിള്ള എന്ന ഫേസ്ബുക്ക് യൂസര്‍.
നിയന്ത്രണങ്ങളുള്ള പബ്ബ് പോരാ നൃത്തം ചെയ്യാനും സംഗീതം ആസ്വദിക്കാനും പറ്റുന്ന നൈറ്റ് ക്ലബ്ബ് വേണമെന്നാണ് ചിലരുടെ അഭിപ്രായം.
പബ് എന്നാല്‍ പബ്ലിക് ഹൗസ്
“പബ് എന്നാല്‍ 'പബ്ലിക് ഹൌസ്' എന്നാണ് ഇംഗ്ലീഷില്‍. ചുരുക്കി പറഞ്ഞാല്‍ ഒരു 'സോഷ്യല്‍ ഡ്രിങ്കിങ് പ്ലേസ്'. ഇനി സോഷ്യല്‍ ഡ്രിങ്കര്‍ എന്ന് പറഞ്ഞാല്‍ 'വിശേഷാവസരങ്ങളില്‍മാത്രം മദ്യപിക്കുന്ന വ്യക്തി' അല്ലെങ്കില്‍ 'സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുവാന്‍ വല്ലപ്പോളും മദ്യപിക്കുന്ന വ്യക്തി' എന്നാണ് അര്‍ഥം.
അല്ലാതെ കുടിച്ചു, കൂത്താടി ബഹളം ഉണ്ടാക്കുന്ന സ്ഥലം അല്ല, പബ്ബ്. സുഹൃത്തുക്കളുമായി സംസാരിക്കുവാനും, അതിന്റെ കൂടെ വേണമെങ്കില്‍ ഒന്നോ രണ്ടോ ബിയര്‍/ മദ്യം അകത്താക്കാനും ഉള്ള സ്ഥലമാണ് പബ്. എല്ലാവരും കുടിക്കണം എന്നും ഇല്ല. ആല്‍ക്കഹോള്‍ കഴിക്കാത്തവര്‍ ചിലര്‍, മിനറല്‍ വാട്ടറും, സോഡയും കുടിക്കും. പബ്ബുകളില്‍ ഒക്കെ ബഹളം ഉണ്ടാക്കുന്നവരെ പുറത്തു കളയാന്‍ 'ബൗണ്‍സര്‍' (സെക്യൂരിറ്റി ഗാര്‍ഡ്) മാരുണ്ടാവും.
ഇംഗ്ലീഷ്, ഐറിഷ് സംസ്‌കാരത്തിന്റെ ഭാഗമാണ് പബ്. ഐറിഷ് പബ്ബുകളില്‍ പോയാല്‍ നല്ല സംഗീതവും ആസ്വദിക്കാം. മുഖ്യമന്ത്രി പറഞ്ഞത് 'പബ്' അല്ലെങ്കില്‍ 'പബ്ലിക് ഹൌസ്' തുടങ്ങുന്നതിനെ പറ്റിയാണ്. പബ്ബ് എന്ന് കേട്ടപ്പോള്‍ ഇന്ന് മദ്യക്കുപ്പികളും ആയി നൃത്തം വയ്ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതിയത്. ഡാന്‍സ് ചെയ്യുന്ന സ്ഥലം 'നൈറ്റ് ക്ലബ്' ആണ്.”
സുരേഷ് സി പിള്ള
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം