എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് പി.എസ്. പ്രശാന്ത്. കെ.സി. വേണുഗോപാല്‍ കോണ്‍ഗ്രസിലെ ബി.ജെ.പി ഏജന്റാണെന്ന് സംശയമുണ്ടെന്നാണ് പ്രശാന്തിന്റെ ആരോപണം.
കെ.സി. വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയകരമാണ്. വേണുഗോപാല്‍ സ്വീകരിച്ച നടപടികളാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രശാന്ത്. ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ തര്‍ക്കം രൂക്ഷമായ പാര്‍ട്ടിയില്‍ തിരുവനന്തപുരം ഡി.സി.സി അധ്യക്ഷനായി തെരഞ്ഞെടുത്ത പാലോട് രവിയ്‌ക്കെതിരെ പ്രശാന്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.സി. വേണുഗോപാലിനെതിരെയും ആരോപണമുന്നയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയായ തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി ശ്രമിച്ചുവെന്നാണ് പ്രശാന്ത് ആരോപണമുന്നയിച്ചത്. പാലോട് രവിയെ ഡി.സി.സി അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി വിടുന്ന കാര്യം ആലോചിക്കുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.